പ്രശാന്ത് ബാലകൃഷ്ണൻ നായർ
ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കണം: പ്രശാന്ത് ബാലകൃഷ്ണൻ നായർ
കൊച്ചി: ഡിജിറ്റൽ സാങ്കേതികവിദ്യയും എ.ഐയും (കൃത്രിമ ബുദ്ധി) വ്യാപകമായി ഉപയോഗിക്കുന്ന കാലഘട്ടത്തിലാണ് നമ്മളെല്ലാം ജീവിക്കുന്നതെന്ന് ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ സഞ്ചാരി എയർ കമ്മഡോർ പ്രശാന്ത് ബാലകൃഷ്ണൻ നായർ. ഡിജിറ്റൽ ലോകത്ത് ഏതാണ് യഥാർഥമെന്ന് തിരിച്ചറിയാൻ പ്രയാസമുള്ള ഇന്നത്തെ സാഹചര്യത്തിൽ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നടന്ന കേരള സൈബർ സുരക്ഷ സമ്മിറ്റിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
രാജ്യത്തിന്റെ പരമാധികാരവും സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളും ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ അവ ഫലപ്രദമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയിലെ ആവശ്യങ്ങളുടെയും വ്യവസായങ്ങളുടെയും കാര്യത്തിൽ ‘രാജ്യവ്യാപക സമീപനം’ അനിവാര്യമാണ്. ഇത്തരം സമീപനങ്ങളിൽ ഭൗതിക അതിർത്തികൾ എവിടെ അവസാനിക്കുന്നുവെന്നും ഡിജിറ്റൽ അതിർത്തികൾ എവിടെ തുടങ്ങുന്നുവെന്നും വേർതിരിച്ചറിയുക പ്രയാസകരമാണ്. ഇത് നമ്മളെ എല്ലാവരെയും ബാധിച്ചേക്കാം. ശരിയായ അവബോധത്തിലൂടെ മാത്രമേ നമുക്ക് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
എഫ് 9 ഇൻഫോടെക് പ്രതിനിധികളായ ജയകുമാർ മോഹനചന്ദ്രൻ, ഡേറ്റ സെക്യൂരിറ്റി കൗൺസിൽ ഓഫ് ഇന്ത്യ സി.ഇ.ഒ വിനായക് ഗോഡ്സെ, ലെഫ്റ്റനെന്റ് ജനറൽ മാധവൻ ഉണ്ണികൃഷ്ണൻ നായർ എന്നിവരും സമ്മിറ്റിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.