1 കെ. കരുണാകരൻ, 2 കലാഭവൻ മണിയും നാദിർഷായും

‘മന്ത്രിയേ പയ്യെപ്പോ.. പയ്യെപ്പോ മന്ത്രിയേ..’; അന്ന് മുഖ്യമന്ത്രി കരുണാകരനെ പരിഹസിച്ച് ഭക്തിഗാന ശൈലിയിൽ പാരഡി; സി.പി.എം വിമർശനത്തിനിടെ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പും കഴിഞ്ഞ് ഫലവും വന്നുവെങ്കിലും ആഘോഷ റാലികളിലും സാമൂഹിക മാധ്യമങ്ങളിലും ഇപ്പോൾ ഒരു ഗാനമാണ് തരംഗം. തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ ​കോൺഗ്രസും ലീഗും ബി.ജെ.പിയും ഒരുപോലെ ഉപയോഗിച്ച ‘പോറ്റിയേ, കേറ്റിയേ..’ എന്ന് തുടങ്ങുന്ന ശബരിമല സ്വർണകൊള്ള വിഷയമായ രാഷ്ട്രീയ ആക്ഷേപ ഹാസ്യ ഗാനം ഫലം വന്നതിനു പിന്നാലെ വൻ ഹിറ്റായി മാറി. നാടൊട്ടുക്കും ​ആഘോഷ റാലികൾ കൈയടക്കിയ ഗാനം, പാർലമെന്റ് കവാടത്തിലെ യു.ഡി.എഫ് സമര വേദിയിലും എത്തിയതോടെ ദേശീയ ശ്രദ്ധയിലേക്കുമെത്തിയപ്പോൾ ചൊറിയുന്നത് ഇടത് ​​കേന്ദ്രങ്ങളിലാണ്.

‘പോറ്റിയേ, കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ..’ എന്ന് തുടങ്ങി ‘സ്വർണം കട്ടവനാരപ്പാ.. സഖാക്ക​ളാണെ അയ്യപ്പാ..’ എന്നിങ്ങനെ നീണ്ടുപോകുന്ന വരികൾ സാമൂഹിക മാധ്യമങ്ങളിലും ജനങ്ങളുടെ നാവിൻതുമ്പിൽ മൂളുന്ന ഈരടിയുമായി മാറുമ്പോൾ രാഷ്ട്രീയ എതിരാളികളാണ് പ്രകോപിതരാവുന്നത്.

കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിൽ രാജ്യസഭ അംഗവും സി.പി.എം നേതാവുമായ എ.എ റഹീം എം.പി വിമർശനവുമായി രംഗത്തെത്തി. തെരഞ്ഞെടുപ്പിലുടനീളം ഇടതുപക്ഷം ക്ഷേമവും പെൻഷനും പറയാൻ ശ്രമിച്ചപ്പോൾ, കോൺഗ്രസ് ശ്രമിച്ചത് വിശ്വാസമായിരുന്നുവെന്നായിരുന്നു റഹീമിന്റെ പരാതി. സ്വർണപാളിയുമായി ബന്ധപ്പെട്ട അയ്യപ്പ പാരഡി ഗാനത്തിനാണ് കോൺഗ്രസ് ഊന്നൽനൽകിയത്. മൈക് അനൗൺസ്മെന്റ് പോലും ശരണം വിളി മന്ത്രങ്ങൾകൊണ്ട് നിറക്കാൻ ശ്രമിച്ചു -റഹീം പറഞ്ഞു.

ശരണമന്ത്രത്തെ ദുരുപയോഗപ്പെടുത്തുന്നതായിരുന്നു ആക്ഷേപ ഗാനമെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം കുറ്റപ്പെടുത്തി. അയ്യപ്പനെ പറ്റിയുള്ള ശരണമന്ത്രത്തെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയിൽ ദുരുപയോഗപ്പെടുത്തുകയാണ്. ഇതിനെതിരെ ഏതെങ്കിലും പരാതി നൽകിയിട്ടുണ്ടെങ്കിൽ ഗൗരവത്തോടെ അന്വേഷിക്കണം. ഏത് മതവിഭാഗത്തിന്റെയും ഭക്തിഗാനങ്ങളെ കുറിച്ച് പാരഡികൾ പാടില്ല. ഇത് മതവികാരത്തെ വ്രണപ്പെടുത്തും. അംഗീകരിക്കാൻ സാധ്യമല്ല -രാജു എബ്രഹാം പറഞ്ഞു.

Full View

പാട്ടിനെതിരെ തിരുവാഭരണ പാത സംരക്ഷണ സമിതി കഴിഞ്ഞ ദിവസം ഡി.ജി.പിക്കും പരാതി നൽകിയിരുന്നു.

