കടൽ മണൽ ഖനനം: മൽസ്യത്തൊഴിലാളികൾ കടുത്ത ആശങ്കയിൽ

കൊച്ചി: കേരളത്തിന്റെ കടലിൽ നിന്നും മണൽ ഖനനം ചെയ്യാനുള്ള നീക്കത്തിൽ മൽസ്യത്തൊഴിലാളികൾ കടുത്ത ആശങ്കയിൽ. ഖനന പദ്ധതിക്കെതിരേ മത്സ്യത്തൊഴിലാളികൾ സമര രംഗത്തിറങ്ങുമെന്ന് മൽസ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് മാധ്യമം ഓൺലൈനോട് പറഞ്ഞു.

കഴിഞ്ഞ ജനുവരി 11, 12 തീയതി കളിലായി കൊച്ചി റിനൈ സെൻററിൽ ചേർന്ന ശില്പശാലയിലും, റോഡ് ഷോയിലും ഇതു സംബന്ധമായ തീരുമാനമെടുത്തിരുന്നു. ഇതിൻറെ ഭാഗമായ താല്പര്യപത്രങ്ങൾ ഫെബ്രുവരി 18 നകം സമർപ്പിക്കണം. ഫെബ്രുവരി 27 ന് ടെണ്ടർ നടപടികൾ പൂർത്തീകരിക്കും. കേരളത്തിൽ കണ്ടെത്തിയിരിക്കുന്ന പത്ത് ബ്ലോക്കുകളിൽ കൊല്ലം കടലിലെ മൂന്ന് ബ്ലോക്കുകളാണ് പ്രാഥമികമായി കേന്ദ്ര സർക്കാർ വില്പനക്ക് വെച്ചിരിക്കുന്നത്.

കേരളത്തിൽ അഞ്ചു സെക്‌ടറുകളിലായി 275 ദശലക്ഷം ടൺ കടൽമണലുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഇതിൽ കൊല്ലം ഭാഗത്തു മാത്രം 300 ദശലക്ഷം ടൺ നിക്ഷേപമുണ്ടെന്നു വിലയിരുത്തിയാണ് വില്പന. ഭരണഘടനാപരമായി 12 നോട്ടിക്കൽ മൈൽ വരെയുള്ള തീരദേശത്തിന്റെ പരിപാലന അവകാശം സംസ്ഥാന സർക്കാരിനാണ്. തീരദേശ പരിപാലന വിജ്ഞാപനം 2011ൽ പുതുക്കിയപ്പോൾ ഈ മേഖലയുടെകൂടി അവകാശം കേന്ദ്രം ഏറ്റെടുത്തു.

പുറംകടൽ ധാതു ഖനനവുമായി ബന്ധപ്പെട്ട 2002ലെ നിയമം 2023ൽ കേന്ദ്രം ഭേദഗതി ചെയ്തതിനെ തുടർന്നാണ് കേന്ദ്ര സർക്കാർ മണൽ വിൽപനക്ക് നേരിട്ട് രംഗത്തിറങ്ങിയത്. കടൽ മണൽ നിക്ഷേപമുള്ള കേരളത്തിലെ അഞ്ച് കേന്ദ്രങ്ങളും മത്സ്യസമ്പത്തിനാൽ സമ്പന്നമാണ്. ആയിരക്കണക്കായ മത്സ്യബന്ധന യാനങ്ങളാണ് ഇവിടം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നത്. ഇതിൽ ചേറ്റുവ ബാങ്ക് എന്നറിയപ്പെടുന്ന പ്രദേശത്തും, കൊല്ലം സെക്‌ടറിലുമാണ് വിൽപന നടക്കുന്നത്.

1961 മുതൽ 65 വരെ കടലിൽ പര്യവേക്ഷണം നടത്തിയ കെയർ ലാർസൺ എന്ന നോർവേക്കാരനാണ് കൊല്ലം ബാങ്കിന്റെ സവിശേഷത ലോകത്തിനു മുന്നിലെത്തിച്ചത്. വർക്കല മുതൽ അമ്പലപ്പുഴവരെ പരന്നുകിടക്കുന്ന കൊല്ലം പരപ്പ് (ബാങ്ക്) ഇന്ത്യ യിലെ ഏറ്റവും വലിയ മത്സ്യസമ്പത്തിൻറെ കേന്ദ്രമാണ്.

പുല്ലൻ ചെമ്മീൻ, മണൽക്കൊഞ്ച്, പല്ലിക്കോര, കരിക്കാടി, പൂവാലൻ, ചെമ്മീനുകൾ, കിളിമീൻ, ചാള, കലവ, അയില, നെത്തോലി തുടങ്ങി കയറ്റുമതി പ്രധാനവും ആഭ്യന്തര ഉപഭോഗത്തിൽ പ്രധാനമായ മത്സ്യങ്ങൾ സമൃദ്ധമായുള്ള കേന്ദ്രമാണിത്. കൊല്ലം വാടി, ശക്തികുളങ്ങര, അഴീക്കൽ, തോട്ടപ്പള്ളി, പുന്നപ്ര തുടങ്ങിയ മത്സ്യബന്ധന കേന്ദ്രങ്ങൾ ഇതിൻറെ ഭാഗമാണ്. ആയിരത്തിലധികം ട്രോൾ ബോട്ടുകളും, അഞ്ഞൂറോളം ഫൈബർ വള്ളങ്ങളും നൂറോളം ഇൻ-ബോർഡ് വള്ളങ്ങളും ഇവിടം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ട്.

കടൽ മണൽ നിക്ഷേപത്തിൻറെ മുകളിൽ ഒന്നര മീറ്റർ കനത്തിലുള്ള ചെളിയും അവശിഷ്‌ടങ്ങളെയും മാറ്റിയാണ് ഖനനം നടത്തുന്നത്. കേരളത്തിന്റെ ജൈവ സമ്പത്തിന്റെയും മത്സ്യ കേന്ദ്രീകരണത്തിൻറേയും ഉറവിടം ഈ മേൽമണ്ണാണ്. കേരളത്തിലെ രണ്ടക്ഷത്തോളം സജീവ മത്സ്യത്തൊഴിലാളികളുടേയും പതിനഞ്ചുലക്ഷത്തോളം അനുബന്ധ തൊഴിലാളികളുടേയും ഉപജീവനത്തെ ബാധിക്കുന്ന വിഷയത്തെ വെറുമൊരു വിൽപന ചരക്ക് മാത്രമായി കാണുകയാണ് കേന്ദ്രസർക്കാർ.

കടൽ മണൽ വിൽപനക്കെതിരേ കേരളത്തിലെ എല്ലാ സംഘടനകളും സമര മുഖത്താണ്. ഇതിനെയെല്ലാം അവഗണിച്ചുകൊണ്ട് ഖനനം തുടങ്ങുകയാണെങ്കിൽ ശക്തമായ സമരത്തിന കേരള തീരങ്ങൾ വേദിയാകുമെന്ന് ചാൾസ് ജോർജ് പറഞ്ഞു.

Tags:    
News Summary - Sea sand mining: Fishermen in dire straits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.