മന്ത്രി എ.പി. അനില്‍ കുമാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മണിക്കൂറുകളില്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ലെന്ന് റവന്യൂ മന്ത്രി എ.പി. അനില്‍ കുമാര്‍. രാത്രിയുടനീളം ഉദ്യോഗസ്ഥരും സര്‍ക്കാരും സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണ്. ഇപ്പോഴും മഴയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. മഴ ശമിച്ചിട്ടില്ലെങ്കിലും പൊതുവില്‍ ആശ്വാസമാണ് ഉള്ളത്. പ്രയാസങ്ങളില്ലാതെയാണ് പോയതെന്നും വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അണക്കെട്ടുകളുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ട. ഇതേ സമയത്ത് ലഭിക്കുന്ന ജലനിരപ്പിനും താഴെ മാത്രമാണ് ജലം ലഭിച്ചത്.
അണക്കെട്ടുകളിൽ ആശങ്കപ്പെടേണ്ട രീതിയിൽ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. അണക്കെട്ടുകളിലെ ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നൊരുക്കങ്ങളുടെ ഭാഗമായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയെന്നും കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേരെ ക്യാമ്പിലാക്കിയെന്നും മന്ത്രി പറഞ്ഞു. കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയാലും ക്യാമ്പുകളിലേക്ക് മാറാന്‍ ഇപ്പോഴും കുറച്ച് പേര്‍ വിമുഖത കാണിക്കുന്നുണ്ട്. അപകടമെന്ന് കണ്ടാല്‍ ഇവരെ മാറ്റാന്‍ ഫോഴ്‌സുപയോഗിക്കാന്‍ വരെ നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിര്‍ദേശമാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, റവന്യൂ വകുപ്പ് കുറച്ചുകൂടി കാര്യക്ഷമമായി ഇടപെടണമെന്നും ആറന്മുളയിലേക്ക് കൂടുതൽ സർക്കാർ സഹായം വേണമെന്ന് അബിൻ വർക്കി. അപ്രതീക്ഷിതമായ ദുരന്തത്തിലാണ് ആറന്മുളയിലുണ്ടായത്. റാന്നിയിൽ കയറിയ വെള്ളം മുഴുവൻ ഒഴുകിയെത്തുന്നത് ആറന്മുളയിലേക്കാണ്. റാന്നിയിൽ കുറയുന്നതിനനുസരിച്ച് ആറന്മുളയിൽ വെള്ളം കൂടും. ആറന്മുള നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ വലിയ ദുരന്തമാണ് ഉണ്ടായത്.
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ രാവിലെ മൂന്ന് മണിക്കൂർ നേരത്തേക്ക് മാത്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ ന്യൂനമർദ ചാൽ സ്ഥിതി ചെയ്യുന്നുണ്ട്. ഇതാണ് മഴ ശക്തമാക്കാനുള്ള ഒരു കാരണം. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മീൻ പിടിത്തം പാടില്ല. തീരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. നാളെയോടെ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.