ന്യൂഡൽഹി: കേരളം അടക്കമുള്ള ഒമ്പത് സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) സമയപരിധി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഒരാഴ്ച നീട്ടി. എസ്.ഐ.ആറിന്റെ ജോലി സമ്മർദം മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 80ലേറെ ബൂത്തുതല ഓഫിസർമാർ (ബി.എൽ.ഒ) ആത്മഹത്യ ചെയ്യുകയോ മരിക്കുകയോ ചെയ്തതായ റിപ്പോർട്ടുകൾക്കിടയിലാണ് എസ്.ഐ.ആർ സമയപരിധി ഒരാഴ്ച നീട്ടിയത്.
ഇത് സംബന്ധിച്ച ഉത്തരവ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഞായറാഴ്ച അയച്ചുകൊടുത്തത് പുറത്തുവന്ന ശേഷമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഉച്ചയോടെ വാർത്തകുറിപ്പിറക്കിയത്. തിങ്കളാഴ്ച നടക്കാനിരിക്കുന്ന പാർലമെന്റ് ശൈത്യകാല സമ്മേളനത്തിന്റെ മുന്നോടിയായി ഞായറാഴ്ച പാർലമെന്റ് അനക്സിൽ കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ മുഖ്യവിഷയമായി എസ്.ഐ.ആറും ബി.എൽ.ഒമാരുടെ ആത്മഹത്യകളും മരണങ്ങളും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനിടയിലാണ് നടപടികൾ ഒരാഴ്ച നീട്ടിയ ഉത്തരവും വാർത്തകുറിപ്പുമിറങ്ങിയത്.
പുതിയ സമയക്രമം അനുസരിച്ച് ഫോമുകളുടെ വിതരണം ഡിസംബർ നാലിന് പകരം ഡിസംബർ 11 വരെ നടക്കുമെന്ന് കമീഷൻ വാർത്ത കുറിപ്പിൽ അറിയിച്ചു. ഡിസംബർ ഒമ്പതിന് പ്രഖ്യാപിച്ചിരുന്ന എസ്.ഐ.ആർ കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം ഡിസംബർ 16ലേക്ക് മാറ്റി. 2026 ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കുമെന്ന് പറഞ്ഞിരുന്ന അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 14നായിരിക്കും പ്രസിദ്ധീകരിക്കുക എന്നും കമീഷൻ വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർമാരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സമയപരിധി ഒരാഴ്ച നീട്ടാൻ തീരുമാനിച്ചതെന്ന് കമീഷൻ വ്യക്തമാക്കി.
ബിഹാറിലെ ഒന്നാം ഘട്ട എസ്.ഐ.ആർ മാതൃകയിൽ കേരളം, തമിഴ്നാട്, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്, പുതുച്ചേരി, അന്തമാൻ നികോബാർ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളിലുമാണ് രണ്ടാം ഘട്ട എസ്.ഐ.ആറിനുള്ള മൊത്തം നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനാണ് ഒരാഴ്ച സമയം നീട്ടിയത്.
നിരവധി ബി.എൽ.ഒമാര്‍ ജോലി സമ്മർദം മൂലം ആത്മഹത്യ ചെയ്യുകയോ മരിക്കുകയോ ചെയ്തത് കമീഷന്റെ തിരക്കുപിടിച്ച എസ്.ഐ.ആർ സമയക്രമം കൊണ്ടാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഒരാഴ്ച നീട്ടാനുള്ള തീരുമാനം കമീഷൻ കൈക്കൊണ്ടത്. തങ്ങൾ നിശ്ചയിച്ച സമയക്രമം പ്രായോഗികമായി നടപ്പാകില്ലെന്ന് കമീഷന് തന്നെ ബോധ്യം വന്നതിന്റെ തെളിവാണ് സമയപരിധി നീട്ടിയതെന്ന് കോൺഗ്രസ് നേതാവ് പ്രമോദ് തിവാരി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: എസ്.ഐ.ആർ പ്രവർത്തനങ്ങൾക്ക് അധികമായി ലഭിച്ച സമയം ക്രിയാത്മകമായി വിനിയോഗിക്കുമെന്നും കേരളം ഇതിനോടകം ട്രാക്കിൽ തന്നെയാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ (സി.ഇ.ഒ) രത്തൻ യു. ഖേൽക്കർ. പഴയ സമയക്രമമനുസരിച്ച് ഡിസംബർ നാലുവരെ എന്യൂമറേഷന് സമയമുണ്ടായിരുന്നെങ്കിലും ഡിസംബർ രണ്ടോടെ നടപടികൾ പൂർത്തീകരിക്കും വിധമുള്ള ക്രമീകരണങ്ങളാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്നത്.
ഒരാഴ്ച സാവകാശം കിട്ടിയില്ലായിരുന്നെങ്കിലും കേരളത്തിൽ കൃത്യസമയത്തിന് മുമ്പ് നടപടികൾ പൂർത്തിയാക്കാൻ കഴിയുമായിരുന്നു. എന്യൂമറേഷൻ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ അധിക സമയം കിട്ടി എന്നുമാത്രം. തിങ്കളാഴ്ചയോടെ ഡിജിറ്റൈസേഷൻ 95 ശതമാനം കടക്കും.
എല്ലാ ആഴ്ചയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം നടത്താറുണ്ട്. യോഗത്തിലുയരുന്ന നിർദേശങ്ങൾ കൃത്യമായി മിനിട്സാക്കി കേന്ദ്ര കമീഷന് കൈമാറാറുണ്ട്. ഇതെല്ലാം പരിഗണിച്ചാവാം സമയപരിധി നീട്ടിയതെന്നും രത്തൻ യു. ഖേൽക്കർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.