കെ.എം ഷാജിയുമായി സഹോദര ബന്ധം, ബിനാമിയല്ല: റേഞ്ച് റോവറിന്റെ ഉടമ
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിയുടെ റേഞ്ച് റോവർ കാർ സംബന്ധിച്ച് രാഷ്ട്രീയ വിവാദം ശക്തമായിരിക്കെ പ്രതികരണവുമായി കാറിന്റെ ഉടമ യഅ്ഖൂബ് തില്ലങ്കേരി. തനിക്ക് കെ.എം. ഷാജിയുമായി സഹോദര ബന്ധമാണുള്ളതെന്നും എന്നാൽ അദ്ദേഹത്തിന്റെ ബിനാമിയല്ലെന്നും യഅ്ഖൂബ് തില്ലങ്കേരി പറഞ്ഞു. വർഷങ്ങളായി കെ.എം. ഷാജിയുമായി നല്ല ബന്ധമാണുള്ളതെന്നും യഅ്ഖൂബ് ‘മീഡിയ വണ്ണിനോട്’ പറഞ്ഞു. ജനപ്രതിനിധിയാകുന്നതിന് മുമ്പും കെ.എം. ഷാജി തന്റെ വാഹനം ഉപയോഗിച്ചിരുന്നുവെന്ന് യഅ്ഖൂബ് പറയുന്നു.
‘അഴീക്കോട് നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാൻ എത്തിയത് മുതൽ കെ.എം. ഷാജിയുമായി അടുത്ത ബന്ധമുണ്ട്. പാർട്ടി ബന്ധമാണ്. അഴീക്കോട് മൂന്നാം തവണ മത്സരിച്ചപ്പോൾ തോറ്റത് മുതൽ വാഹനം കെ.എം. ഷാജി ഉപയോഗിക്കാറുണ്ട്. താൻ സൗദി അറേബ്യയിലേക്ക് വരുമ്പോഴെല്ലാം വാഹനം ഇട്ടിരുന്നത് കെ.എം. ഷാജിയുടെ വീട്ടിലാണ്. ഡീസൽ വാഹനമായതിനാൽ വണ്ടി ഓടിയില്ലെങ്കിലും പ്രയാസമാണ്. വണ്ടിയുടെ ഇൻഷുറൻസും മറ്റ് ചെലവുകളും വഹിക്കുന്നത് താനാണ്. ഇന്ധനം അടിച്ചിരുന്നത് കെ.എം. ഷാജിയാണ്’ - യഅ്ഖൂബ് വിശദീകരിച്ചു.
30 വർഷത്തിലധികമായി റിയാദിൽ വ്യവസായിയാണ് റേഞ്ച് റോവറിന്റെ ഉടമയായ കണ്ണൂർ തില്ലങ്കേരി സ്വദേശിയായ യഅ്ഖൂബ്. കെ.എം. ഷാജിക്ക് വാഹനം നൽകിയത് ഏതെങ്കിലും തരത്തിലുള്ള പ്രതിഫലമോ പരിഗണനയോ പ്രതീക്ഷിച്ചല്ല. സഹോദരതുല്യമായ ബന്ധമാണ്. ആ ബന്ധം ഉപയോഗിച്ചാണ് വാഹനം ഉപയോഗിക്കുന്നത്. ഇതിൽ സത്യപ്രതിജ്ഞാ ലംഘനമൊന്നുമില്ലെന്നും യഅ്ഖൂബ് പറയുന്നു.
സൗദിയിലെ കണ്ണൂർ ജില്ലാ കെ.എം.സി.സി. ഭാരവാഹി കൂടിയാണ് യഅ്ഖൂബ് തില്ലങ്കേരി. സുഹൃത്തിന്റെ വാഹനമാണ് താൻ ഉപയോഗിക്കുന്നതെന്ന് കെ.എം. ഷാജി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, ഷാജിയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന് മുൻ മന്ത്രി കൂടിയായ കെ.ടി. ജലീൽ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.