തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ, വിഴിഞ്ഞം തുറമുഖത്തേക്ക് ബർത്ത് ചോദിച്ച് നൂറോളം ചരക്ക് കപ്പലുകൾ. അനുമതി തേടി മുൻനിര അന്താരാഷ്ട്ര കമ്പനികൾ സമീപിച്ചെങ്കിലും തുറമുഖത്തിന്റെ നിലവിലെ ശേഷിയേക്കാൾ അധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ പ്രയാസമുള്ളതിനാൽ അപേക്ഷകൾ നിരസിച്ചു. രാജ്യാന്തര കപ്പൽ പാതയിൽ നിന്ന് 10 നോട്ടിക്കല്‍ മൈല്‍ അടുത്താണ് വിഴിഞ്ഞം തുറമുഖം.
പശ്ചിമേഷ്യൻ സംഘർഷത്തോടെ ഗൾഫ് മേഖലയിലേക്കുള്ള കപ്പൽ ഗതാഗതം മന്ദഗതിയിലായതോടെയാണ് വിഴിഞ്ഞത്ത് ബർത്തിങിനും ചരക്കിറക്കുന്നതിനും കപ്പൽ കമ്പനികൾ അനുമതി തേടിയത്. യൂറോപ്പ്, തെക്കേ അമേരിക്ക, ചൈന, സിംഗപ്പുര്‍ എന്നിവിടങ്ങളില്‍നിന്നാണ് പ്രധാനമായി വിഴിഞ്ഞത്തേക്ക് കപ്പലെത്തുന്നത്. അതുകൊണ്ടുതെന പശ്ചിമേഷ്യന്‍ പ്രതിസന്ധി കാരണം ഒരു മണിക്കൂര്‍ പോലും വിഴിഞ്ഞത്ത് ബര്‍ത്ത് ഒഴിഞ്ഞുകിടക്കുന്ന സാഹചര്യമില്ല.
നിലവില്‍ 800 മീറ്റര്‍ ബര്‍ത്തും 36,000 ടി.ഇ.യു യാര്‍ഡുമാണ് വിഴിഞ്ഞത്തുള്ളത്. ഹുര്‍മുസ് പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി കപ്പല്‍ കമ്പനികള്‍ മദര്‍ഷിപ്പുകള്‍ ഉള്‍പ്പെടെ വിഴിഞ്ഞത്ത് അടുപ്പിക്കാൻ താല്പര്യം പ്രകടിപ്പിച്ചെങ്കിലും ബര്‍ത്തും യാര്‍ഡും ഒഴിവില്ലാത്തതിനാല്‍ അനുമതി നല്കാന് കഴിയാത്ത അവസ്ഥയാണ്.
വിഴിഞ്ഞത്ത് പ്രതിമാസം എത്തുന്നത് 60ലേറെ കപ്പലുകളാണ്. 60,000ൽ അധികം കണ്ടെയ്നറുകളാണ് ഓരോ മാസവും കൈകാര്യം ചെയ്യുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ വാർഷിക കണ്ടെയ്നർ ശേഷി 10 ലക്ഷമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 13 ലക്ഷം കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് കൈകാര്യം ചെയ്തത്. നിലവിലെ സാഹചര്യത്തിൽ കൂടുതൽ കപ്പലുകളെ അടുപ്പിക്കാൻ നിർവാഹമില്ലാത്തതിനാൽ അനുമതി തേടിയ ഷിപ്പിങ് കമ്പനികളെ വിഴിഞ്ഞം മടക്കി.രണ്ടാം ഘട്ട നിർമാണം വേഗത്തിൽ പൂർത്തിയാക്കി കൂടുതൽ കപ്പലുകൾക്ക് ബർത്ത് നൽകാനും യാർഡ് സ്പേസ് ഒരുക്കാനുമാണ് അദാനി ഗ്രൂപ് ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം: മത്സ്യബന്ധന ബോട്ടുമായി കൂട്ടിയിടിച്ചതിനെതുടർന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപിങ് അധികൃതർ പുറംകടലിൽ തടഞ്ഞിട്ട വിദേശ എണ്ണ കപ്പലായ എം.വി സോളിസിൽ ഒടുവിൽ ഇന്ധനമെത്തി. താൽകാലികമായി 1000 ലിറ്റർ ഇന്ധനമാണ് കപ്പലിൽ നിറച്ചത്. ഇന്ധനം തീരാറായെന്ന സന്ദേശം കപ്പൽ ക്യാപ്റ്റൻ, ഡയറക്ടർ ജനറൽ ഓഫ് ഷിപിങിന് അയച്ചിരുന്നു. അപകടത്തെതുടർന്ന് മാർച്ച് ഒമ്പതിന് വിഴിഞ്ഞം കടലിലെത്തിച്ച കപ്പൽ മുന്നറിയിപ്പ് ഉണ്ടാകും വരെ തുറമുഖം വിടരുതെന്ന് ഉത്തരവുണ്ട്.
മാർച്ച് ഏഴിന് ഉച്ചക്ക് 1.45ഓടെ കന്യാകുമാരിയിലെ മുട്ടം തുറമുഖത്തുനിന്ന് 57 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം. ഒമാൻ തുറമുഖത്തുനിന്ന് ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തേക്ക് പോയ കപ്പൽ മത്സ്യബന്ധനം കഴിഞ്ഞ് തൊഴിലാളികൾ വിശ്രമിച്ച ബോട്ടിലേക്കാണ് ഇടിച്ചുയറിയത്. ബോട്ടിലുണ്ടായിരുന്ന 11 മത്സ്യത്തൊഴിലാളികൾ ഇടിയുടെ ആഘാതത്തിൽ കടലിൽ വീണു. ഒമ്പതുപേരെ കപ്പലിലെ ജീവനക്കാർ രക്ഷപ്പെടുത്തി. ബോട്ടിലുണ്ടായിരുന്ന കൊൽക്കത്ത സ്വദേശികളായ ലെഖാൻ, മകൻ ബാവൽ എന്നിവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. വിഴിഞ്ഞത്തെ പുറംകടലിലിൽ നങ്കൂരമിട്ട കപ്പലിൽ ക്യാപ്റ്റൻ അടക്കം 24 പേരാണുള്ളത്. പുറംകടലിൽ തങ്ങുന്നതിന് ലക്ഷങ്ങളാണ് മാരിടൈം ബോർഡിന് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.