തിരുവനന്തപുരം: കണ്ണൂർ അക്രമത്തിൽ കൊല്ലപ്പെട്ട ഷുഹൈബിെൻറ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം സംബന്ധിച്ച് അഭ്യന്തര സെക്രട്ടറി മൂന്നാഴ്ചക്കകം വിശദീകരണം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ.
കണ്ണൂർ കേന്ദ്രമായി നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും ഭയാനകമായി വർധിക്കുന്നത് ആശങ്കജനകമായതിനാൽ പൊലീസ് ഉണർന്ന് പ്രവർത്തിക്കണമെന്നും നിഷ്പക്ഷവും നീതിപൂർവവുമായ അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്നും കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവിൽ ആവശ്യപ്പെട്ടു.
വി.എം. സുധീരൻ സമർപ്പിച്ച പരാതിയിലാണ് നടപടി. മനുഷ്യാവകാശ കമീഷൻ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി വി.എം. സന്ദീപ് സംഭവസ്ഥലത്തെത്തി വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും പി. മോഹനദാസ് നിർദേശിച്ചു. നീതിപൂർവവും നിഷ്പക്ഷവുമായി അന്വേഷിക്കാൻ സംസ്ഥാന പൊലീസ് മേധാവി ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകണം. കൊലപാതകികളെ എത്രയും വേഗം നിയമത്തിന് മുന്നിലെത്തിക്കണം. നടപടി റിപ്പോർട്ട് രണ്ട് ആഴ്ചക്കകം കമീഷൻ മുമ്പാകെ സമർപ്പിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് കമീഷൻ നിർദേശം നൽകി.
മുഖ്യ അന്വേഷണ ഉദ്യോഗസ്ഥെൻറയും സംസ്ഥാന പൊലീസ് മേധാവിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും റിപ്പോർട്ടുകൾ സഹിതം കേസ് മാർച്ച് ഏഴിന് തിരുവനന്തപുരത്ത് പരിഗണിക്കും. ഉപ്പയും ഉമ്മയും മൂന്ന് സഹോദരിമാരും അടങ്ങുന്ന ഷുഹൈബിെൻറ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് വി.എം. സുധീരൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.