നാടൊട്ടുക്ക് വൈറലായ പാട്ടിനെതിരെ കേസും, സി.പി.എം നേതാക്കളുടെ വിമർശനവുമായപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള രാഷ്ട്രീയ ആക്ഷേപ ഹാസ്യ ഗാനമാണിപ്പോൾ പൊങ്ങി വരുന്നത്. 1994കളിൽ കെ കരുണാകരൻ കേരളമുഖ്യമന്ത്രിയായിരിക്കെയായിരുന്നു മറ്റൊരു അയ്യപ്പ ഭക്തിഗാനത്തിന്റെ ശൈലിയിൽ രാഷ്ട്രീയ ആക്ഷേപ ഹാസ്യ ഗാനമിറക്കിയത്. ​ദിലീപ്, നാദിർഷ നേതൃത്വത്തിൽ പുറത്തിറക്കിയ ​‘ദേ മാവേലികൊമ്പത്ത്’ എന്ന ഹാസ്യ കാസറ്റ് പരമ്പരയിലായിരുന്നു കെ. കരുണാകരനെ പരിഹസിച്ചുകൊണ്ട് അയ്യപ്പ ഭക്തിഗാന ശൈലിയിൽ അന്ന് പാരഡി ഗാനമിറങ്ങിയത്.

നിരത്തിലൂടെ മുഖ്യമന്ത്രി- മന്ത്രിമാരുടെയും പരിവാരങ്ങളുടെയും അതിവേഗ യാത്രയെ പരിഹസിക്കുന്ന ഗാനം എല്ലാവരും ഏറ്റെടുത്തു. കാസറ്റിലെ ഗാനം കേരളത്തിലങ്ങോളം വിവിധ വേദികളിലും നിറഞ്ഞോടി.

‘മന്ത്രിക്കേറെ, സ്പീഡിൽ പോണം.. മന്ത്രിക്കാറ് ​ൈഫ്ലറ്റിന് തുല്ല്യം. മന്ത്രിയേ പയ്യെപ്പോ, പയ്യെപ്പോ മന്ത്രിയേ...’ എന്ന വരികൾ ‘സ്വാമിയേ.. അയ്യപ്പോ..’ എന്ന ഈണത്തിലായിരുന്നു ആലപിച്ചത്.

​കഴിഞ്ഞ ദിവസങ്ങളിൽ ‘​പോ​റ്റിയേ കേറ്റിയേ..’ പാട്ട് വിവാദത്തിലായതോടെ യൂട്യൂബിൽ നിന്നും പഴയ പാട്ടും സാമൂഹിക മാധ്യമങ്ങൾ പൊക്കിയെടുത്തു. കലാഭവൻ മണിയും നാദിർഷായും ചേർന്ന് സ്റ്റേജ് ഷോയിൽ പാടി, 11 വർഷം മുമ്പ് കൈരളി ടി.വി യൂട്യൂബ് പേജിൽ പോസ്റ്റ് ചെയ്തതാണ് ഇപ്പോൾ കുത്തിപ്പൊക്കി പ്രചരിപ്പിക്കുന്നത്. ഭക്തിഗാന ശൈലിയിലെ രാഷ്ട്രീയ ആക്ഷേപ ഹാസ്യങ്ങൾ മതവികാര​ങ്ങളെ വ്രണപ്പെടുത്തുമെന്ന് സി.പി.എം നേതാക്കളുടെ വിമർശനത്തിനിടെയാണ് പഴയ പാട്ടും നെറ്റിസൺ ഓർമയിലെത്തിക്കുന്നത്.

വൈറൽ ഗാനം എഴുതിയത് പ്രവാസി മലയാളി

നാല് പതിറ്റാണ്ടായി ഖത്തർ പ്രവാസിയായ കോഴിക്കോട് നാദാപുരം സ്വദേശി ജി.പി. കുഞ്ഞബ്ദുല്ല ചലപ്പുറമാണ് ‘പോറ്റിയേ കേറ്റിയേ, സ്വർണം ചെമ്പായി മാറ്റിയേ’... എന്ന പാട്ടിന്റെ വരികൾ എഴുതിയത്. അദ്ദേഹം എഴുതിയ വരികൾ, നാട്ടിലെ സുഹൃത്തായ ഹനീഫ മുടിക്കോട്ടിന് അയച്ചു നൽകുകയായിരുന്നു. ഡാനിഷ് ആണ് ആദ്യം മ്യൂസിക് ചെയ്തിരുന്നത്. തുടർന്ന് സി.എം.എസ് മീഡിയയുടെ ഉടമയായ സുബൈർ പന്തല്ലൂരുമായി ബന്ധപ്പെട്ട് പാരഡി ഗാനം പുറത്തിറക്കുകയായിരുന്നു. നാസർ കൂട്ടിലങ്ങാടിയാണ് ഡബ് ചെയ്തത്. പുറത്തിറങ്ങിയതോടെ പാട്ട് നാട്ടിലെങ്ങും ഹിറ്റായി. 

Tags:    
News Summary - Social media revives old satirical song amid criticism of CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.