വിവാദത്തിനു പിന്നാലെ റേഞ്ച് റോവർ തിരികെ നൽകി കെ.എം. ഷാജി; കണ്ണൂരിൽ ഉടമയുടെ വീട്ടിലെത്തിച്ചു
കോഴിക്കോട്: വിവാദം ശക്തമായതോടെ തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജി റേഞ്ച് റോവർ കാർ ഉടമയ്ക്ക് തിരിച്ചു നൽകി. കാർ ഉടമ യഅ്ഖൂബ് തില്ലങ്കേരിയുടെ കണ്ണൂരിലെ വീട്ടിലെത്തിച്ചു. കെ.എം. ഷാജി ഉപയോഗിച്ച KL 78 A 0009 റേഞ്ച് റോവറാണ് ഉടമയായ തില്ലങ്കേരി സ്വദേശി യാക്കൂബിന് തിരിച്ചേൽപ്പിച്ചത്.
മന്ത്രിയുടെ ഔദ്യോഗിക വാഹനമായി പുറത്തുനിന്ന് വാഹനം ഉപയോഗിക്കുന്നത് പ്രതിപക്ഷം വിവാദമാക്കിയിരുന്നു. മന്ത്രി കെ.എം. ഷാജിയുടെ റേഞ്ച് റോവർ യാത്ര വിവാദമായതിനെ തുടർന്ന് ആഡംബര വാഹനം തന്റേതല്ലെന്നും സുഹൃത്തിന്റേതാണെന്നും കെ.എം. ഷാജി വ്യക്തമാക്കിയിരുന്നു. സർക്കാർ നൽകിയത് കണ്ടം ചെയ്ത വണ്ടിയായതുകൊണ്ടാണ് നാട്ടിലോടാൻ സുഹൃത്തിന്റെ വണ്ടിയെ ആശ്രയിച്ചതെന്നും സർക്കാരിന്റെ അനുമതിയോടെയാണ് പതിമൂന്നാം നമ്പർ പതിച്ചതെന്നും കെ.എം. ഷാജി പറഞ്ഞിരുന്നു.
എന്നാൽ ഷാജിയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന് മുൻ മന്ത്രി കൂടിയായ കെ.ടി. ജലീൽ ആരോപിച്ചിരുന്നു. രാഷ്ട്രീയ വിവാദം ശക്തമായിരിക്കെ പ്രതികരണവുമായി കാറിന്റെ ഉടമ യഅ്ഖൂബ് തില്ലങ്കേരിയും രംഗത്തെത്തിയിരുന്നു.
തനിക്ക് കെ.എം. ഷാജിയുമായി സഹോദര ബന്ധമാണുള്ളതെന്നും എന്നാൽ അദ്ദേഹത്തിന്റെ ബിനാമിയല്ലെന്നും യഅ്ഖൂബ് തില്ലങ്കേരി പറഞ്ഞു. ജനപ്രതിനിധിയാകുന്നതിന് മുമ്പും കെ.എം. ഷാജി തന്റെ വാഹനം ഉപയോഗിച്ചിരുന്നുവെന്ന് യഅ്ഖൂബ് പറയുന്നു. "അഴീക്കോട് നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാൻ എത്തിയത് മുതൽ കെ.എം. ഷാജിയുമായി അടുത്ത ബന്ധമുണ്ട്. പാർട്ടി ബന്ധമാണ്. അഴീക്കോട് മൂന്നാം തവണ മത്സരിച്ചപ്പോൾ തോറ്റത് മുതൽ വാഹനം കെ.എം. ഷാജി ഉപയോഗിക്കാറുണ്ട്. താൻ സൗദി അറേബ്യയിലേക്ക് പോകുമ്പോഴെല്ലാം വാഹനം ഇട്ടിരുന്നത് കെ.എം. ഷാജിയുടെ വീട്ടിലാണ്. ഡീസൽ വാഹനമായതിനാൽ വണ്ടി ഓടിച്ചില്ലെങ്കിലും പ്രയാസമാണ്. വണ്ടിയുടെ ഇൻഷുറൻസും മറ്റ് ചെലവുകളും വഹിക്കുന്നത് താനാണ്. ഇന്ധനം അടിച്ചിരുന്നത് കെ.എം. ഷാജിയാണ്" - യഅ്ഖൂബ് വിശദീകരിച്ചു. 30 വർഷത്തിലധികമായി റിയാദിൽ വ്യവസായിയാണ് റേഞ്ച് റോവറിന്റെ ഉടമയായ കണ്ണൂർ തില്ലങ്കേരി സ്വദേശിയായ യഅ്ഖൂബ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.