ബാഗ്പത്: കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം രാജ്യത്ത് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണ് യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശ്. അവിടെ നിന്ന് കഴിഞ്ഞ ദിവസം പൊലീസ് എഴംഗ സംഘത്തെ കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്ത് ഏർപ്പെടുത്തിയ കർഫ്യൂ ലംഘിച്ചതിനല്ല, മൃതദേഹങ്ങളിൽ ബന്ധുക്കൾ ധരിപ്പിച്ച വസ്ത്രങ്ങൾ ശ്മശാനങ്ങളിൽ നിന്ന് കവർച്ച നടത്തുന്നതിനിടയിലാണ് ബാഗ്പതിൽ നിന്ന് ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.
കോവിഡ് ബാധിച്ച് മരിച്ചവരുടെതടക്കമുള്ള വസ്ത്രങ്ങളും ഇവർ ശ്മശാനങ്ങളിൽ നിന്ന് കവർന്നതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മരിച്ചവരെ പുതക്കാൻ ഉപയോഗിക്കുന്ന തുണികൾ, വസ്ത്രങ്ങൾ, സാരികൾ തുടങ്ങിയവയാണ് മോഷ്ടിച്ചിരിക്കുന്നത്.
ഇവരുടെ സങ്കേതങ്ങളിൽ നടത്തിയ പരിശോധനയിൽ 520 ബെഡ്ഷീറ്റുകളും, 127 കുർത്തകളും, 52 വെള്ള സാരികളും, മറ്റ് വസ്ത്രങ്ങളും കണ്ടെത്തിയതായി സർക്കിൾ ഓഫീസർ അലോക് സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ശ്മശാനത്തിൽ നിന്ന് കവരുന്ന വസ്ത്രങ്ങൾ അലക്കി വീണ്ടും ഇസ്തിരിയിട്ട് ഗ്വാളിയാർ കമ്പനിയുടെ ലേബലിൽ വിൽക്കുകയാണ് പതിവ്. പ്രദേശത്തെ ചില വസ്ത്ര വ്യാപാരികൾക്കും ഈ മോഷണത്തിൽ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ഏഴു പേരിൽ മൂന്നുപേർ ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്.കഴിഞ്ഞ 10 വർഷമായി ഇവർ മോഷണം നടത്തുന്നതായി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.