തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിനു സമീപം അപകടത്തിൽപെട്ട വാഹനങ്ങൾ ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു
തൃശൂരിലെ വാഹനാപകടം: കുട്ടികൾ വന്നത് വീട്ടുകാരും കോളജ് അധികൃതരും അറിയാതെ
തൃശൂർ: കയ്പമംഗലം അപകടത്തിൽ മരിച്ച വിദ്യാർഥികൾ വിനോദയാത്രക്ക് വന്നത് വീട്ടുകാരോ കോളജ് അധികൃതരോ അറിയാതെ. അപകടത്തിൽ മരിച്ച മധുര സ്വദേശി ജി. സന്തോഷിന്റെ (20) ഉടമസ്ഥതയിലുള്ള ഏഴ് സീറ്റ് കാറിലായിരുന്നു ഇവർ തമിഴ്നാട്ടിൽനിന്ന് എറണാകുളത്തേക്ക് യാത്ര തിരിച്ചത്. ഏഴുപേരടങ്ങുന്ന വിദ്യാർഥി സംഘവും ഡ്രൈവറുമായിരുന്നു കാറിലുണ്ടായിരുന്നത്. സന്തോഷ് പുതുതായി വാങ്ങിയ കാറിലായിരുന്നു യാത്ര. അത് അന്ത്യയാത്രയായി.
വെള്ളിയാഴ്ച രാത്രി 11.45നായിരുന്നു അപകടം. ആറുപേർ സംഭവ സ്ഥലത്തും രണ്ടുപേർ ആശുപത്രിയിലേക്കുള്ള വഴിയിലും മരിച്ചു. പൂർണമായും തകർന്ന കാറിൽനിന്ന് വിദ്യാർഥികളുടെ തിരിച്ചറിയൽ കാർഡുകൾ ലഭിച്ചിരുന്നു. ഇതിൽ കണ്ട വിലാസത്തിൽ വീട്ടുകാരെ പൊലീസ് ബന്ധപ്പെട്ടപ്പോൾ തങ്ങളുടെ കുട്ടികൾ കോളജ് ഹോസ്റ്റലിൽ ആണെന്നായിരുന്നു രക്ഷിതാക്കളുടെ മറുപടി.
കോളജ് അധികൃതരെ ബന്ധപ്പെട്ടപ്പോൾ അവർ ഇങ്ങനെ ഒരു യാത്രയെക്കുറിച്ച് അറിഞ്ഞിട്ടുതന്നെയില്ല എന്നായിരുന്നു മറുപടി. ദിണ്ഡിഗലിൽനിന്ന് കോയമ്പത്തൂർ വഴി വന്ന് എറണാകുളത്തേക്കായിരുന്നു യാത്ര എന്ന് കരുതുന്നു. ഈ വഴിയിലാണ് മരണം നിർത്തിയിട്ട ലോറിയുടെ രൂപത്തിൽ ഇവർക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.