വി.ഡി. സതീശൻ
തിരുവനന്തപുരം: പാലക്കാട് റെയില്‍വേ ഡിവിഷനില്‍നിന്ന് മംഗലാപുരം സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം ഏകപക്ഷീയമാണെന്ന് മുഖമന്ത്രി വി.ഡി. സതീശൻ.
വളരെ പ്രധാനപ്പെട്ട മംഗലാപുരം ജങ്ഷന്‍ ഒഴിവാക്കിയതിലൂടെ പാലക്കാട് ഡിവിഷന്റെ വരുമാനം ഗണ്യമായി കുറയുകയും ഇത് ഡിവിഷന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും മുഖ്യമന്ത്രിയുടെ വാർത്ത കുറിപ്പിൽ വ്യക്തമാക്കി.
നിലവില്‍ സതേണ്‍ റെയില്‍വേയില്‍ ഉള്‍പ്പെട്ട ഉള്ളാള്‍ മുതല്‍ മംഗലാപുരം വരെയുള്ള പ്രദേശങ്ങള്‍ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ ലയിക്കുന്നതോടെ സതേണ്‍ റെയില്‍വേക്കും കേരളത്തിനും വലിയ നഷ്ടമാണ് സംഭവിക്കുന്നത്. സംസ്ഥാനത്തെ അറിയിക്കുകയോ ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ നടത്തുകയോ ചെയ്യാതെയാണ് പാലക്കാട് ഡിവിഷനെ വിഭജിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തീരുമാനം പുനഃപരിശോധിക്കണമെന്നത് കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യമാണ്.
അടിയന്തരമായ പ്രശ്നപരിഹാരം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാറിനെ സമീപിക്കും. പ്രധാനമന്ത്രിക്കും കേന്ദ്ര റെയില്‍വെ മന്ത്രിക്കും കത്തയക്കും. സംസ്ഥാനത്തെ എം.പിമാരുടെ കൂടി സഹകരണത്തോടെ തീരുമാനം പുന:പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് മേല്‍ സമ്മര്‍ദം ചെലുത്തുമെന്നും സതീശൻ വ്യക്തമാക്കി.
നേരത്തെ കേരളത്തിൽ നിന്നുള്ള എം.പിമാരും പാലക്കാട് ഡിവിഷൻ വിഭജിക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. ഇന്നലെ റെയിൽവേ ബോർഡ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നിലവിൽ ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷന്റെ പരിധിയിലുള്ള മംഗളൂരു പ്രദേശം ഉളളാൾ ഉൾപ്പെടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ പാലക്കാട് ഡിവിഷന്റെ അധികാരപരിധി വെട്ടിക്കുറക്കപ്പെടും.
പാലക്കാട് ഡിവിഷന്റെ പ്രവർത്തനപരമായ പരിധിയും പ്രാധാന്യവും കുറച്ച് അതിനെ ക്രമേണ ദുർബലപ്പെടുത്താനുള്ള നീക്കമാണിത്. കേരളത്തിന്റെ റെയിൽവേ സംവിധാനത്തെ ശക്തിപ്പെടുത്തുകയും കൂടുതൽ നിക്ഷേപങ്ങളും പദ്ധതികളും യാത്രാ സൗകര്യങ്ങളും നേടിയെടുക്കുകയും ചെയ്യേണ്ട ഘട്ടത്തിലാണ് നിലവിലുള്ള റെയിൽവേ സംവിധാനത്തിന്റെ തന്നെ പരിധി വെട്ടിക്കുറക്കാനുള്ള ശ്രമം നടക്കുന്നതെന്നും എം.പിമാർ കുറ്റപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.