കൊച്ചി: കണ്ണൂർ അഴീക്കൽ തുറമുഖത്തുനിന്ന് 44 നോട്ടിക്കൽ മൈൽ അകലെ തീപിടിച്ച വാൻ ഹായ്-503 കപ്പലിനെതിരെ ഫോർട്ട്കൊച്ചി കോസ്റ്റൽ പൊലീസ് കേസെടുത്തു. വടകര സ്വദേശി സുനീഷിന്റെ പരാതിയിലാണ് കപ്പലുടമ, ക്യാപ്റ്റൻ, ജീവനക്കാർ എന്നിവരെ പ്രതിചേർത്ത് കേസെടുത്തത്. അപകടം നടന്ന് ഒമ്പതാം ദിവസമാണ് നടപടി.
കടലിൽ അമിതവേഗതയിൽ സഞ്ചരിച്ചതിന് ബി.എൻ.എസ്-282 വകുപ്പ് ചുമത്തിയിട്ടുണ്ട്. വിഷപദാർഥങ്ങൾ അശ്രദ്ധയോടെ കൈകാര്യം ചെയ്തതിന് സെക്ഷൻ-286, കത്തുന്ന വസ്തുക്കൾ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് സെക്ഷൻ 287, സ്ഫോടകവസ്തു ഉപയോഗിച്ച് മനുഷ്യജീവന് അപകടം ഉണ്ടാക്കിയതിന് സെക്ഷൻ 288 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. മംഗലാപുരത്ത് ചികിത്സയിലുള്ള ജീവനക്കാരുടെ മൊഴിയടക്കം പൊലീസ് രേഖപ്പെടുത്തിയിരുന്നു.
അതേസമയം കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. അപകടത്തിനുപിന്നാലെ കാണാതായ നാലുപേരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ചയാണ് സിംഗപ്പൂർ പതാകയേന്തിയ എം.വി വാൻഹായ്-503 കപ്പലിൽ അഴീക്കൽ തുറമുഖത്തിനു സമീപം പൊട്ടിത്തെറിയുണ്ടാകുകയും തീപിടിക്കുകയും ചെയ്തത്. കോസ്റ്റ്ഗാർഡ്, നാവികസേന, വ്യോമസേന തുടങ്ങിയ സംഘങ്ങൾ ദിവസങ്ങളോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് തീ ഏറക്കുറെ നിയന്ത്രണ വിധേയമാക്കിയത്.
കൊച്ചി തീരത്തിനടുത്ത് അറബിക്കടലിൽ മേയ് 24ന് അപകടത്തിൽപെടുകയും പിറ്റേദിവസം പൂർണമായും മുങ്ങുകയുംചെയ്ത കപ്പലിനെതിരെ കഴിഞ്ഞയാഴ്ച കോസ്റ്റൽ പൊലീസ് കേസെടുത്തിരുന്നു. തുടക്കത്തിൽ കേസെടുക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ച സംസ്ഥാന സർക്കാർ, വിവിധ കോണുകളിൽ നിന്നുയർന്ന പ്രതിഷേധത്തിനൊടുവിലാണ് കപ്പലിനെതിരെ നടപടി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.