ആശുപത്രികളിലെ സുരക്ഷ: ആംഡ് റിസർവ് പൊലീസിനെ നിയമിക്കണമെന്ന്​ കെ.ജി.എം.ഒ.എ

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ സുരക്ഷ വർധിപ്പിക്കാനും മരണഭയം കൂടാതെ ആരോഗ്യപ്രവർത്തകർക്ക് ജോലി ചെയ്യാനും മികച്ച ചികിത്സ ഉറപ്പുവരുത്താനും ആംഡ് റിസർവ് പൊലീസിനെ നിയമിച്ച് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കണമെന്നതടക്കം ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി കേരള ഗവ.​ മെഡിക്കൽ ഓഫിസേഴ്​സ്​ അസോസിയേഷൻ (കെ.ജി.എം.ഒ.എ) മുഖ്യമന്ത്രിക്ക്​ കത്ത്​ നൽകി. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ യുവ ഡോക്ടർ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടതിന്‍റെയും വർധിച്ചുവരുന്ന ആശുപത്രി ആക്രമണങ്ങളുടെയും പശ്ചാത്തലത്തിലാണ്​ കെ.ജി.എം.ഒ.എ പ്രസിഡന്‍റ്​ ഡോ. സുരേഷ്, ജനറൽ സെക്രട്ടറി ഡോ. സുനിൽ എന്നിവർ കത്ത്​ നൽകിയത്​.

ആശുപത്രി സംരക്ഷണ നിയമം പരിഷ്കരിച്ചുള്ള ഓർഡിനൻസ് പുറപ്പെടുവിക്കുക, സി.സി ടി.വി ഉൾപ്പെടെ സുരക്ഷ സംവിധാനങ്ങൾ സ്ഥാപിക്കുക, പരിശീലനം സിദ്ധിച്ച വിമുക്തഭടന്മാരെ സുരക്ഷ ജീവനക്കാരായി നിയമിക്കുക, അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളിൽ ആംഡ് റിസർവ് പൊലീസിനെ നിയമിച്ച് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കുക, അത്യാഹിത വിഭാഗങ്ങളിൽ ട്രയാജ് സംവിധാനം സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ നടപ്പാക്കുക, പൊലീസ് കസ്റ്റഡിയിലുള്ള ആളുകളെ മെഡിക്കൽ പരിശോധനക്ക്​ വിധേയമാക്കാൻ ജയിലിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും കൂടുതൽ ഡോക്ടർമാരെ ഡ്യൂട്ടിക്ക് നിയമിക്കുകയും ചെയ്യുക, അത്യാഹിത വിഭാഗത്തിൽ ഒരു ഷിഫ്റ്റിൽ രണ്ട്​ ചീഫ്​ മെഡിക്കൽ ഓഫിസർമാരെ നിയമിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ്​ കത്തിലുള്ളത്​. 

Tags:    
News Summary - Security in hospitals: KGMOA wants to appoint armed reserve police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.