അറസ്റ്റിലായ ഷൈ​ൻ​കു​മാ​ർ, ജോ​ഷി

സൈനികന്റെ പി.എഫ്.ഐ ‘ചാപ്പ കുത്തൽ’: പൊളിച്ചത് സിനിമാക്കഥയെ വെല്ലുന്ന തിരക്കഥ

കടയ്ക്കൽ: വൻ പ്രത്യാഘാതമുണ്ടാക്കുന്ന ‘ചാപ്പ കുത്തൽ’ കള്ളക്കഥ മെനയാൻ സുഹൃത്തിനെ ഒപ്പം കൂട്ടിയ സൈനികനെ കുടുക്കിയത് സുഹൃത്തിന്റെ തന്നെ മൊഴി. തന്നെ മർദിച്ച് മുതുകിൽ ‘പി.എഫ്.ഐ’ എന്ന് ചാപ്പ കുത്തിയെന്ന് പൊലീസിൽ പരാതി നൽകിയ സൈനികൻ െകാല്ലം കടയ്ക്കൽ ചാണപ്പാറ സ്വദേശി ഷൈൻകുമാറിന്റെ സുഹൃത്ത് ജോഷിയെ ചോദ്യം ചെയ്തപ്പോളാണ് ഗൂഢാലോചന പൊളിഞ്ഞത്. ഒടുവിൽ ഷൈൻകുമാറും സുഹൃത്ത് ജോഷിയും പിടിയിലാവുകയും ചെയ്തു. ഷൈനിന്റെ നിർദേശപ്രകാരമാണ് ചാപ്പ പതിക്കൽ കഥ ഉണ്ടാക്കിയതെന്ന് ജോഷി തുറന്ന് പറയുകയായിരുന്നു.

സുഹൃത്തിന് പണം കൊടുക്കാനായി പോകവെ ചാണപ്പാറക്കും മുക്കടക്കും ഇടയിലെ ആളൊഴിഞ്ഞ വഴിയിൽവെച്ച് ചിലർ ആക്രമിച്ച് വസ്ത്രം വലിച്ചുകീറി മുതുകത്ത് എന്തോ ചാപ്പ കുത്തിയെന്നായിരുന്നു പരാതി. സുഹൃത്തിനെ വിളിച്ചുവരുത്തിയപ്പോഴാണ് പി.എഫ്.ഐ എന്ന് എഴുതിയതാണെന്ന് മനസ്സിലായതെന്നും പരാതിയിലുണ്ടായിരുന്നു.

കടയ്ക്കൽ താലൂക്കാശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജിലും ഷൈനിനെ പ്രവേശിപ്പിച്ചുവെങ്കിലും മർദനമേറ്റതിന്റെ ലക്ഷണമൊന്നുമുണ്ടായിരുന്നില്ല. പരാതിയിൽ പൊരുത്തക്കേടുകളുള്ളതിനാൽ പൊലീസ് വിശദമായിതന്നെ അന്വേഷണം നടത്തി.

സംഭവസ്ഥലത്ത് പരിശോധന നടത്തിയ പൊലീസിന് അവിടെ മർദനം നടന്നതിന്റെ ലക്ഷണമൊന്നും കണ്ടെത്താനായില്ല.

ഷൈനിനെ വീണ്ടും ചോദ്യം ചെയ്തെങ്കിലും ഇയാൾ പരാതിയിൽ ഉറച്ചുനിന്നു. തുടർന്ന് സുഹൃത്ത് ജോഷിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.

അവസാനം വരെ ഷൈൻ കുമാർ മൊഴിയിൽ ഉറച്ചുനിന്നു

സിനിമാക്കഥയെ വെല്ലുന്ന തിരക്കഥയാണ് കടയ്ക്കലിൽ പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിൽ പൊളിഞ്ഞത്. ഞായറാഴ്ച അർധരാത്രി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ മുതൽ അറസ്റ്റിലാകും വരെ വ്യാജ പരാതി നൽകിയ സൈനികൻ ഷൈൻ കുമാർ തന്റെ മൊഴിയിൽ ഉറച്ചുനിൽക്കുകയായിരുന്നു. കൂട്ടു പ്രതി ചോദ്യം ചെയ്യലിൽ സത്യം തുറന്നുപറഞ്ഞതോടെയാണ് മാസങ്ങൾ നീണ്ട ഗൂഢാലോചനയിൽ രൂപപ്പെട്ട ‘തിരക്കഥ’ പൊട്ടിയത്.

‘ഓണാഘോഷത്തില്‍ പങ്കെടുത്ത് സുഹൃത്തിന്‍റെ വീട്ടിൽ പോയി മടങ്ങുംവഴി മുക്കട ചാണപ്പാറ റോഡിനു സമീപം റബർ തോട്ടത്തിലെത്തിയപ്പോൾ സുഹൃത്ത് മദ്യപിച്ച് അബോധാവസ്ഥയില്‍ കിടക്കുന്നെന്നുപറഞ്ഞ് രണ്ടുപേര്‍ തടഞ്ഞുനിര്‍ത്തി. നോക്കാൻ പോയപ്പോൾ ഇതിൽ ഒരാൾ പിന്നിൽ നിന്ന് ചവിട്ടിവീഴ്ത്തി. കൈകളും വായും പായ്ക്കിങ് ടേപ് ഉപയോഗിച്ച് ബന്ധിച്ച് ടീ ഷര്‍ട്ട് കീറി. മുതുകില്‍ പി.എഫ്.ഐയുടെ പേര് പച്ച പെയിന്‍റ് ഉപയോഗിച്ച് എഴുതി. ആറംഗസംഘം ആക്രമണത്തിനു ശേഷം കടന്നുകളഞ്ഞു’- ഇതായിരുന്നു ഷൈന്‍ കുമാറിന്‍റെ പരാതിയിലുണ്ടായിരുന്നത്.

വാര്‍ത്ത വലിയ കോളിളക്കമാണ് സൃഷ്‌ടിച്ചത്. ദേശീയ മാധ്യമവാര്‍ത്തകള്‍ക്കുപുറമെ, നിരവധി പ്രമുഖരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും ഇത് സംബന്ധിച്ച് വന്നിരുന്നു. സംഭവത്തിൽ മിലിറ്ററി ഇന്റലിജൻസും ഐ.ബിയുമുൾപ്പെടെ അന്വേഷണം നടത്തിയിരുന്നു. 

Tags:    
News Summary - Soldier, friend arrested in kadakkal, kollam, kerala for fabricating pfi stamping complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.