കണ്ണൂർ: മലപ്പട്ടത്ത് യൂത്ത് കോൺഗ്രസിന്റെ പ്രകോപനത്തിന് മറുപടിയായി എസ്.എഫ്.ഐ സംഘടിപ്പിച്ച പ്രതിഷേധമാർച്ചിനിടെ റോഡരികിൽ നിന്ന് പിഴുതെടുത്ത കൊടിമരം മാറിപോയി. കോൺഗ്രസിന്റെത് എന്ന് കരുതി പിഴുതെടുത്ത് ചുമലിലേറ്റി എസ്.എസ്.ഐ പ്രവർത്തകർ കൊണ്ടുപോയത് കോൺഗ്രസ് വിട്ട പി.കെ.രാഗേഷിന്റെ രാജീവ്ജി കൾച്ചറൽ ഫോറത്തിന്റെതായിരുന്നു.
പിഴുതെടുത്ത കൊടിമരം ചുമലിലേറ്റി പോയ പ്രവർത്തകർ ഇത് പിന്നീട് ബസ് സ്റ്റാൻഡ് പരിസരത്താണ് ഉപേക്ഷിക്കുന്നത്. കോൺഗ്രസിൽ നിന്ന് പുറത്തായ പി.കെ.രാകേഷ് നിലവിൽ എൽ.ഡി.എഫിനോട് ചേർന്ന് പ്രവർത്തിച്ചുവരികയാണ്.
എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന ധീരജിനെ യൂത്ത് കോൺഗ്രസുകാർ അപമാനിച്ചുവെന്ന് ആരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
രണ്ട് ദിവസം മുമ്പ് മലപ്പട്ടത്ത് സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രകടനത്തിൽ 'ധീരജിനെ കുത്തിയ കത്തി അറബിക്കടലിൽ താഴ്ത്തീട്ടില്ല' എന്ന് മുദ്രാവാക്യം ഉയർന്നിരുന്നു. ഇതിനെതിരെയാണ് എസ്.എഫ്.ഐ പ്രതിഷേധ പ്രകടനം നടത്തിയത്.
പ്രകടനത്തിനിടെ കെ സുധാകരന്റെ ചിത്രമുള്ള ഫ്ളക്സ് ബോർഡും പിഴുത് മാറ്റി. അതേസമയം, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സ്തൂപം തകർത്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി കെ.പി.സി.സി മുൻ അധ്യക്ഷൻ കെ. സുധാകരൻ രംഗത്തെത്തി.
ഇന്ത്യാ രാജ്യത്ത് ഗാന്ധി സ്തൂപം സ്ഥാപിക്കാൻ സി.പി.എമ്മിന്‍റെ അനുമതി വേണ്ടെന്നും കണ്ണൂർ ജില്ലയിൽ രാഷ്ട്രപിതാവിന്‍റെ 100 സ്തൂപങ്ങൾ സ്ഥാപിക്കുമെന്നും കെ. സുധാകരൻ പറഞ്ഞു. അക്രമങ്ങൾ നടന്ന സ്ഥലങ്ങളിലെല്ലാം ഗാന്ധി സ്തൂപങ്ങൾ സ്ഥാപിക്കുമെന്നും അതിനെ സംരക്ഷിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.
എന്നാൽ, ‘ധീരജിനെ കുത്തിയ കത്തി അറബിക്കടലിൽ താഴ്‌ത്തിയിട്ടില്ല’ എന്ന കോൺഗ്രസ് പ്രവർത്തകരുടെ മുദ്രാവാക്യം കേരളത്തെ കുരുതി കളമാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.
കോൺഗ്രസ് അക്രമ രാഷ്ട്രീയത്തിലേക്ക് മടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റിനെ മാറ്റിയതുമായി ബന്ധപ്പെട്ട് വലിയ കുഴപ്പമാണ് കോൺഗ്രസിനകത്ത് നടക്കുന്നത്. തന്നെ പ്രസിഡന്‍റ് സ്ഥാനത്തു നിന്നും മാറ്റിയതിനെതിരെ കെ സുധാകരൻ തന്നെ മാധ്യമങ്ങൾക്ക് മുന്നിലെത്തി. ഈ സന്ദർഭത്തിൽ മാധ്യമ ശ്രദ്ധ മാറ്റാൻ ഒരു അക്രമ സംവിധാനത്തിലേക്ക് കാര്യങ്ങൾ നീക്കാനാണ് കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. അതു കൊണ്ടൊന്നും കോൺഗ്രസ് രക്ഷപ്പെടില്ലെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.