ഷഹബാസ് പഠിക്കാൻ മിടുക്കൻ; മർദിച്ചവരെ അറിയാമെന്ന് സുഹൃത്തുക്കൾ; പോസ്റ്റുമോർട്ടം പൂർത്തിയായി

കോഴിക്കോട്: എളേറ്റിൽ എം.ജെ സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസിനെ മർദിച്ചവരെ അറിയാമെന്ന് സുഹൃത്തുകൾ. താമരശ്ശേരി സ്കൂളിലെ കുട്ടികളാണ് മർദിച്ചത്. ഷഹബാസിനെ മർദിക്കുമെന്ന് ഇവർ നേരത്തെ പറഞ്ഞിരുന്നു. രണ്ടു ദിവസം മുമ്പ് ഷഹബാസിന്റെ ചങ്ങാതിയെ മർദിച്ചിരുന്നതായും സുഹൃത്തുക്കൾ വെളിപ്പെടുത്തി.

ട്യൂഷൻ സെന്‍ററിൽ യാത്രയയപ്പ് പരിപാടിക്കിടെ നടന്ന നൃത്തവുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. പിന്നാലെയാണ് ഭീഷണിയുണ്ടാകുന്നത്. ഷഹബാസ് നന്നായി പഠിക്കുന്ന കുട്ടി ആയിരുന്നു. എന്നാൽ, ഷഹബാസിനെ വീട്ടിൽ നിന്നു കൂട്ടിക്കൊണ്ടുപോയവരെ അറിയില്ലെന്നും സുഹൃത്തുക്കൾ പറഞ്ഞു. പ്രതിചേർത്ത വിദ്യാർഥികളും പഠിക്കാൻ മിടുക്കരാണെന്ന് ട്യൂഷൻ ക്ലാസ് പ്രിൻസിപ്പൽ പറഞ്ഞു.

തലക്ക് സാരമായി പരിക്കേറ്റ താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസ് (15) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

താമരശ്ശേരി ട്രിസ് ട്യൂഷൻ സെന്ററിൽ പത്താം ക്ലാസുകാരുടെ യാത്രയയപ്പ് പരിപാടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്. നഞ്ചക്ക് പോലു‍ള്ള ആ‍യുധം കൊണ്ടുള്ള ആക്രമണത്തിലാണ് ഷഹബാസിന് പരിക്കേറ്റതെന്ന് പൊലീസ് പറയുന്നുണ്ട്. തലക്കേറ്റ ക്ഷതമാണ് മരണകാരണം. ഫെയർവെൽ പാർട്ടി നടന്ന ട്യൂഷൻ സെന്ററിലെ വിദ്യാർഥിയായിരുന്നില്ല ഷഹബാസ്.

വീട്ടിലുണ്ടായിരുന്ന ഷഹബാസിനെ സുഹൃത്ത് വന്ന് വിളിച്ചുകൊണ്ടുപോകുകയായിരുന്നു. സുഹൃത്ത് തന്നെയാണ് അവശനിലയിലുള്ള ഷഹബാസിനെ വീടിനു സമീപം സ്കൂട്ടറിൽ കൊണ്ടുവന്ന് ഇറക്കിയതും. അവശനായി വീട്ടിലെത്തിയ ഷഹബാസിനോട് മാതാവ് എന്താണ് പറ്റിയതെന്ന് ചോദിച്ചെങ്കിലും ഒന്നും പറഞ്ഞില്ല. ക്ഷീണമുണ്ടെന്നും കുറച്ചുനേരം കിടക്കണമെന്നും പറഞ്ഞ് റൂമിൽ കയറി. പുറമേ കാര്യമായ പരുിക്കുകളൊന്നും ഇല്ലാതിരുന്ന ഷഹബാസ് രാത്രി ഛർദിച്ചതോടെയാണ് വീട്ടുകാർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. നില വഷളായതിനെതുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

തലക്ക് ഗുരുതരമായി പരിക്കേറ്റതായും ബോധക്ഷയം ഉണ്ടായതായും ബന്ധുക്കൾ പറഞ്ഞു. താമരശ്ശേരിയിലെ വിദ്യാർഥികളെ കൂടാതെ, പുറമേനിന്നുള്ള കണ്ടാലറിയാവുന്ന ചിലരും സംഘടിച്ചെത്തിയാണ് അക്രമം നടത്തിയതെന്നാണ് ഷഹബാസിന്റെ ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഷഹബാസിന് തലച്ചോറിൽ ആന്തരികരക്തസ്രാവവും ചെവിക്കു സമീപം എല്ലിന് പൊട്ടലുമുണ്ടായിരുന്നു. ഒരുദിവസത്തിലേറെ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞ വിദ്യാർഥി ഒടുവിൽ മരണത്തിന്‌ കീഴടങ്ങുകയായിരുന്നു.

അതേസമയം, ഷഹബാസിന്‍റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം ബന്ധുക്കൾ കൈമാറി. കുറ്റാരോപിതരായ വിദ്യാർഥികളെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റും. ജുവനൈൽ ജസ്റ്റിസ് ബോർഡിന്‍റേതാണ് തീരുമാനം. ഈ വിദ്യാർഥികളെ പരീക്ഷ എഴുതാൻ സമ്മതിക്കും.

Full View

Tags:    
News Summary - Shahbaz is good at learning; The post-mortem has been completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.