തിരുവനന്തപുരം: കേരള തീരത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന കപ്പല്‍ അപകടങ്ങളില്‍ ദുരൂഹതയുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന കപ്പല്‍ അപകടങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണത്തതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന അനാസ്ഥക്കെതിരെ ജൂണ്‍ 11 ബുധനാഴ്ച സംസ്ഥാനത്തെ തീരദേശ ജില്ലകളില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നും സണ്ണി ജോസഫ് അറിയിച്ചു.
കൊച്ചി തീരത്തോട് ചേര്‍ന്ന കപ്പല്‍ മുങ്ങിയ സംഭവത്തില്‍ എം.എസ്.സി എല്‍സ-3 എന്ന കുത്തക കപ്പല്‍ കമ്പനിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം തീരദേശ ജനതയോടും മത്സ്യത്തൊഴിലാളികളോടുമുള്ള വഞ്ചനയാണ്. ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ ഇടയുള്ള വിധം കപ്പലിലെ രാസമൂലകങ്ങള്‍ അടക്കമുള്ള ചരക്കുകള്‍ കടലില്‍ കലരുകയും തീരത്തോട് ചേര്‍ന്ന് കടലില്‍ മുങ്ങിപ്പോവുകയും ചെയ്തു. ഈ വിഷയത്തില്‍ തുടക്കം മുതലേ കുറ്റകരമായ അനാസ്ഥയാണ് സര്‍ക്കാറിന്റെ ഭാഗത്തു നിന്നുള്ളത്. സര്‍ക്കാറിന്റെ ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി കോണ്‍ഗ്രസ് സമരമുഖത്തേക്ക് ഇറങ്ങുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
സമാനമായ സംഭവങ്ങളില്‍ കപ്പല്‍ കമ്പനിക്കെതിരെ കേസെടുക്കുന്ന സ്വാഭാവിക നടപടി അവഗണിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഷിപ്പിങ് വകുപ്പിന്റെ ഡയറക്ടര്‍ ജനറല്‍ ശ്യാം ജഗന്നാഥനും ചീഫ് സെക്രട്ടറി എ. ജയതിലകിന്റെ കൂടി സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ കമ്പനിക്കെതിരെ കേസെടുക്കേണ്ടെന്ന് തീരുമാനിച്ചത് ഗുരുതരമായ വീഴചയും കൊടുംചതിയുമാണ്. അദാനിയുമായി അടുത്ത ബന്ധമുള്ള കപ്പല്‍ കമ്പനിക്ക് വേണ്ടി കേസ് അട്ടിമറിക്കാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഒത്തുകളിയാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
കമ്പനിയെ രക്ഷിച്ചെടുത്ത് നഷ്ടപരിഹാര തുക ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നീടാക്കാം എന്നതാണ് സര്‍ക്കാര്‍ നയമെന്ന് വ്യക്തമായിരിക്കുകയാണ്. കേരള തീരം സമീപഭാവിയില്‍ നേരിടാന്‍ പോകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് പരിഹാരമാകുന്ന തുക ഇന്‍ഷുറന്‍സ് കമ്പനിയില്‍ ലഭിക്കുമോ എന്നതില്‍ സര്‍ക്കാറിന് ഒരു ഉറപ്പുമില്ല. അപ്പോഴാണ് കമ്പനിയെ രക്ഷിച്ചെടുക്കാന്‍ കുത്തകകള്‍ക്ക് വേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈകോര്‍ക്കുന്നത്. പാവപ്പെട്ട മല്‍സ്യത്തൊഴിലാളികളോടല്ല, കുത്തക കമ്പനികളോടാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ കരുതല്‍ എന്നത് ലജ്ജാവഹമാണ്.
കപ്പലിലെ ചരക്കുകളിലും കണ്ടെയ്നറുകളിലും എന്തെല്ലാമാണ് ഉണ്ടായിരുന്നത് എന്ന വിവരങ്ങള്‍ പുറത്തുവിടാന്‍ പോലും സര്‍ക്കാര്‍ തയാറായിരുന്നില്ല. ഒടുവില്‍ ഹൈകോടതിയില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ ടി.എന്‍. പ്രതാപന്‍ നല്‍കിയ പൊതുതാല്‍പര്യ ഹരയുടെ അടിസ്ഥാനത്തില്‍ കോടതിക്ക് സര്‍ക്കാറിനെ ശാസിക്കേണ്ട സാഹചര്യമുണ്ടായെന്നും പ്രസ്തുത വിവരങ്ങള്‍ എത്രയും പെട്ടെന്ന് പുറത്തുവിടാന്‍ കോടതി ഉത്തരവിടുകയും ചെയ്തിട്ടുണ്ടെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.