ഷഹബാസിന്റെ ഇരിപ്പിടം ശൂന്യം; വിങ്ങിപ്പൊട്ടിയ മനസ്സുമായി അവർ പരീക്ഷയെഴുതി

കോഴിക്കോട്: ‘ഓൻ എഴുതാത്ത പരീക്ഷ ഞങ്ങക്കും എഴുതണ്ട’ എന്ന് കരഞ്ഞുപറഞ്ഞ് വാശിപിടിച്ചിരിക്കുകയായിരുന്നു, ഷഹബാസിന്‍റെ ചങ്കായ സുഹൃത്തുക്കൾ. പഠിച്ചതെല്ലാം കടലാസിലേക്ക് പകർത്താൻ കാത്തിരിക്കാതെ ആറടി മണ്ണിലേക്ക് മടങ്ങിയ 10ാം ക്ലാസുകാരന്‍റെ ചങ്ങാതിമാരെ രക്ഷിതാക്കളും അധ്യാപകരും ഏറെ പ്രയാസപ്പെട്ടാണ് തിങ്കളാഴ്ച എസ്.എസ്.എൽ.സി പരീക്ഷയെഴുതാൻ എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽ എത്തിച്ചത്.

ഷഹബാസ് പരീക്ഷയെഴുതേണ്ടിയിരുന്ന 49ാം നമ്പര്‍ ഹാളിന് മുന്നിലെത്തിയപ്പോൾ അവർ നിയന്ത്രണംവിട്ടു വിതുമ്പി. ഇതേ ഹാളിൽ ഏറ്റവും പിറകിൽ ഇടത്തേ അറ്റത്തെ സീറ്റിൽ 628307 രജിസ്റ്റര്‍ നമ്പറിൽ മോഡൽ പരീക്ഷയെഴുതിയ പ്രിയപ്പെട്ടവൻ, പ്രതീക്ഷയോടെ കാത്തിരുന്ന വാർഷിക പരീക്ഷയെഴുതാൻ തങ്ങളുടെ കൂടെയില്ലെന്നത് ഉൾക്കൊള്ളാൻ അവർ പാടുപെട്ടു. സ്കൂളിലെത്തിയ അവരെ വരവേറ്റത് ഷഹബാസിന് ആദരാഞ്ജലിയർപ്പിച്ച് ചുറ്റുമതിലിൽ തൂക്കിയ ഫ്ലക്സ് ബോർഡായിരുന്നു. ഇതുകണ്ട കുട്ടികൾ ഒരുമിനിഷം സ്തബ്ദരായി. ഇത് കുട്ടികളെ സ്വാധീനിക്കുമെന്ന് രക്ഷിതാക്കൾ പരാതിപ്പെട്ടതോടെ പരീക്ഷ തുടങ്ങുന്നതിന് തൊട്ടുമുമ്പ് സ്കൂൾ അധികൃതർ അഴിച്ചുമാറ്റി.

വൻ പ്രതിഷേധത്തിന് നടുവിൽ കുറ്റാരോപിതർ പരീക്ഷയെഴുതി

കോഴിക്കോട്: വൻ പ്രതിഷേധത്തിന് നടുവിൽ താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ അഞ്ചുവിദ്യാർഥികളും എസ്.എസ്.എൽ.സി പരീക്ഷ എഴുതി. കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിലാണ് പരീക്ഷ എഴുതാനായി ഇവർക്ക് പ്രത്യേക സൗകര്യം ഒരുക്കിയത്.

വിദ്യാഭ്യാസ വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരാണ് ഇവർക്ക് പരീക്ഷയെഴുതാൻ സൗകര്യമൊരുക്കാൻ ജുവനൈൽ ഹോമിലെത്തിയത്. തൊട്ടടുത്ത പരീക്ഷകേന്ദ്രമായ ജെ.ഡി.ടി ഹയർസെക്കൻഡറി സ്കൂളിലാണ് ഉദ്യോഗസ്ഥർ പരീക്ഷ പേപ്പറുകൾ ഏൽപ്പിച്ചത്.

ഉദ്യോഗസ്ഥർ ഉത്തരക്കടലാസുകളുമായി മടങ്ങിയതിനു ശേഷം കുറ്റാരോപിതരെ ഒബ്സർവേഷൻ ഹോമിലേക്കുതന്നെ മാറ്റി. താമരശ്ശേരിയില്‍ ഇവര്‍ പഠിക്കുന്ന സ്കൂളില്‍ പരീക്ഷ എഴുതിക്കാനുള്ള തീരുമാനം പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് മാറ്റിയത്. പിന്നീട് കോഴിക്കോട് എൻ.ജി.ഒ ക്വാര്‍ട്ടേഴ്‌സ് സ്‌കൂളാണ് പരീക്ഷ കേന്ദ്രമായി അനുവദിച്ചിരുന്നത്. എന്നാൽ, സുരക്ഷ പ്രശ്നമടക്കം വിലയിരുത്തി ജുവനൈല്‍ ഹോമില്‍തന്നെ പരീക്ഷ എഴുതുന്നതിനുള്ള പ്രത്യേക സൗകര്യമൊരുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇവരെ പരീക്ഷ എഴുതിക്കാൻ അനുവദിക്കരുത് എന്ന ആവശ്യവുമായി രാവിലെ ആറേമുക്കാൽ മുതൽതന്നെ വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിലേക്ക് സംഘടനകൾ പ്രതിഷേധവുമായെത്തി. കെ.എസ്.യു, യൂത്ത് കോൺഗ്രസ്, എം.എസ്.എഫ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ സമരപരമ്പര തന്നെയാണ് ഇവിടെ അരങ്ങേറിയത്. പരീക്ഷ നടക്കുന്ന അടുത്ത ദിവസങ്ങളിലും പ്രതിഷേധം തുടരാനാണ് സാധ്യത.

Tags:    
News Summary - Shahbaz's seat was empty; Students wrote the exam with a broken heart

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.