ഷൈൻ ടോം ചാക്കോ

ഷൈനിനെതിരെ ചുമത്തിയത് 10 വർഷത്തിലേറെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ; തിങ്കളാഴ്ച വീണ്ടും ഹാജരാകാൻ നോട്ടീസ്

കൊച്ചി: ലഹരി ഉപയോഗിച്ചതിന് കേസെടുത്ത നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് ജാമ്യത്തിൽ വിട്ടു. വൈദ്യപരിശോധനക്കു ശേഷം എറണാകുളം നോർത്ത് സ്റ്റേഷനിൽ എത്തിച്ച ശേഷം ജാമ്യത്തിൽ വിട്ട നടനോട് തിങ്കളാഴ്ച വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ച കൂടുമ്പോൾ സ്റ്റേഷനിൽ ഹാജരാകണമെന്നും എപ്പോൾ വിളിച്ചാലും വരണമെന്നുമുള്ള വ്യവസ്ഥകളിന്മേലാണ് ജാമ്യം.

ഷൈനിനെതിരെ 10 വർഷത്തിലേറെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. ലഹരി മരുന്ന് ഉപയോഗിച്ചതിന് എൻ.ഡി.പി.എസ് സെക്ഷൻ 27 (ബി) (ആറ് മാസം തടവോ 10,000 രൂപ പിഴയോ), ക്രിമിനൽ ഗൂഢാലോചന നടത്തിയതിന് എൻ.ഡി.പി.എസ് സെക്ഷൻ 29 (10 വർഷം തടവോ പിഴയോ), തെളിവ് നശിപ്പിക്കലിന് ബി.എൻ.എസ് സെക്ഷൻ 238 (മൂന്ന് വർഷം തടവ്) എന്നിവ പ്രകാരമാണ് നടനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

കഞ്ചാവും മെത്താഫെറ്റമിനും ഉപയോഗിച്ചിട്ടുണ്ടെന്നും 12 ദിവസം ലഹരിമുക്തി കേന്ദ്രത്തിൽ ചികിത്സതേടിയെന്നും ഷൈൻ ടോം ​ചാക്കോയുടെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമയും ലഹരിമരുന്ന് വിൽപ്പനക്കാരനായ സജീറുമായും പരിചയമുണ്ടെന്ന് നടൻ വെളിപ്പെടുത്തിയതോടെ കേസെടുക്കുകയായിരുന്നു.

സജീറുമായി സാമ്പത്തിക ഇടപാട് ഇല്ലെന്നായിരുന്നു നടന്റെ വാദം. എന്നാൽ ഇടപാടുകളുടെ രേഖകൾ പൊലീസ് കാണിച്ചതോടെ നടൻ പ്രതിരോധത്തിലായി. വലിയ തുകകളാണ് സജീറിന് താരം നൽകിയത്. പല തവണയായി സജീറിന് പണം നൽകിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ‌‌വാട്സ്ആപ്പ് മെസേജുകളും കോളുകളുമാണ് നടനെതിരായ കേസിൽ നിർണായകമായത്.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യം ചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ നടൻ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ഡാൻസാഫ് സംഘത്തിന്റെ പരിശോധനക്കിടെയാണ് ഷൈൻ ടോം ​ചാക്കോ ബുധനാഴ്ച രാത്രി കൊച്ചിയിലെ പി.ജി.എസ് വേദാന്ത ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ടത്. മറ്റൊരു ലഹരി ഇടപാടുകാരനെ തേടിയാണ് ഡാൻസാഫ് സംഘം ഹോട്ടലിലെത്തിയത്.

ഹോട്ടൽ മുറിയുടെ ജനാല വഴി ചാടിയ നടൻ രണ്ടാംനിലയിലെ ഷീറ്റ് വിരിച്ച മേൽക്കൂരയിലേക്ക് വീഴുകയായിരുന്നു. ഷീറ്റ് തകർന്ന് താഴെ എത്തിയ ഷൈൻ സ്വിമ്മിങ് പൂളിലൂടെയും ഗോവണി ഇറങ്ങിയും ഓടുന്നത് ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. ആ സമയത്ത് നടന്റെ തലയിൽ തൊപ്പിയുണ്ടായിരുന്നു. 2015ലെ കൊക്കെയ്ൻ കേസിൽ നടനെ അടുത്തിടെയാണ് തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടത്.

Tags:    
News Summary - Shine Tom Chacko charged with various sections that could carry prison sentence more than 10 years; notice to appear again on Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.