ഷഹാന

ഷഹാന ഒടുവിലത്തെ ഇര; കോഴിക്കോട് നാലുമാസത്തിനിടെ 628 ഗാർഹിക പീഡന കേസുകൾ

കോഴിക്കോട്: വിവാഹ ജീവിതത്തിൽ സഹിച്ചും ക്ഷമിച്ചും മടുത്ത പെൺകുട്ടികൾ മറ്റു വഴികളില്ലാതെ മരണം പുൽകുമ്പോൾ അവരെ ചേർത്തുപിടിക്കാൻ കഴിയാത്ത നിമിഷമോർത്ത് വീട്ടുകാർ കണ്ണീരൊഴുക്കേണ്ടി വരുന്ന സ്ഥിതി തുടരുന്നു. നടിയും മോഡലുമായ ഷഹാനയെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത് ഭർതൃ പീഡനത്തിന്റെ ഭാഗമാണെന്ന് അവരുടെ മാതാവും ബന്ധുക്കളും ആരോപിക്കുന്നു.

ഇത്തരത്തിൽ ജില്ലയിൽ ആറു വർഷത്തിനിടെ അഞ്ചു മരണങ്ങൾ നടന്നതായാണ് കണക്കുകൾ. അതിൽ മൂന്നെണ്ണം നഗരപരിധിയിലാണ് നടന്നത്.

മക്കളെ വിവാഹം ചെയ്ത് അയച്ചാൽ ഭാരമൊഴിഞ്ഞെന്ന് കരുതുന്ന വീട്ടുകാർക്ക് പൊലീസിന്റെ ക്രൈം റെക്കോഡുകൾ പാഠമാകണമെന്നാണ് നിയമവിദഗ്ധർ പറയുന്നത്. കേസുകൾ കൈകാര്യം ചെയ്യുന്നതിനായി എല്ലാ ജില്ലകളിലും വനിത സംരക്ഷണ ഓഫിസറെ നിയമിച്ചിട്ടുണ്ട്. കോഴിക്കോട് സിവിൽ സ്റ്റേഷനിലും വനിത സംരക്ഷണ സെൽ പ്രവർത്തിക്കുന്നുണ്ട്. പരാതി ഇവരെ അറിയിച്ചാൽ തുടർ നടപടികൾ സ്വീകരിക്കും. ജില്ലയിൽ വനിത സംരക്ഷണ സെല്ലിനു മുമ്പാകെ 2022 ജനുവരി മുതൽ ഏപ്രിൽ വരെ 628 കേസുകളാണ് ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

അതിൽ 274 പരാതികൾ നേരിട്ടും 354 എണ്ണം കോടതിവഴിയും എത്തിയതാണെന്ന് വനിത സംരക്ഷണ ഓഫിസർ ഡോ. ലിൻസി അറിയിച്ചു. നേരിട്ട് വന്നതിൽ 105 കേസുകൾ ഒത്തുതീർപ്പാക്കി. ആറു പേർക്ക് ഷെൽട്ടർ നൽകി. 17 പേർക്ക് സൗജന്യ നിയമസഹായവും നൽകി. മറ്റു കേസുകൾ നടപടികളിലാണ്. സ്ത്രീധന നിരോധന നിയമത്തിനു കീഴിൽ വനിത സംരക്ഷണ സെല്ലിനു മുമ്പാകെ വന്ന പരാതി നാലെണ്ണമാണ്. എന്നാൽ, ഗാർഹിക പീഡന കേസുകളിൽ സ്വർണം ദുരുപയോഗം ചെയ്തുവെന്നും മറ്റുമുള്ള പരാതികളും ഉണ്ടെന്ന് ഓഫിസർ പറഞ്ഞു. 2019ൽ 619 കേസുകളും 2020 ൽ 779 കേസുകളും 2021ൽ 829 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

2021ലാണ് കേസുകൾ കൂടുതലായി രജിസ്റ്റർ ചെയ്യപ്പെട്ടത്. അതിൽ 232 കേസുകൾ ഒത്തുതീർപ്പാക്കി. 13 പേർക്ക് ഷെൽട്ടറും 52 പേർക്ക് നിയമസഹായവും നൽകിയിട്ടുണ്ട്. ബാക്കി കേസുകൾ നടപടികളിലാണ്.

സംസ്ഥാനത്ത് ഒരു വർഷത്തിനിടെ 12 പേരാണ് സ്ത്രീധന പീഡനംമൂലം മരിച്ചത്. 2021ൽ 10 പേരും 2022 മാർച്ച് വരെ മൂന്നു മാസത്തിനുള്ളിൽ രണ്ടു പേരും മരിച്ചു. 2016 മുതലുള്ള കണക്കുകൾ പ്രകാരം 80 പെൺകുട്ടികൾ സ്ത്രീധന പീഡനത്തിന് ഇരയായി മരിച്ചു.

പരാതിപ്പെടാൻ സംവിധാനങ്ങളേറെ

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും ആവർത്തിച്ചു വരുന്ന സാഹചര്യം ഇല്ലാതാക്കുന്നതിനും കേന്ദ്ര സഹായത്തോടെ വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ സഖി വൺ സ്റ്റോപ് സെന്റർ പ്രവർത്തിച്ചുവരുന്നുണ്ട്. വെള്ളിമാട്കുന്ന് സാമൂഹിക നീതി കോംപ്ലക്സിലാണ് കോഴിക്കോട് സെന്റർ പ്രവർത്തിക്കുന്നത്.

24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ഥാപനമാണ് സഖി. അടിയന്തര പ്രതികരണവും രക്ഷാപ്രവർത്തന സേവനങ്ങളും വൈദ്യ സഹായം, നിയമസഹായം, കൗൺസലിങ്, ഷെൽട്ടർ, വിഡിയോ കോൺഫറൻസ് സൗകര്യം എന്നിവയാണ് സെന്ററിൽനിന്നും ലഭിക്കുന്ന സേവനങ്ങൾ. സ്ത്രീധനത്തിനെതിരായ പരാതികൾ wcd.kerala.gov.in/dowry എന്ന പോർട്ടലിലൂടെ റിപ്പോർട്ട് ചെയ്യാം.

സഹായം ആവശ്യമുള്ളവർക്ക് ബന്ധപ്പെടാം

നിർഭയ ടോൾ ഫ്രീ -18004251400

മിത്ര - 181

കോഴിക്കോട് സഖി വൺ സ്റ്റോപ് സെന്റർ- 0495 2732253

വിമൻ ഹെൽപ് ലൈൻ -1091

വനിത സംരക്ഷണ ഓഫിസ് -0495 2371343

Tags:    
News Summary - Shahana is the last victim; 628 domestic violence cases during the last four months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT