തിരുവനന്തപുരം: സംസ്ഥാനത്തെ സോളാർ വൈദ്യുതോൽപാദന രംഗത്ത് നിർണായക മാറ്റങ്ങൾ നിർദേശിക്കുന്ന പുനരുപയോഗ ഊർജ ചട്ടഭേദഗതിയുടെ കരടിൽ പരിഗണനാർഹമായ നിർദേശങ്ങൾ ഉൾപ്പെടുത്തുമെന്ന് വൈദ്യുതി റഗുലേറ്ററി കമീഷൻ. പുതിയ ചട്ടം നിലവിൽവരുന്നതുമൂലം സോളാർ രംഗത്തുള്ള ഒരു സംരംഭകനും അവസരങ്ങൾ നഷ്ടമാവുകയോ തൊഴിൽ നഷ്ടപ്പെടുകയോ ഇല്ലെന്നും കമീഷൻ ചെയർമാൻ ടി.കെ. ജോസ് വ്യക്താക്കി.
ചട്ടഭേദഗതിയുടെ കരട് സംബന്ധിച്ച് 16 സെഷനുകളിലായി നടന്ന ഓൺലൈൻ തെളിവെടുപ്പിന്റെ സമാപനത്തിലാണ് ചെയർമാന്റെ പ്രതികരണം. കരട് ഭേദഗതി അതേപടി അംഗീകരിച്ചല്ല കമീഷൻ അന്തിമചട്ടം പ്രസിദ്ധീകരിക്കുക. ആവശ്യമായ പരിശോധന ഇക്കാര്യത്തിലുണ്ടാവും. അതേസമയം സമൂഹമാധ്യമങ്ങളിലടക്കം തെറ്റായ പ്രചാരണം നടക്കുകയാണ്. കരട് നിയമം വായിച്ച് മനസിലാക്കാത്തവരാണ് ഇത്തരം പ്രതികരണം നടത്തുന്നത്. സമൂഹമാധ്യമങ്ങളിൽ വരുന്നതാണ് സത്യമെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നു.
പുനരുപയോഗ ഊർജ ചട്ടം ഒരോ അഞ്ചുവർഷവും പുനഃപ്രസിദ്ധീകരിക്കേണ്ടതുണ്ട്. കഴിഞ്ഞ ചട്ടത്തിന്റെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് പുതിയത് പുറത്തിറക്കാൻ നടപടി ആരംഭിച്ചത്. തെളിവെടുപ്പ് ഓൺലൈനാക്കിയതോടെ 12,000ത്തിലധികം പേരാണ് ഇത് വീക്ഷിച്ചതെന്നും ചെയർമാൻ പറഞ്ഞു. കമീഷൻ അംഗങ്ങളായ എ.ജെ. വിൽസനും ബി. പ്രദീപും തെളിവെടുപ്പിൽ പങ്കെടുത്തു. സെപ്റ്റംബറിൽ അന്തിമചട്ടം പ്രസിദ്ധീകരിച്ച് ഒക്ടോബർ മുതൽ പുതിയ ബില്ലിങ് രീതി കൊണ്ടുവരാനാണ് കമീഷൻ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.