തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഹൈസ്കൂൾ ക്ലാസുകളിൽ അര മണിക്കൂർ അധ്യയനം വർധിപ്പിക്കാനുള്ള തീരുമാനം പ്രാബല്യത്തിൽ. ഇന്നലെ സ്കൂളുകൾ പ്രവർത്തിച്ച മൂന്ന് ജില്ലകളിലെ സ്കൂളുകളിലും സർക്കാർ ഉത്തരവ് പ്രകാരം തീരുമാനം നടപ്പാക്കി. മിക്ക സ്കൂളുകളിലും രാവിലെ 15 മിനിറ്റ് നേരത്തെയും ഉച്ചക്കുശേഷം 15 മിനിറ്റുമാണ് അധ്യയനം ദീർഘിപ്പിച്ചത്. നേരത്തെ തുടങ്ങുന്ന സ്കൂളുകൾ ഉച്ചക്കുശേഷമാണ് അര മണിക്കൂർ ദീർഘിപ്പിച്ചത്. തിരുവനന്തപുരം, കൊല്ലം, കുട്ടനാട് താലൂക്ക് ഒഴികെ ആലപ്പുഴ ജില്ല എന്നിവിടങ്ങളിലാണ് മാറ്റം നിലവിൽ വന്നത്.
ഇരു സുന്നി വിഭാഗങ്ങളുടെയും എതിർപ്പ് തള്ളിയാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനം നടപ്പാക്കിയത്. കനത്തമഴയെ തുടർന്ന് ഇന്നലെ അവധിയായ 11 ജില്ലകളിലെ സ്കൂളുകളിൽ ഇന്ന് മുതൽ മാറ്റം നിലവിൽ വരും. മതപഠനത്തെ ബാധിക്കുമെന്ന കാരണം പറഞ്ഞാണ് സമയമാറ്റത്തെ സമസ്ത ഇ.കെ വിഭാഗവും കാന്തപുരം വിഭാഗവും എതിർത്തത്.
സമസ്ത സംസ്ഥാന അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ മുഖ്യമന്ത്രിയെ കണ്ട് നേരിട്ട് നിവേദനം നൽകുകയും ചെയ്തിരുന്നു. സർക്കാറിന് പിടിവാശിയില്ലെന്നും ചർച്ചക്ക് തയാറാണെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കിയിരുന്നെങ്കിലും തീരുമാനം നടപ്പാക്കുന്നതിൽ നിന്ന് പിറകോട്ട് പോകേണ്ടെന്ന നിലപാടിലായിരുന്നു സർക്കാർ. ഇതോടെയാണ് മുൻ പ്രഖ്യാപന പ്രകാരം തന്നെ തിങ്കളാഴ്ച മുതൽ പുതുക്കിയ സമയമാറ്റം നടപ്പാക്കിയത്.
തീരുമാനത്തെ എതിർത്തില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിനെതിരെയും സമസ്ത രംഗത്തുവന്നിരുന്നു. ഇന്ന് മുതൽ പുതുക്കിയ സമയം നടപ്പാക്കാൻ ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാരും സ്കൂളുകൾക്ക് നിർദേശം നൽകിയിരുന്നു. നിർദേശം നടപ്പാക്കിയത് സംബന്ധിച്ച് ഡെപ്യൂട്ടി ഡയറക്ടർമാർ വിദ്യാഭ്യാസ ഓഫിസർമാരിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുമുണ്ട്.
രാവിലെ പത്തിന് തുടങ്ങി നാലിന് അവസാനിച്ചിരുന്ന ക്ലാസുകൾ 9.45ന് തുടങ്ങി വൈകീട്ട് 4.15ന് അവസാനിക്കുന്ന രീതിയിലാണ് സമയമാറ്റം. ഒട്ടേറെ സ്കൂളുകൾ ഒമ്പതിനും ഒമ്പതരക്കും ക്ലാസുകൾ തുടങ്ങുന്നുണ്ട്. ഈ സ്കൂളുകൾ പ്രാദേശികമായ സൗകര്യം കൂടി പരിഗണിച്ചാണ് അര മണിക്കൂർ നീട്ടിയത്. സർക്കാർ, എയ്ഡഡ്, സംസ്ഥാന സിലബസിൽ പ്രവർത്തിക്കുന്ന അൺഎയ്ഡഡ് സ്കൂളുകൾ എന്നിവയിലാണ് സമയമാറ്റം നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.