1. ചാക്ക് കൊണ്ട് മൂടിയ സ്ത്രീയുടെ മൃതദേഹം 2. സമീപത്ത് മതിലിൽ ചാരി ഉറങ്ങുന്ന വീട്ടുടമ ജോർജ്

കോന്തുരുത്തിയിൽ കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി; കുറ്റം സമ്മതിച്ച് പൊലീസ് കസ്റ്റഡിയിലുള്ള വീട്ടുടമ

കൊച്ചി: തേവര കോന്തുരുത്തിയിൽ സ്ത്രീയുടെ മൃതദേഹം ചാക്ക് കൊണ്ട് മൂടിയ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. മൃതദേഹം കണ്ടെത്തിയ വീടിന്‍റെ ഉടമ ജോർജ് ആണ് കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ടത് എറണാകുളം സൗത്തിലുള്ള ലൈംഗിക തൊഴിലാളിയാണെന്ന് ജോർജ് മൊഴി നൽകിയതായി എറണാകുളം സൗത്ത് പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച രാത്രി സൗത്ത് ഗേൾസ് ഹൈസ്കൂളിന്‍റെ ഭാഗത്ത് നിന്നാണ് ജോർജ് സ്ത്രീയെ വീട്ടിലെത്തിച്ചത്. തുടർന്ന് പണം സംബന്ധിച്ച് ജോർജും സ്ത്രീയും തമ്മിൽ തർക്കമുണ്ടായി. ഇതിന് പിന്നാലെ മുറിയിലുണ്ടായിരുന്ന ഇരുമ്പുകമ്പി ഉപയോഗിച്ച് ജോർജ് സ്ത്രീയുടെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സംശയമുണ്ടാകാതിരിക്കാനായി മൃതദേഹം കയർകൊട്ടി വലിച്ച് റോഡിൽ തള്ളിയിട്ട് കടന്നുകളയാനായിരുന്നു പ്രതി പദ്ധതിയിട്ടത്. പുലർച്ചെ നാലരക്കും അഞ്ചിനും ഇടയിൽ മൃതദേഹം വലിച്ചു കൊണ്ടുവരവെ ജോർജ് കുഴഞ്ഞുവീഴുകയായിരുന്നു. ഇതാണ് ജോർജിനെ മതിലിൽചാരി മയങ്ങിയ നിലയിൽ പിന്നീട് കണ്ടെത്താൻ കാരണം. കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും പൊലീസ് അറിയിച്ചു.

രാവിലെ തേവര കോന്തുരുത്തിയിൽ ഹരിതകർമസേനാംഗങ്ങൾ മാലിന്യം ശേഖരിക്കാൻ എത്തിയപ്പോഴാണ് സ്ത്രീയുടെ മൃതദേഹം ചാക്ക് കൊണ്ട് മൂടിയ നിലയിൽ കണ്ടെത്തിയത്. കോന്തുരുത്തി പള്ളിക്ക് സമീപം ജോർജിന്‍റെ ഉടമസ്ഥതയിലുള്ള വീടിന്‍റെ വളപ്പിലാണ് മൃതദേഹം ഉണ്ടായിരുന്നത്.

അർധനഗ്നയായ സ്ത്രീയുടെ മൃതദേഹം അരഭാഗം വരെയാണ് ചാക്ക് കൊണ്ട് മൂടിയിരുന്നത്. ഈ സമയത്ത് മൃതദേഹത്തിന്‍റെ സമീപത്തെ മതിലിൽ ജോർജ് ചാരി മയങ്ങികിടക്കുകയായിരുന്നു. മൃതദേഹം ഉപേക്ഷിക്കാൻ പോകവെ മദ്യലഹരിയിലായ ജോർജ് തളർന്നുവീണുവെന്നാണ് പൊലീസ് കണ്ടെത്തിയത്.

ജോർജ് ഇന്നലെ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കൂടാതെ, ഇയാൾ ആളുകളോട് പട്ടിയെ കുഴിച്ചിടാനായി ചാക്ക് ആവശ്യപ്പെട്ടതായും പൊലീസിന് വിവരം ലഭിച്ചു.

ജോർജിന്‍റെ വീട്ടിൽ നിന്ന് രാവിലെ ഒച്ചകേട്ടതായി പ്രദേശവാസി പറഞ്ഞു. ജോർജിന് പ്രായമുള്ളവരെ പരിചരിക്കുന്ന ജോലിയാണ്. ജോർജ് കുറേനാളായി തനിച്ചാണ് താമസിക്കുകയാണ്. ഭാര്യ അവരുടെ വീട്ടിലാണെന്നും മക്കൾ സ്ഥലത്തില്ലെന്നും പ്രദേശവാസി വ്യക്തമാക്കി.

Tags:    
News Summary - Sex worker killed in Konthuruthy, Kochi; Homeowner in custody after confessing to crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.