തിരുവനന്തപുരം: പട്ടികജാതി-വർഗ ഫണ്ട് വെട്ടിക്കുറച്ചതിനെ ചൊല്ലിയുള്ള ചർച്ചയിൽ നിയസഭയിൽ ബഹളം. പ്രതിപക്ഷത്തുനിന്ന് എ.പി. അനിൽകുമാർ കൊണ്ടുവന്ന നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് വാക്കൗട്ട് പ്രസംഗം നടത്തുന്നതിനിടെ, സ്പീക്കർ ഇടപെട്ടെന്നാരോപിച്ച് പ്രതിപക്ഷം ഒന്നടങ്കം നടുത്തളത്തിലിറങ്ങി. പിന്നാലെ, ഭരണപക്ഷവും ബഹളംവെച്ചതോടെ വയോജന ഭേദഗതി ബില്ലും വിവിധ ഉപധനാഭ്യർഥന ബില്ലുകളും ചർച്ച കൂടാതെ പാസാക്കി നടപടികൾ പൂർത്തിയാക്കി സഭ നേരത്തേ പിരിഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ പ്രസംഗം ഒമ്പത് മിനിറ്റ് പിന്നിട്ടപ്പോഴാണ് അവസാനിപ്പിക്കാൻ സ്പീക്കർ നിർദേശിച്ചത്. നിർദേശം ആവർത്തിച്ചപ്പോൾ, തന്നെ തടസ്സപ്പെടുത്തി സഭ നടത്തിക്കൊണ്ടുപോകാമെന്ന് കരുതേണ്ടെന്നായി വി.ഡി. സതീശൻ. ആവശ്യത്തിന് സമയം അനുവദിച്ചെന്ന സ്പീക്കറുടെ മറുപടിക്ക് അത് ഔദാര്യമല്ലെന്ന് പ്രതിപക്ഷ നേതാവിന്റെ തിരിച്ചടി. ഔദാര്യത്തിന്റെ പ്രശ്നമില്ലെന്ന് സ്പീക്കർ പ്രതികരിച്ചതോടെ, പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി. അംഗങ്ങളെ തിരിച്ചുവിളിക്കാനുള്ള സ്പീക്കറുടെ അഭ്യർഥന പ്രതിപക്ഷ നേതാവ് തള്ളിയതോടെ സ്പീക്കർ സഭാ നടപടികളുമായി മുന്നോട്ടുനീങ്ങി. പ്രതിപക്ഷ ബഹളത്തിനിടെയാണ് തുടർനടപടികൾ പൂർത്തിയാക്കിയത്.
ചരിത്രത്തിലില്ലാത്തവിധമാണ് പട്ടികജാതി-വർഗ ഫണ്ട് പിണറായി സർക്കാർ വെട്ടിക്കുറച്ചതെന്ന് എ.പി. അനിൽകുമാർ ചൂണ്ടിക്കാട്ടി. പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതത്തെക്കാൾ വലിയ തുകയാണ് സംസ്ഥാനം വകയിരുത്തിയതെന്നും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്രപോലുമില്ലെന്നും മന്ത്രി ഒ.ആർ. കേളു മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.