പി.കെ. സൈനുദ്ദീൻ
കൊച്ചി: പ്രാർഥന മുഖരിതമായിരുന്നു അവരുടെ പകലിരവുകൾ... എല്ലാ കണ്ണുകളും ഒരിടത്തേക്ക്, കാതോർത്തതൊക്കെയും പ്രതീക്ഷയുടെ വാക്കുകളിലേക്ക്... കാതങ്ങൾക്കപ്പുറത്ത് തങ്ങളുടെ പ്രിയപ്പെട്ടവൻ സുരക്ഷിതനാണെന്ന ആശ്വാസ വാർത്തയാണ് ഒരു ജനത തേടുന്നത്. സിക്കിമിലെ മണ്ണിടിച്ചിലിൽ കാണാതായ ആറ് സൈനികരിൽ ഒരാളായ പി.കെ. സൈനുദ്ദീന്റെ മടങ്ങിവരവിനായി ഓരോനിമിഷത്തെയും പ്രാർഥനയാക്കുകയാണ് ലക്ഷദ്വീപ് ജനത.
അങ്ങകലെ സൈന്യം തിരച്ചിൽ തുടരുമ്പോൾ പ്രതീക്ഷയോടെ അവർ ശുഭവാർത്തക്കായി കാതോർക്കുന്നു. ലക്ഷദ്വീപിലെ ആന്ത്രോത്ത് സ്വദേശി മുഹമ്മദിന്റെയും മുത്തുബീയുടെയും മകനാണ് സൈനുദ്ദീൻ. ആർമി 12 മദ്രാസ് യൂനിറ്റിന്റെ ഭാഗമായിരുന്നു.
സഹപ്രവർത്തകരായ ആർമി ഉദ്യോഗസ്ഥർ സൈനുദ്ദീന്റെ ഭാര്യ റഫ്ഖാന ബീഗത്തെ തിങ്കളാഴ്ച രാത്രിയോടെയാണ് അപകട വിവരം വിളിച്ചറിയിച്ചത്. മൂന്നുവയസുകാരി മകൾ ഷെഹ്ലിമയുമൊത്ത് താങ്ങാനാകാത്ത വിഷമത്തിൽ കഴിയുകയാണ് കുടുംബം. സംഭവം അറിയുമ്പോൾ സൈനുദ്ദീന്റെ മാതാപിതാക്കൾ കോഴിക്കോടായിരുന്നു. അവർ ലക്ഷദ്വീപിലേക്ക് മടങ്ങി.
സൈനികനാകാൻ ചെറുപ്പം മുതലേ ആഗ്രഹിച്ച് പഠനവും പരിശീലനവും പൂർത്തിയാക്കിയ വ്യക്തിയാണ് സൈനുദ്ദീനെന്ന് സുഹൃത്ത് അഡ്വ. ആർ. അജ്മൽ പറഞ്ഞു. സൈനുദ്ദീന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയാണെന്ന് ബന്ധുവായ കുഞ്ഞിക്കോയ ‘മാധ്യമ’ത്തോട് പറഞ്ഞു. നാല് വർഷങ്ങൾക്ക് മുമ്പായിരുന്നു സൈനുദ്ദീന്റെ വിവാഹം. മകൾ തിങ്കളാഴ്ച നഴ്സറിയിൽ പഠനം ആരംഭിച്ചു.
മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടു വരികയാണെന്ന് ലക്ഷദ്വീപ് എം.പി ഹംദുല്ല സഈദ് പറഞ്ഞു. തന്റെ അടുത്ത അയൽവാസിയാണ് സൈനുദ്ദീനെന്നും ചെറുപ്പം മുതൽ അറിയാമെന്നും മുൻ എം.പി മുഹമ്മദ് ഫൈസൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.