പത്മാക്ഷി
ചേർത്തല: പത്മാക്ഷിയുടെ വിയോഗത്തോടെ അവസാനിച്ചത് വയലാറിന്റെ വിപ്ലവ ഭൂമിയിൽ നിന്നും ചരിത്രത്തിന്റെ ഒടുവിലത്തെ കണ്ണി. പുന്നപ്ര-വയലാർ സമരത്തിന്റെ തീച്ചൂളയിൽ എരിഞ്ഞടങ്ങിയ ധീരസ്മരണകളുടെ ബാക്കിപത്രമായ പത്മാക്ഷി എരിഞ്ഞടങ്ങിയപ്പോൾ മലയാളക്കരയുടെ ചരിത്രപുസ്തകത്തിലെ ഏറ്റവും തിളക്കമുള്ള ഒരു താളാണ് അടഞ്ഞത്. സ്വാതന്ത്ര്യസമര സേനാനിയും സി.പി.ഐ നേതാവുമായിരുന്ന പരേതനായ എ.കെ. പരമന്റെ പ്രിയപത്നിയായിരുന്ന പത്മാക്ഷി കേവലം ഒരു നിഴലായിട്ടല്ല, മറിച്ച് വിപ്ലവപാതയിലെ എരിഞ്ഞുതീരാത്ത തീനാളമായിട്ടാണ് ജീവിച്ചുതീർത്തത്.
ദിവാൻ ഭരണത്തിന്റെ അടിച്ചമർത്തലുകൾക്കെതിരെ കേരളത്തിന്റെ വിപ്ലവ മണ്ണായ വയലാറിൽ എ.കെ. പരമനോടൊപ്പം പത്മാക്ഷിയും സമരമുഖത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. വയലാർ സമരത്തിന്റെ മുന്നണിപ്പോരാളികളിൽ ഒരാളായ വയലാർ സ്റ്റാലിൻ കുമാരപ്പണിക്കരോടൊപ്പം ക്യാമ്പുകളെ സജീവമായി നിലനിർത്തുന്നതിൽ പരമനും സംഘവും വഹിച്ച പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്. ഇന്നത്തെ ദേശീയപാതയിലെ ഒറ്റപ്പുന്നയിൽ വെച്ച് പൊലീസിന്റെ കണ്ണുവെട്ടിച്ച് സഖാവ് അബുവുമായി സംസാരിച്ചുനിൽക്കെ പരമൻ അറസ്റ്റിലാകുമ്പോൾ, ക്രൂരമായ മർദനങ്ങളുടെ പരമ്പരയാണ് ആ വിപ്ലവകാരിയെ തേടിയെത്തിയത്. ചേർത്തല ലോക്കപ്പിലും പിന്നീട് ജയിലിലുമായി നേരിട്ട ഭീകരമായ മർദനങ്ങളെ പരമൻ സധൈര്യം നേരിട്ടപ്പോൾ, പിന്നിൽ തളരാതെ നിന്നത് പത്മാക്ഷിയുടെ ഉരുക്കിലുറച്ച പോരാട്ടവീര്യമായിരുന്നു.
ജീവിതത്തിലുടനീളം കമ്യൂണിസ്റ്റ് ആദർശങ്ങളുടെ പവിത്രത കാത്തുസൂക്ഷിച്ചവരാണ് ഈ ദമ്പതികൾ. പരമൻ വിടപറഞ്ഞപ്പോൾ യാതൊരുവിധ മതാചാരങ്ങളുമില്ലാതെയാണ് അദ്ദേഹത്തെ സംസ്കരിച്ചത്. അതുപോലെതന്നെയായിരിക്കണം തന്റെയും അന്ത്യകർമങ്ങൾ എന്ന് പത്മാക്ഷിക്ക് നിർബന്ധമുണ്ടായിരുന്നു. വ്യാഴാഴ്ച വീട്ടുവളപ്പിൽ നടന്ന സംസ്കാര ചടങ്ങിൽ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളും മറ്റ് രാഷ്ട്രീയ സാമൂഹ്യ നേതാക്കളും പങ്കെടുത്തു. മക്കൾ: എ.പി പ്രകാശൻ (സി.പി.ഐ ജില്ലാ കൗൺസിൽ അംഗം), സോയ, വിജയമ്മ, മോളി, അംബിക, സാലി, പരേതനായ സോമൻ. മരുമക്കൾ: ഗായത്രി, തങ്കപ്പൻ, അജീഷ് ബേബി, സുഗുണപ്പൻ, അശോകൻ, ജോയ്, പരേതനായ ശിവദാസൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.