ചൂടിന് ആശ്വാസമായി മഴയെത്തുന്നു; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: കത്തുന്ന ചൂടിന് ആശ്വാസമായി വിവിധ ജില്ലകളിൽ മഴയെത്തുന്നു. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നാളെ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും തിങ്കളാഴ്ച കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് അധികൃതർ നൽകിയിരിക്കുന്ന മുന്നറിയിപ്പിൽ പറയുന്നത്.
സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ, ജനങ്ങളുടെ സുരക്ഷ മുൻനിർത്തി ദുരന്തനിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥാ വകുപ്പും പ്രധാന ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് താപനില സാധാരണയേക്കാൾ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം (ശരീരത്തിലെ ജലാംശം കുറയുക) തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. പകൽ 11 മണി മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെ നേരിട്ട് ശക്തമായ വെയിൽ കൊള്ളുന്നത് പരമാവധി ഒഴിവാക്കുക. ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് തുടരുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.