വിഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണം; പരാതിക്കാരന്‍റെ മൊഴി രേഖപ്പെടുത്തി, കേസിൽ ആന്‍റോ അഗസ്റ്റിൻ ഒന്നാം പ്രതി
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വ്യാജ വിവാഹ ആരോപണത്തിൽ പരാതിക്കാരനായ കെ.പി.സി.സി വക്താവ് രാജു പി. നായരുടെ മൊഴി രേഖപ്പെടുത്തി. കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിയാണ് മൊഴി നൽകിയത്.
റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. വ്യാജ ആരോപണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയെന്ന് രാജു പി നായർ പറഞ്ഞു. റിപ്പോർട്ടർ ടിവിയിൽ ഉൾപ്പെടെ റെയ്ഡ് നടന്നപ്പോൾ ആരോപണം ആന്‍റോ വീണ്ടും ആവർത്തിച്ചെന്നും ഇതിന് പിന്നിൽ ബ്ലാക്ക് മെയിൽ തന്ത്രമാണെന്നും പരാതിക്കാരൻ ആരോപിച്ചു. മെസ്സി വിവാദം, മുട്ടിൽ മരം മുറി, റിപ്പോർട്ട് ചാനൽ വിൽപ്പന തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം വേണമെന്നും രാജു പി നായർ ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് വ്യാജരേഖ ചമക്കൽ. നേരത്തെയും വ്യാജരേഖ ചമച്ചവരാണ് റിപ്പോർട്ടർ ഉടമകൾ. സി.പി.എമ്മിന്‍റെ കള്ളപ്പണം റിപ്പോർട്ടർ ടി.വി വഴി നികേഷ് കുമാർ വെളുപ്പിക്കുന്നുവെന്ന് സംശയിക്കുന്നു. വ്യാജ രേഖ പൊതുസമൂഹത്തിന് മുന്നിൽ കാണിക്കണമായിരുന്നു. കൈരളിക്ക് പോലും പ്രതിരോധം തീർക്കാത്ത സി.പി.എം നേതാക്കൾ റിപ്പോർട്ടർ ചാനലിന് വേണ്ടി പ്രതിരോധം തീർക്കുന്നുവെന്നും അദേഹം പരിഹസിച്ചു.
തോമസ് ഐസക്കിന് എന്തിനാണ് അസ്വസ്ഥതയെന്നും ആന്റോ അഗസ്റ്റിനെ തോമസ് ഐസക് ന്യായീകരിക്കുന്നുവെന്നും രാജു പി നായർ കുറ്റപ്പെടുത്തി. ബൈന്ദൂർ സബ് രജിസ്ട്രാർ ഓഫിസിൽനിന്നുള്ള വിവാഹ സർട്ടിഫിക്കറ്റ് അടക്കം കൈവശമുണ്ടെന്നായിരുന്നു ആന്റോ അഗസ്റ്റിന്റെ അവകാശവാദം. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരം ആന്റോക്കും അജ്ഞാതരായ രണ്ടു പേർക്കുമെതിരെയാണ് സൈബർ പൊലീസ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. കോൺഗ്രസ് നേതാവ് രാജു പി.നായർ സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.
ആന്റോ അഗസ്റ്റിൻ ഒരു ചടങ്ങിൽ നടത്തിയ വെളിപ്പെടുത്തലാണ് പരാതിക്ക് അടിസ്ഥാനം. കർണാടകയിലെ ബൈന്ദൂർ സബ് രജിസ്ട്രാർ ഓഫിസിൽ മുഖ്യമന്ത്രി രണ്ടാം വിവാഹം റജിസ്റ്റർ ചെയ്തതായുള്ള രേഖയുമായി രണ്ടു യുവാക്കൾ തന്നെ സമീപിച്ചുവെന്നാണ് ആന്റോ പറഞ്ഞത്. വാർത്ത നൽകണമെന്ന് ആവശ്യപ്പെട്ടാണു വന്നതെന്നും ആധികാരികത ബോധ്യപ്പെടാത്തതിനെ തുടർന്ന് വാർത്ത കൊടുക്കേണ്ട എന്നു തീരുമാനിച്ചുവെന്നും ആന്റോ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജു പി നായർ പൊലീസിൽ പരാതി നൽകിയത്. അതേസമയം, കേസിൽ ആന്‍റോ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം ജില്ല കോടതിയിലാണ് അപേക്ഷ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.