കോഴിക്കോട്: മൃതദേഹത്തിൽനിന്ന് കോവിഡ് രോഗം പകരുമെന്ന ഭീതി വേണ്ടെന്ന് ഫോറൻസിക് വിദഗ്ധ ഡോ. ഷേർലി വാസു. കോവിഡ് മരണം നാട്ടുകാരിൽ ഭീതിയുണ്ടാക്കുകയും മൃതദേഹം അടക്കം ചെയ്യുന്നത് തടയുകയും ചെയ്യുന്ന സ്ഥിതി വിശേഷമാണ് പലയിടത്തും. മൃതദേഹത്തിൽനിന്ന് കോവിഡ് വ്യാപിക്കുമെന്ന ഭീതിയാണ് കാരണം. ജീവനുള്ള കോശങ്ങളിലേ രോഗാണുവിന് രോഗവ്യാപനശേഷിയുണ്ടാവൂ. മരിച്ച് കഴിഞ്ഞ് ആറ് മണിക്കൂറേ കോശങ്ങൾക്ക് ജീവനുണ്ടാകൂ.
അതിനാൽ, ആ സമയം കഴിഞ്ഞാൽ രോഗസാധ്യതയില്ല. മൃതദേഹത്തിെൻറ വസ്ത്രങ്ങളിലോ മറ്റോ രോഗാണുവുണ്ടെങ്കിൽ മാത്രമേ വ്യാപിക്കുകയുള്ളൂവെന്നും ഡോക്ടർ ‘മാധ്യമ’ത്തോട് പറഞ്ഞു.മൃതദേഹം അടക്കംചെയ്യുന്നത് പ്രോട്ടോകോൾ പ്രകാരം തന്നെയാകണം. 10 അടി താഴ്ചയിൽ കുഴിയെടുത്താൽ പിന്നീട് നായ്ക്കളോ മറ്റോ മൃതദേഹം മാന്തി പുറത്തിടില്ല. കോവിഡ് ബാധിച്ചുണ്ടാകുന്ന മരണങ്ങളിൽ അണുനശീകരണം കൃത്യമാകാൻ സാധ്യത കുറവാണെന്നു കണ്ടാണ് ബന്ധുക്കൾക്ക് മൃതദേഹം കാണാൻ അവസരം നൽകാത്തത്. ആ പ്രോട്ടോക്കോൾ പാലിക്കുക തന്നെയാണ് രോഗവ്യാപനം തടയാൻ നല്ലത്.
ചില മൃതദേഹങ്ങളിൽനിന്ന് മൂക്കിലൂടെയോ വായിലൂടെയോ ദ്രവങ്ങൾ ഒഴുകാൻ ഇടയുണ്ട്. മൂക്കിലൂടെ ഒഴുകാതിരിക്കാൻ ദ്വാരങ്ങളിൽ കോട്ടൺ വെച്ച് തടയാം. എന്നാൽ, വായിലൂടെ പുറത്തുവരുന്ന ദ്രവങ്ങൾ രോഗം പരത്താൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കേണ്ടതുണ്ട്. മൃതദേഹം കൈകാര്യം ചെയ്യാൻ ഏറ്റവും നല്ലത് മോർച്ചറി ജീവനക്കാരാണ്. വൈറസ് രോഗങ്ങൾ ബാധിച്ച നിരവധി മൃതദേഹങ്ങൾ കൈകാര്യം ചെയ്തുള്ള അവരുടെ പരിചയം അതിന് ഉപകാരപ്പെടും. രോഗ സാധ്യത കുറക്കുംവിധം മൃതദേഹം കൈകാര്യം ചെയ്യാൻ ജീവനക്കാർക്കാകും.
എന്നാൽ, കോവിഡ് അല്ലെങ്കിൽ മറ്റെന്തെങ്കിലും വൈറസ് രോഗം ബാധിച്ചവർ മരിച്ചാൽ ഒരു ദിവസം കഴിഞ്ഞു മാത്രമേ പോസ്റ്റ്മോർട്ടം ചെയ്യാവൂ. അത്രയും സമയം കഴിയുമ്പോഴേ രോഗാണു നശിക്കൂ. നമ്മുടെ നാട്ടിൽ അത് നടക്കാറില്ല. വൈറസ് മരണങ്ങളിൽ പോസ്റ്റ്മോർട്ടം നടത്തേണ്ടത് ലെവൽ ത്രീ മോർച്ചറിയിലാണ്. കേരളത്തിലെവിടെയും ലെവൽ ത്രീ മോർച്ചറി സൗകര്യമില്ല. കേരളത്തിൽ കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ വെർച്വൽ ഓട്ടോപ്സി സൗകര്യമോ ലെവൽ ത്രീ മോർച്ചറി സൗകര്യമോ ഒരുക്കണം- ഡോ. ഷേർലി വാസു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.