എടക്കര: ഇറാനിയന്‍ നാവികസേന പിടിച്ചെടുത്ത എണ്ണക്കപ്പലില്‍ ഉള്‍പ്പെട്ട മകനെയും കൂടെയുള്ളവരെയും ഓര്‍ത്ത് ആശങ്കയില്‍ കഴിയുകയാണ് ചുങ്കത്തറ കോട്ടേപ്പാടം മണലിയിലെ തടത്തേല്‍ സോമനും ഭാര്യ ഷേര്ലിയും. കപ്പലിലെ ജീവനക്കാരുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് മകന് സാം സോമൻ ജോലി ചെയ്യുന്ന കമ്പനി അധികൃതര്‍ വിളിച്ച് അറിയിച്ചിട്ടുണ്ടെങ്കിലും ആശങ്കയകലുന്നില്ല.
ഇറാന് പിടിച്ചെടുത്ത ബ്രിട്ടന്റെ കപ്പലിലെ 23 ഇന്ത്യന്‍ ജീവനക്കാരില്‍ ഒരാളാണ് മറൈന്‍ എന്‍ജിനീയറായ സാം സോമന്. അഞ്ചുവര്‍ഷം മുമ്പാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് കമ്പനിയില്‍ ചേര്‍ന്നത്. കുവൈത്തില്‍നിന്ന് ഹൂസ്റ്റണിലേക്കുള്ള യാത്രമധ്യേ ഒമാന്‍ -ഇറാന് സമുദ്രാതിര്‍ത്തിയില്‍ വെച്ച് ഇറാന് നാവികസേന പിടിച്ചെടുത്ത കപ്പലില്‍ മുഴുവൻ ജീവനക്കാരും ഇന്ത്യക്കാരാണ്. മൂന്നു മലയാളികളാണ് ഇതിലുള്ളത്.
കഴിഞ്ഞ വ്യാഴാഴ്ച സാം വീട്ടിലേക്ക് വളിച്ചതായി പിതാവ് സോമന് പറഞ്ഞു. പിന്നീടാണ് കപ്പല്‍ ഇറാൻ നാവികസേന പിടിച്ചെടുത്തത്. അതിനു ശേഷം മകനുമായി ബന്ധപ്പെടാനായിട്ടില്ല. കപ്പല്‍ കമ്പനിയായ നോര്‍ത്തേണ്‍ മറൈന്‍ മാനേജ്മെന്റിന്റെ മുംബൈ ഓഫിസില്‍നിന്നാണ് സാമിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ഇവര്‍ക്ക് അറിയിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സോമന്റെ മൂന്ന് ആണ്മക്കളില് രണ്ടാമനാണ് സാം. അവധിക്ക് നാട്ടിലെത്തിയ സാം ഫെബ്രുവരി 24നാണ് വീണ്ടും ജോലിയില്‍ പ്രവേശിച്ചത്. ജീവനക്കാര്‍ക്ക് നാലു മാസം ജോലിയും രണ്ടു മാസം അവധിയുമാണ് കപ്പല്‍ കമ്പനി നല്‍കുന്നത്. സാമിന്റെ ഭാര്യ സൂസണ്‍ മാത്യൂസും മകള്‍ ഒരുവയസ്സുകാരി കാതറിനും എറണാകുളം വൈപ്പിനിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.