ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ടി. മനോഹരൻ അന്വേഷണം സംബന്ധിച്ച ചർച്ചകൾക്ക് ശേഷം റൂറൽ ജില്ല പൊലീസ് മേധാവി ഓഫിസിൽനിന്ന് പുറത്തുവരുന്നു
വടകര: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനിടെ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഉറവിടം കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അന്വേഷണം തുടങ്ങി. കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവി ഫറാഷിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം യോഗം ചേർന്ന് കേസ് സംബന്ധിച്ച് വിവരങ്ങൾ വിശകലനം ചെയ്തു. സി.പി.എം നേതാവ് സി. ഭാസ്കരന്റെ പരാതിയിലും സാമുദായിക ഐക്യം തകർക്കുന്ന പോസ്റ്റിനെതിരെ നടപടി സ്വീകരിക്കണമെന്ന ലീഗ് നേതാവ് ടി.ടി. ഇസ്മായിലിന്റെ പരാതിയിലുമാണ് അന്വേഷണം.
ഡി.വൈ.എഫ്.ഐ വടകര േബ്ലാക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണനിലാണ് കേസ് അവസാനമായി എത്തിനിൽക്കുന്നത്. പിന്നീടുള്ള അന്വേഷണം എങ്ങുമെത്താതെ പോകുകയാണുണ്ടായത്. ഇടത് സൈബർ ഗ്രൂപ്പായ റെഡ് എൻകൗണ്ടറിലേക്ക് റിബേഷാണ് പോസ്റ്റ് ഫോർവേഡ് ചെയ്തതെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. റിബേഷിൽനിന്നായിരിക്കും അന്വേഷണം തുടങ്ങുകയെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
കേസിൽ ശാസ്ത്രീയ പരിശോധന ഫലം കൂടുതൽ ലഭിക്കേണ്ടതുണ്ട്. മെറ്റയിൽനിന്ന് കൂടുതൽ വിവരം ശേഖരിച്ച് വരികയാണ്. സൈബർ വിദഗ്ധരെയടക്കം അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേസിൽ ഇതുവരെ മെസേജുകൾ ഫോർവേഡ് ചെയ്തവരെ മാത്രമേ കണ്ടെത്തിയിട്ടുള്ളൂവെന്നും ഉറവിടം കണ്ടെത്താനുള്ള അന്വേഷണത്തിന് തുടക്കംകുറിച്ചതായും റൂറൽ ജില്ല പൊലീസ് മേധാവി ഫറാഷ് പറഞ്ഞു.
കാഫിർ സ്ക്രീൻ ഷോട്ടുമായി ബന്ധപെട്ട് നേരത്തെ ചോദ്യംചെയ്തവരെ അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും ചോദ്യംചെയ്യും. അന്വേഷണ സംഘത്തെ സംബന്ധിച്ചുള്ള ആക്ഷേപങ്ങൾക്കനുസരിച്ച് ഉദ്യോഗസ്ഥരെ മാറ്റേണ്ട സാഹചര്യം നിലവിലില്ലെന്ന് പൊലീസ് മേധാവി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരിൽ ഇടത് അനുകൂലികളുണ്ടെന്ന് യു.ഡി.എഫ് ആരോപിച്ചിരുന്നു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്താണ് ഇടത് സൈബറിടങ്ങളിൽ പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്തത്. കാഫിർ സ്ക്രീൻ ഷോട്ട് വിവാദമായി കോടതിയിലെത്തിയതോടെ ഷെയർചെയ്ത പ്രമുഖ സി.പി.എം നേതാക്കളെല്ലാം പോസ്റ്റ് പിൻവലിച്ചു. ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിന്റെ പേരിലാണ് വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിപ്പിക്കപെട്ടത്. പ്രത്യേക സംഘം അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ സത്യം പുറത്തുവരുമെന്ന് മുഹമ്മദ് കാസിം പ്രതികരിച്ചു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ടി. മനോഹരന്റെ നേതൃത്വത്തിലാണ് അന്വേഷണം. വടകരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെ ‘ദീനിയായ മുസ്‍ലിമായും’ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജയെ ‘കാഫിറായും’ ചിത്രീകരിച്ച് വ്യാജ സന്ദേശം പ്രചരിപ്പിച്ചതാണ് വിവാദത്തിന് കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.