വൈക്കത്ത് കെ.മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകാതിരുന്നത് തെറ്റ് -ശശി തരൂർ

തിരുവനന്തപുരം: കോൺഗ്രസിന്റെ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിനിടെ കെ.മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകാതിരുന്നത് തെറ്റാ​ണെന്ന് ശശി തരൂർ എം.പി. എല്ലാ മുൻ കെ.പി.സി.സി അധ്യക്ഷൻമാരേയും ഒരേ പോലെ കാണണമായിരുന്നു. ഇക്കാര്യത്തിൽ പാർട്ടി നേതൃത്വത്തിന് തെറ്റ് സംഭവിച്ചു. സീനിയർ നേതാവിനെ അപമാനിച്ചത് ശരിയായില്ലെന്നും തരൂർ പറഞ്ഞു.

കോൺഗ്രസുമായി ചേർന്ന് നിൽക്കുന്ന എല്ലാവരേയും സഹകരിപ്പിക്കാൻ പാർട്ടി നേതൃത്വം തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രനോടും വി.എം സുധീരനോടുമുള്ള പാർട്ടി സമീപനത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു തരൂരിന്റെ മറുപടി.

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിൽ എല്ലാവർക്കും പ്രസംഗിക്കാൻ അവസരം നൽകിയെന്നും തനിക്ക് മാത്രം നൽകിയില്ലെന്നും മുരളീധരൻ പറഞ്ഞിരുന്നു. പാർട്ടിക്ക് തന്‍റെ സേവനം ആവശ്യമില്ല എന്ന് തോന്നിയാൽ അറിയിച്ചാൽ മതിയെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

‘എം.എം ഹസനും രമേശ് ചെന്നിത്തലയും ഞാനും അടക്കം മൂന്ന് കെ.പി.സി.സി മുൻ പ്രസിഡന്‍റുമാർ ചടങ്ങിൽ പങ്കെടുത്തു. ചെന്നിത്തലക്കും ഹസനും പ്രസംഗിക്കാൻ അവസരം കൊടുത്തു, എനിക്ക് മാത്രം നൽകിയില്ല. അത് അവഗണനയാണ്, കാരണം അറിയില്ല’ -മുരളീധരൻ പറഞ്ഞു.

‘വീക്ഷണം സപ്ലിമെന്‍റിലും എന്‍റെ പേരില്ല. ബോധപൂർവം മാറ്റിനിർത്തിയതാണ്. സ്വരം നന്നാകുമ്പോൾ തന്നെ പാട്ട് നിർത്താൻ തയാറാണ്. പാർട്ടിയാണ് ഈ സ്ഥാനങ്ങളിലൊക്കെ എന്നെ എത്തിച്ചത്. ആ പാർട്ടിക്ക് എന്‍റെ സേവനം ആവശ്യമില്ല എന്ന് തോന്നിയാൽ അറിയിച്ചാൽ മതി എന്ന് ഞാൻ സൂചിപ്പിച്ചിട്ടുണ്ട്. അത് കെ.സി വേണുഗോപാലിനോടും കെ. സുധാകരനോടും പറഞ്ഞിട്ടുണ്ട്’ -മുരളീധരൻ വ്യക്തമാക്കി

Tags:    
News Summary - Shashi Tharoor statement on k muralidharan vaikom speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.