പി.എം ആറ്റുണ്ണിതങ്ങൾ

പൊന്നാനിയിലെ സി.പി.എമ്മിൽ വിഭാഗീയത മൂർച്ഛിക്കുന്നു

പൊന്നാനി: സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗമായിരുന്ന ടി.എം സിദ്ദിഖിനെ ബ്രാഞ്ച് കമ്മറ്റിയിലേക്ക്  തരംതാഴ്ത്തിയതിനെത്തുടർന്നുണ്ടായ വിഭാഗീയത മൂർച്ഛിക്കുന്നു. ടി.എം സിദ്ദിഖിനെതിരെയുള്ള നടപടി ലഘൂകരിക്കാനുള്ള നീക്കം നടക്കുന്നതിനിടെ  ഏരിയ സെക്രട്ടറി പി.കെ ഖലീമുദ്ദീൻ  ടി.എം സിദ്ദിഖിനെതിരെ നടത്തിയ നടത്തിയ പരാമർശമാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്.

ഇതേത്തുടർന്നാണ് ഏരിയ കമ്മറ്റിയംഗവും, ലോക്കൽ സെക്രട്ടറിയും,പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ പി.എം ആറ്റുണ്ണിതങ്ങൾ രാജിവെച്ചത്. നിയമസഭ തെരഞ്ഞെടുപ്പിൽ ടി.എം സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രകടനം തടയേണ്ടത് ടി.എം സിദ്ദിഖിൻ്റെ മാത്രം ഉത്തരവാദിത്വമാണെന്ന ഏരിയ സെക്രട്ടറിയുടെ പരാമർശത്തെത്തുടർന്ന് പാർട്ടി അണികളും നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ആറ്റുണ്ണിതങ്ങളുടെ രാജിക്ക് പുറമെ വരും ദിവസങ്ങളിൽ ഏരിയ കമ്മറ്റി അംഗങ്ങളും, ലോക്കൽ കമ്മറ്റി അംഗങ്ങളും, പതിനഞ്ചോളം ബ്രാഞ്ചുകളും രാജിവെക്കാനുള്ള നീക്കവുമുണ്ട്.

ടി.എം സിദ്ദിഖിനെതിരെയുള്ള നടപടിയുടെ ഭാഗമായുള്ള അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ സംഭവിക്കാത്ത കാര്യങ്ങൾ പോലും എഴുതിച്ചേർത്തുവെന്ന ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് ഏരിയ സെക്രട്ടറി നടത്തിയ പ്രസ്താവന അണികളെ ചൊടിപ്പിച്ചത്.ജില്ലാ സമ്മേളനത്തിന് ശേഷം ടി.എം സിദ്ദിഖിനെ നേതൃരംഗത്തേക്ക് കൊണ്ട് വരാനുള്ള നീക്കം നടക്കുന്നതിനിടെ  പൂർണ്ണമായും, അവഗണിക്കുന്ന തരത്തിലാണ്  ഏരിയ സെക്രട്ടറിയുടെ  ഭാഗത്ത് നിന്നും നീക്കമുണ്ടായതെന്നാണ്  അംഗങ്ങളുടെ അഭിപ്രായം.അതേസമയം ഏരിയ സമ്മേളനം പൂർത്തിയായതിനെത്തുടർന് ആറ്റുണ്ണിതങ്ങൾ ഫേസ് ബുക്കിലിട്ട പോസ്റ്റ് പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നാണ് പാർട്ടി വിലയിരുത്തൽ.ഇക്കാര്യം ചർച്ച ചെയ്യുന്നതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ചേർന്ന ഏരിയ കമ്മറ്റി യോഗത്തിൽ വിശദീകരണം ആവശ്യപ്പെടാൻ തീരുമാനിച്ചെങ്കിലും, ആറ്റുണ്ണിതങ്ങൾ യോഗത്തിൽ പങ്കെടുത്തില്ല. തുടർന്നാണ് ഏരിയ സെക്രട്ടറിക്ക് രാജി നൽകിയത്. ടി.എം സിദ്ദിഖ് പക്ഷത്തെ കൂടെച്ചേർക്കാനുള്ള നീക്കത്തിലാണ് സി.പി.ഐ നേതൃത്വം ശ്രമിക്കുന്നത്

Tags:    
News Summary - Sectarianism is sharpening in the CPM in Ponnani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.