സിദ്ധാർഥന്‍റെ മരണം: വിരമിച്ച ജഡ്ജി നേതൃത്വം നൽകുന്ന പ്രത്യേക കമീഷൻ അന്വേഷിക്കും; ഉത്തരവിട്ട് ഗവർണർ

തിരുവനന്തപുരം: പൂക്കോട്​ വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട അ​ന്വേഷണത്തിന്​ കേരള ഹൈകോടതി റിട്ട. ജഡ്​ജി ജസ്റ്റിസ്​ എ. ഹരി​​പ്രസാദിനെ ചുമതലപ്പെടുത്തി ചാൻസലർ ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ ഉത്തരവിട്ടു. അന്വേഷണത്തിൽ കമീഷനെ സഹായിക്കാൻ വയനാട് സ്‌പെഷൽ ബ്രാഞ്ച് റിട്ട. ഡിവൈ.എസ്​.പി വി.ജി. കുഞ്ഞനെയും നിയോഗിച്ചു.

സിദ്ധാർഥന്‍റെ മരണത്തിലേക്ക്​ നയിച്ച സംഭവങ്ങൾ തടയുന്നതിൽ അന്നത്തെ വൈസ് ചാൻസലറുടെ വീഴ്ചയും മുഖ്യപരിഗണന വിഷയമാണ്​. സംഭവസമയത്തെ വൈസ് ചാൻസലർക്കു​ പുറ​മെ, ഡീൻ ഉൾപ്പെടെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ, ഭാവിയിൽ ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാനുള്ള നടപടി നിർദേശിക്കൽ എന്നിവയും കമീഷന്‍റെ അന്വേഷണ വിഷയങ്ങളാണ്​.

അന്വേഷണത്തിനാവശ്യമായ സഹായം വെറ്ററിനറി സർവകലാശാല വൈസ്​ ചാൻസലർ നൽകും. കമീഷന്‍റെ ​പ്രതിഫലം, താമസം, വാഹനം തുടങ്ങി മുഴുവൻ അന്വേഷ​ണ ചെലവും സർവകലാശാല​ വഹിക്കും. ആദ്യ സിറ്റിങ്​ നടത്തി മൂന്നു മാസത്തിനകം ചാൻസലർക്ക്​ റിപ്പോർട്ട്​ ​നൽകണമെന്ന്​ രാജ്​ഭവൻ പുറത്തിറക്കിയ ഉത്തരവിൽ നിർദേശിക്കുന്നു.

കാമ്പസിലെ ഭരണപരമായ വീഴ്ചകൾ, റാഗിങ്ങും മറ്റ് ക്രിമിനൽ പ്രവർത്തനങ്ങളും തടയുന്നതിൽ അധികാരികളുടെ അനാസ്ഥ എന്നിവയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന നിലപാടിലായിരുന്നു ഗവർണർ. ഹൈകോടതി സിറ്റിങ് ജഡ്ജിയുടെ സേവനം നൽകണമെന്ന് ഗവർണറുടെ ഓഫിസ് ഹൈകോടതിയോട് അഭ്യർഥിച്ചിരുന്നു. തുടർന്ന്​, ഹൈ​കോടതി വിരമിച്ച ജഡ്ജിമാരുടെ പട്ടിക കൈമാറി. അതിൽനിന്നാണ്​ മുൻ ജഡ്​ജി ജസ്​റ്റിസ്​ എ. ഹരിപ്രസാദിനെ നിയമിച്ചത്​.

ഫെബ്രുവരി 18നാണ് ബി.വി.എസ്‍.സി രണ്ടാം വര്‍ഷ വിദ്യാർഥിയായ സിദ്ധാർഥനെ (21) വെറ്ററിനറി സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രണയദിനത്തില്‍ കോളജിൽ വിദ്യാർഥിനികൾക്കൊപ്പം നൃത്തം ചെയ്തതിനെ തുടർന്നുണ്ടായ തര്‍ക്കത്തിൽ സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടി വന്നിരുന്നു.

സിദ്ധാർഥൻ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളജ് യൂണിയൻ ഭാരവാഹികളും എസ്.എഫ്.ഐ നേതാക്കളും അടക്കമുള്ള 18 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    
News Summary - siddharths death: governor orders judicial inquiry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.