തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങൾ വിലയിരുത്തിയ എൽ.ഡി.എഫ്, സീറ്റ് വിഭജന ചർച്ചകളിലേക്ക് കടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ തിങ്കളാഴ്ച എ.കെ.ജി സെന്‍ററിൽ ചേർന്ന യോഗത്തിൽ മുന്നണിയിലെ 11 കക്ഷികളുമായി പൊതുവിലുള്ള ആശയ വിനിമയം നടന്നു. ഓരോ പാർട്ടികളുമായുള്ള ഉഭയകക്ഷി ചർച്ച ഈയാഴ്ച തന്നെ പൂർത്തിയാക്കാനാണ് ധാരണ. സി.പി.ഐയുമായിട്ടാകും സി.പി.എമ്മിന്റെ ആദ്യ ചർച്ച. തുടർന്ന് മറ്റു കക്ഷികളുമായും സി.പി.എം നേതൃത്വം ചർച്ച നടത്തും.
കഴിഞ്ഞ തവണ മൂന്ന് സീറ്റിൽ മത്സരിച്ച ആർ.ജെ.ഡി അഞ്ചുസീറ്റെങ്കിലും വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ തവണ അനുവദിച്ചിട്ടും സി.പി.എമ്മിലെ പ്രാദേശിക വികാരം കാരണം മത്സരിക്കാൻ കഴിയാതിരുന്ന കുറ്റ്യാടി സീറ്റോ പകരം സീറ്റോ ഉൾപ്പെടെ 13 സീറ്റുകൾ വേണമെന്ന് കേരള കോൺഗ്രസ് (എം) നേരത്തെ പരസ്യമായി പറഞ്ഞിരുന്നു. ഇരുകൂട്ടരും മുന്നണിയോഗത്തിൽ ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. അതേസമയം ഉഭയകക്ഷി ചർച്ചയിൽ ഇക്കാര്യം ഇരുപാർട്ടികളും ഉന്നയിക്കും. കഴിഞ്ഞ തവണ മത്സരിച്ച അതേ നിലയിൽ എല്ലാ പാർട്ടികളും മത്സരിക്കുകയെന്ന നിലപാടാണ് സി.പി.എമ്മിനുള്ളത്.
നിലവിൽ ഒരു കക്ഷിയും അധിക സീറ്റുകൾ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുന്നണിയോഗശേഷം എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞു. പ്രാഥമിക സീറ്റ് ചർച്ചയാണ് തുടങ്ങിയത്. ഉഭയകക്ഷി ചർച്ചയിലൂടെ സീറ്റ് വിഭജനം പൂർത്തിയാക്കി അതാത് കക്ഷികൾ സ്ഥാനാർഥികളെ തീരുമാനിക്കും. ഐ.എൻ.എല്ലിനെ പോലെതന്നെ അവരിൽ നിന്ന് വേർപെട്ട വിഭാഗവും മുന്നണിയുമായി സഹകരിക്കുന്നുണ്ടെന്നും മുന്നണിയിലെ സോഷ്യലിസ്റ്റ് പാർട്ടികൾ പറ്റുമെങ്കിൽ ഒന്നാവട്ടെയെന്നും അദ്ദേഹം ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.