50 ലക്ഷം രൂപയുടെ കാർ വാങ്ങി നൽകാത്തതിന് മാതാപിതാക്കളെ ആക്രമിക്കുന്നതിനിടെ അച്ഛന്‍റെ അടിയേറ്റ മകൻ മരിച്ചു

തിരുവനന്തപുരം: 50 ലക്ഷം രൂപയുടെ കാർ വാങ്ങി നൽകാത്തതിന് മാതാപിതാക്കളെ സ്ഥിരം ആക്രമിക്കുന്ന മകൻ പിതാവിന്‍റെ അടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. വഞ്ചിയൂർ കുന്നുംപുറം തോപ്പിൽ നഗർ പൗർണമിയിൽ ഹൃദ്ദിക്കാണ് (28) മരിച്ചത്.

കഴിഞ്ഞമാസം ഒമ്പതിനായിരുന്നു സംഭവം. നേരത്തെ മകന്റെ വാശിയെ തുടർന്ന് വീട്ടുകാർ വായ്‌പയെടുത്ത് 12 ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി നൽകിയിരുന്നു. എന്നാൽ, തന്‍റെ ജന്മദിനത്തിനുമുമ്പ് 50 ലക്ഷത്തിന്‍റെ കാർ കൂടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഹൃദ്ദിക് മാതാപിതാക്കളോട് തർക്കിച്ചത്. പണം ആവശ്യപ്പെട്ട് ഹൃദ്ദിക് അച്ഛനെ വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇതോടെ വിനയാനന്ദൻ മകനെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് ഇന്നലെ രാവിലെയാണ് മരിച്ചത്‌. വഞ്ചിയൂരിൽ കുടുംബം വാടകയ്ക്കാണ് താമസിച്ചിരുന്നത്. പോസ്റ്റ്‌മോർട്ടത്തിനുശേഷം കാലടിയിലെ കുടുംബവീട്ടിൽ എത്തിച്ച ഹൃദ്ദിക്കിന്‍റെ മൃതദേഹം സംസ്‌കരിച്ചു.

വിനയാനന്ദനെ വഞ്ചിയൂർ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു. വിനയാനന്ദനെതിരെ കൊലക്കുറ്റം ചുമത്തും. കുന്നുംപുറത്ത് കഫെറ്റീരിയ നടത്തുകയാണ് ഇദ്ദേഹം. ബംഗളൂരുവിൽ കാറ്ററിങ് ടെക്‌നോളജി പഠിച്ചിറങ്ങിയ ഹൃദ്ദിക് ഏക മകനായിരുന്നു. അമ്മ: അനുപമ.

ഹൃദ്ദിക് മാതാപിതാക്കളെ ആക്രമിക്കുന്നത് പതിവായിരുന്നുവെന്നും മാനസികപ്രശ്‌നം ഉണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. നാണക്കേട് ഭയന്ന് ഇക്കാര്യം വീട്ടുകാർ പുറത്തറിയിക്കുകയോ മതിയായ ചികിത്സ നൽകുകയോ ചെയ്തില്ലെന്നാണ് സൂചന.

Tags:    
News Summary - son dies after being beaten up by his father while attacking not buying luxury bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.