മാവേലിക്കര: ലൈംഗിക വിവാദം ഓര്‍ത്തഡോക്സ് സഭക്ക് വീണ്ടും തലവേദനയാകുന്നു. റാന്നി ഹോളി ട്രിനിറ്റി ആശ്രമ അംഗമായ വൈദികനെതിരെയാണ് മാവേലിക്കര സ്വദേശിയായ യുവതി രംഗത്തെത്തിയത്. 2014ല്‍ ആരോപണവിധേയനായ വൈദികന് യുവതിയുടെ ഇടവകയില്‍ വികാരിയായി ഇരിക്കെയാണ് അതിക്രമം നടന്നത്.
ഭര്‍തൃസഹോദരനും കുടുംബവുമായുള്ള പ്രശ്നം പരിഹരിക്കാനാണ് വൈദികനെ യുവതി സമീപിച്ചത്. എന്നാല്‍, വിവരങ്ങള്‍ ചോദിക്കുന്നതിനിടെ ലൈംഗികമായി പീഡിപ്പിെച്ചന്നാണ് പരാതി. തുടര്‍ന്ന് വ്യക്തിഹത്യ നടത്തുന്ന പ്രചാരണങ്ങളും നടത്തിയതായും യുവതി പരാതിപ്പെടുന്നു. സംഭവത്തില്‍ സഭയുടെ മാവേലിക്കര, റാന്നി ഭദ്രാസനാധിപന്മാര്ക്ക് പരാതി നല്‍കിയിരുന്നു.
രണ്ടുതവണ നിലക്കല്‍, മാവേലിക്കര മെത്രാപ്പോലീത്തമാര്‍ക്ക് പരാതി നല്‍കിയിട്ടും നീതി ലഭിച്ചില്ല. പിന്നീട് സഭാതലത്തിലുള്ള അന്വേഷണം വന്നപ്പോള്‍ വൈദികന് വീട്ടിലെത്തി ആത്മഹത്യ ഭീഷണി മുഴക്കി. തുടര്‍ന്ന് ഇടവക കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്ക് വഴങ്ങുകയായിരുന്നു. തെറ്റുകള്‍ ഇനിയുണ്ടാകില്ലെന്ന് വൈദികൻ സമ്മതിച്ചതോടെ പരാതി പിന്‍വലിക്കുകയായിരുന്നു.
എന്നാല്‍, മറ്റൊരു പള്ളിയിലേക്ക് മാറിയതോടെ വൈദികൻ ഫോണിലൂടെയുള്ള ശല്യം വീണ്ടും തുടങ്ങി. പിന്നെയും സഭ മേലധ്യക്ഷന്മാരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ഇടവകയിലെ ചിലര്‍ തന്നെയും കുടുംബത്തെയും ഒറ്റപ്പെടുത്താന്‍ ശ്രമം നടത്തിയതായും യുവതി പറയുന്നു. 11ഉം 10ഉം വയസ്സുള്ള രണ്ട് കുട്ടികളുടെ അമ്മയാണ് യുവതി. സഭയിലെ നാല് വൈദികര്‍ക്കെതിരെ പീഡനക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കവേയാണ് മറ്റൊരു വൈദികനെതിരെ പരാതി ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.