കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ സംസ്ഥാന മന്ത്രിസഭാംഗങ്ങൾക്കായി സംഘടിപ്പിച്ച ‘റീ ഇമാജിനിങ് കേരളം’ നേതൃശിൽപശാലയ്ക്കിടെ
മുഖ്യമന്ത്രി വി.ഡി. സതീശൻ മന്ത്രിമാർക്കും ഐ.ഐ.എം ഡയറക്ടർ പ്രഫ. ദേബാശിഷ് ചാറ്റർജിക്കും ഫാക്കൽറ്റി അംഗങ്ങൾക്കുമൊപ്പം സെൽഫിയെടുക്കുന്നു
-പി. അഭിജിത്ത്
വികസനത്തിന് നവദിശ നിർണയിച്ച് മന്ത്രിസഭ സംഗമത്തിന് സമാപനം
കോഴിക്കോട്: പുതുയുഗ കേരളത്തിന് പുതിയ വികസന സാധ്യതകൾ കണ്ടെത്തുന്നതിന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ സംഘടിപ്പിച്ച മന്ത്രിസഭാംഗങ്ങൾക്കായുള്ള ദ്വിദിന ‘റീ ഇമാജിനിങ് കേരളം’ നേതൃശിൽപശാല സമാപിച്ചു.
രണ്ട് ദിവസങ്ങളിലായി നടന്ന സംഗമത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെ മുഴുവൻ മന്ത്രിമാരും മുഴുസമയവും പങ്കെടുത്തു. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച, ധനകാര്യ സുസ്ഥിരത, ആരോഗ്യ-ക്ഷേമം, കാലാവസ്ഥ പ്രതിരോധം, സംരംഭകത്വം, നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസം, ആഗോളതലത്തിലുള്ള കേരളത്തിന്റെ സ്ഥാനം എന്നിവയിൽ പുതിയ ഇടപെടലുകൾക്ക് വഴിയൊരുക്കുന്ന ആശയങ്ങൾ സംഗമത്തിൽ ചർച്ചയായി. ഭരണസംവിധാനത്തെ കൂടുതൽ ഫലപ്രദവും ജനകേന്ദ്രീകൃതവും ഭാവിയെ അഭിമുഖീകരിക്കുന്നതുമായ രീതിയിൽ ശക്തിപ്പെടുത്തുന്നതിനുള്ള ആശയവിനിമയത്തിനും സംഗമം വേദിയായി.
ശനിയാഴ്ച സിൽവർ ഇക്കോണമി മിഷൻ, സാമ്പത്തിക-ധനകാര്യ അടിത്തറ ശക്തിപ്പെടുത്തൽ, സംരംഭകത്വവും നൈപുണ്യ വികസനവും, ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവിന്റെ കേന്ദ്രമായി കേരളത്തെ മാറ്റൽ, തലമുറമാറ്റം ഫലപ്രദമായി കൈകാര്യം ചെയ്യൽ, കേരളത്തെ ആഗോള ബ്രാൻഡായി ഉയർത്തൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. പ്രഫ. ദീപ സേതിയും പ്രഫ. പ്രിയ നായർ രാജീവും സിൽവർ ഇക്കോണമി സംബന്ധിച്ച സെഷന് നേതൃത്വം നൽകി. സാമ്പത്തിക-ധനകാര്യ മേഖലയിലെ ചർച്ചയിൽ പ്രഫ. മൃദുൽ കെ. സഗ്ഗറും പ്രഫ. വിപിൻ പി. വീറ്റിലും പങ്കെടുത്തു. സംരംഭകത്വവും നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട സെഷനിൽ പ്രഫ. ആശുതോഷ് സർക്കാർ, പ്രഫ. നൈസിൽ ജോർജ് എന്നിവരും ഉന്നത വിദ്യാഭ്യാസ രംഗത്തെ സെഷനിൽ പ്രഫ. എസ്. ശ്രീജേഷ്, പ്രഫ. എം. ദേവപ്രസാദ്, പ്രഫ. അങ്കൂർ ജെയിൻ, പ്രഫ. ശിൽപ സതീഷ് എന്നിവരും ആശയങ്ങൾ അവതരിപ്പിച്ചു.
തലമുറമാറ്റവും കേരളത്തെ ആഗോള ബ്രാൻഡായി ഉയർത്തുന്നതുമായി ബന്ധപ്പെട്ട അവസാന അക്കാദമിക് സെഷനിൽ ഐ.ഐ.എം കോഴിക്കോട് ഡയറക്ടർ പ്രഫ. ദേബാഷിസ് ചാറ്റർജി, പ്രഫ. അനന്തകുട്ടൻ ബി. ഉണ്ണിത്താൻ എന്നിവർ പങ്കെടുത്തു. പ്രഫ. രാജേഷ് എസ്. ഉപാധ്യായുല, പ്രഫ. എസ്. ഗ്ലാഡിസ്, പ്രഫ. ധരുൺ കാശിലിംഗം, പ്രഫ. ഐശ്വര്യ രാമസുന്ദരം എന്നിവർ സെഷൻ ഏകോപിപ്പിച്ചു. സംഗമത്തിന്റെ ഭാഗമായി കാമ്പസിലെ അർജുനപഥിൽ മന്ത്രിസഭാംഗങ്ങളുടെ ഫോട്ടോ സെഷനുമുണ്ടായിരുന്നു. തുടർന്ന് കാമ്പസിൽ മുഖ്യമന്ത്രി അശോക വൃക്ഷത്തൈ നട്ടു. ലൈബ്രറിക്കകത്തെ പരാമ്പരാഗത ശൈലിയിലുള്ള ഗുരുകുലം ക്ലാസ് മുറിയും മന്ത്രിമാർ സന്ദർശിച്ചു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഐ.ഐ.എം ഡയറക്ടർ സർട്ടിഫിക്കറ്റുകൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.