വീണ്ടും പേവിഷബാധ മരണം; ചികിത്സയിലായിരുന്ന ഏഴു വയസുകാരി മരിച്ചു

തിരുവനന്തപുരം/കുന്നിക്കോട്: പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴുവയസുകാരി മരിച്ചു. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശി നിയ ഫൈസലാണ് മരിച്ചത്. ആദ്യത്തെ മൂന്ന് പ്രതിരോധ വാക്സിൻ എടുത്തിരുന്നു. ഏപ്രിൽ എട്ടിന് വീട്ടുമുറ്റത്ത് വച്ചാണ് കുട്ടിക്ക് കടിയേറ്റത്.

ഞരമ്പിലെ മുറിവിലൂടെ തലച്ചോറിലേക്ക് പേവിഷം പ്രവഹിച്ചുവെന്നാണ് ഡോക്ടർമാരുടെ നിഗമനം. ഇതാണ് വാക്സിൻ ഫലിക്കാതിരിക്കാനുള്ള കാരണമെന്നാണ് സൂചന. താറാവിനെ ഓടിച്ചെത്തിയ നായാണ് കടിച്ചത്. കൈയിൽ നല്ല ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. നായുടെ ഒരു പല്ല് ആഴത്തിൽ പതിഞ്ഞ രീതിയിലായിരുന്നു മുറിവ്.

ഉടൻ മുറിവ് നന്നായി കഴുകുകയുംപ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ച് കാരസോപ്പിട്ട് കഴുകി മുറിവിലെ അഴുക്കുകൾ മാറ്റി പേവിഷബാധയ്ക്കെതിരെ തൊലിപ്പുറത്ത് എടുക്കുന്ന കുത്തിവെപ്പ് (ഐ.ഡി.ആർ.വി ഡോസ്) എടുത്തിരുന്നു. അന്ന് തന്നെ ആന്‍റീ റാബിസ് സിറവും നൽകിയിരുന്നു.

പിന്നീട് മൂന്ന് തവണ കൂടി ഐ.ഡി.ആർ.വി കുത്തിവെപ്പെടുത്തു. ഇരുപതാം തീയതി പനി ഉണ്ടായപ്പോഴാണ് വീണ്ടും പരിശോധന നടത്തിയത്. ഈ പരിശോധനയിൽ കുട്ടിക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടിയെ എസ്എടി ആശുപത്രിയിൽ കൊണ്ടുവന്നത്.

ഒരു മാസത്തിനിടെ സംസ്ഥാനത്ത് മൂന്ന് കുട്ടികളാണ് പേവിഷബാധയേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസം തെരുവുനായയുടെ കടിയേറ്റതിനെത്തുടർന്ന് പ്രതിരോധ കുത്തിവയ്പ്പെടുത്തിട്ടും പേവിഷബാധയേറ്റ ആറുവയസുകാരി മരണപ്പെട്ടിരുന്നു. പെരുവള്ളൂർ കാക്കത്തടം സ്വദേശി കെ.സി. സൽമാനുൽ ഫാരിസിന്‍റെ മകൾ സിയ (6) ആണ് മരിച്ചത്. ‌കോഴിക്കോട് ഗവ. മെഡിക്കൽ കോളെജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയായിരുന്നു അന്ത്യം.

മാർച്ച് 29നായിരുന്നു കുട്ടിക്ക് തെരുവുനായുടെ കടിയേറ്റത്. തുടർന്ന് പ്രതിരോധ വാക്സിൻ എടുത്തിരുന്നു. തല‍യ്ക്കും കാലിനുമായിരുന്നു തെരുവുനായയുടെ കടിയേറ്റത്.

Tags:    
News Summary - Seven year old girl dies of rabies after being bitten by a stray dog despite being vaccinated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.