തിരുവനന്തപുരം: അധ്യാപകരുടെ കൂട്ട അവധിയിലും പ്രതിഷേധത്തിലും മുങ്ങി സ്കൂളുകൾക്ക് അധ്യയനദിനമാക്കിയ ആദ്യ ശനിയാഴ്ച. പ്രതിപക്ഷ അധ്യാപക സംഘടനകളിൽപെട്ട അധ്യാപകർ കൂട്ടത്തോടെ അവധിയെടുത്തപ്പോൾ സി.പി.ഐ അനുകൂല സംഘടനയായ എ.കെ.എസ്.ടി.യു കറുത്ത ബാഡ്ജ് ധരിച്ചും എ.ഇ.ഒ ഓഫിസ് തലത്തിൽ പ്രതിഷേധസംഗമങ്ങൾ നടത്തിയുമാണ് ആദ്യ ശനിയാഴ്ചയോട് പ്രതികരിച്ചത്. സി.പി.എം അനുകൂല കെ.എസ്.ടി.എ മാത്രമാണ് 25 ശനിയാഴ്ചകൾ അധ്യയനദിനമാക്കാനുള്ള തീരുമാനത്തിനൊപ്പം നിൽക്കുകയും ഇന്നലെ സ്കൂളുകളിൽ ഹാജരാകാൻ അധ്യാപകർക്ക് നിർദേശം നൽകുകയും ചെയ്തത്. അതേസമയം, ചില കോർപറേറ്റ് മാനേജ്മെൻറുകൾക്ക് കീഴിലുള്ള എയ്ഡഡ് സ്കൂളുകൾ സർക്കാർ നിർദേശം തള്ളി ഇന്നലെ അടച്ചിട്ടു.
220 അധ്യയനദിനങ്ങൾ തികക്കാനെന്ന പേരിലാണ് 25 ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കി വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചത്. ഇന്നലെ പ്രവൃത്തിദിനമാക്കിയുള്ള സർക്കുലറിനെ തുടർന്ന് കോട്ടയം ഉൾപ്പെടെ ജില്ലകളിൽ പ്രീ പ്രൈമറി ക്ലാസുകളും പ്രവർത്തിക്കണമെന്ന നിർദേശവും ചില ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാർ നൽകിയത് ആശയക്കുഴപ്പമുണ്ടാക്കി. ഡയറക്ടറുടെ സർക്കുലറിൽ പ്രീ പ്രൈമറി ക്ലാസുകൾ പ്രവർത്തിക്കുന്നത് സംബന്ധിച്ച് വ്യക്തത വരുത്തിയിരുന്നില്ല.
സർക്കാർ തീരുമാനത്തിനെതിരെ കോൺഗ്രസ് അനുകൂല കെ.പി.എസ്.ടി.എയും മുസ്ലിം ലീഗനുകൂല കെ.എസ്.ടി.യുവും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. വിദ്യാഭ്യാസ അവകാശനിയമത്തിൽ വ്യവസ്ഥ ചെയ്യുന്ന അധ്യയന മണിക്കൂർ വ്യവസ്ഥക്ക് വിരുദ്ധമായാണ് 220 ദിവസം നിശ്ചയിച്ച് വിദ്യാഭ്യാസ കലണ്ടർ തയാറാക്കിയതെന്നാണ് ആക്ഷേപം. മറ്റ് ശനിയാഴ്ചകളിലും പ്രതിഷേധം തുടരാനാണ് സംഘടനകളുടെ തീരുമാനം.പ്രൈമറി ക്ലാസുകൾക്ക് ശനിയാഴ്ചകളിലെ ക്ലാസുകൾ ഒഴിവാക്കണമെന്ന നിർദേശം വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.