വിമാനം താഴ്ന്ന് സഞ്ചരിച്ചതിനെത്തുടര്‍ന്ന് ഒക്കല്‍ ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന്റെ മേൽക്കൂര തകര്‍ന്നനിലയില്‍

വിമാനം താഴ്ന്നുപറന്നു; സ്‌കൂള്‍ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു

പെരുമ്പാവൂര്‍: വിമാനം താഴ്ന്ന് സഞ്ചരിച്ചതിനെത്തുടര്‍ന്ന് സ്‌കൂള്‍ കെട്ടിടത്തിന്റെ മേൽക്കൂര തകര്‍ന്നു. ഒക്കല്‍ ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന്റെ ഓടുകളാണ് ചൊവ്വാഴ്ച രാത്രി തകര്‍ന്നത്. ഗവ. എല്‍.പി സ്‌കൂളിനോട് ചേര്‍ന്നുള്ള ഭാഗത്തെ ഓടുകള്‍ ക്ലാസ്മുറികളിലേക്കടക്കം തകര്‍ന്നുവീഴുകയായിരുന്നു.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ താഴ്ന്നുപറന്ന വിമാനത്തിന്റെ അതിശക്തമായ എയര്‍ പ്രഷര്‍ മൂലമാണ് അപകടമുണ്ടായത്. മറ്റുവിധത്തില്‍ ഓടുകള്‍ തകര്‍ന്നതാകാമെന്നായിരുന്നു ആദ്യ നിഗമനം. തുടര്‍ന്ന് സ്‌കൂളിലെ കാമറകള്‍ പരിശോധിച്ചപ്പോള്‍ വിമാനം താഴ്ന്നുപോകുന്നതും ഓടുകള്‍ പറന്ന് താഴേക്ക് പതിക്കുന്നതുമായ ദൃശ്യങ്ങള്‍ കണ്ടെത്തുകയായിരുന്നു. നിലവില്‍ ഈ കെട്ടിടത്തില്‍ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നില്ല. വിമാനങ്ങള്‍ താഴ്ന്നുപറന്ന് കെട്ടിടങ്ങളുടെ മേൽക്കൂര തകരുന്നത് ഒക്കല്‍ മേഖലയില്‍ ആദ്യ സംഭവമല്ലെന്ന് നാട്ടുകാര്‍ പറയുന്നു. മാസങ്ങള്‍ക്കുമുമ്പ് നമ്പിളി കവലയിലുള്ള എം.വി. ജോയിയുടെയും, പ്രസാദ് പണ്ടാലയുടെയും വീടുകളുടെ ഓടുകള്‍ തകര്‍ന്ന സംഭവമുണ്ടായി. വിമാനങ്ങള്‍ നിശ്ചിത പരിധിയിലും താഴെ പറക്കുന്നതാണ് കാരണമാകുന്നത്.

നാശനഷ്ടം ആവര്‍ത്തിക്കപ്പെടുമ്പോള്‍ ആര്‍ക്ക് പരാതി നല്‍കുമെന്നും പരിഹാരത്തിന് ആരെ സമീപിക്കുമെന്നുമുള്ള ആശങ്കയിലാണ് നാട്ടുകാര്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രാത്രി സമയങ്ങളില്‍ ലാന്‍ഡ് ചെയ്യാനെത്തുന്ന വിമാനങ്ങള്‍ക്ക് റണ്‍വേ കൃത്യമായി തിരിച്ചറിയാനും ദിശ നിർണയിക്കാനും സഹായിക്കുന്ന വിഷ്വല്‍ നാവിഗേഷന്‍ സിഗ്‌നല്‍ സംവിധാനം സ്ഥാപിച്ചിരിക്കുന്നത് തട്ടേക്കാടാണ്.

പെരുമ്പാവൂര്‍, ഒക്കല്‍, തട്ടേക്കാട് തുടങ്ങിയ പ്രദേശങ്ങള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങളുടെ പ്രധാന അപ്രോച്ച് പാതയാണ്. തട്ടേക്കാട്ടുള്ള സിഗ്‌നല്‍ അലൈന്‍മെന്റ് അനുസരിച്ച് വിമാനങ്ങള്‍ കൂടുതല്‍ താഴേക്ക് ഇറങ്ങുന്നതിനിടെ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കാണാന്‍ അധികൃതര്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags:    
News Summary - Plane crashes; roof of school building collapses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.