തിരുവനന്തപുരം: പി.എസ്.സി. പരീക്ഷാ ക്രമക്കേടിൽ പി.എസ്.സി. സെക്രട്ടറി സാജു ജോർജിനെ വിളിച്ചുവരുത്തി ഗവർണർ രാജേന്ദ്ര ആർലേക്കർ. ഇന്നലെ വൈകീട്ടാണ് സാജു ജോർജ് രാജ്ഭവനിൽ എത്തിയത്. എന്നാൽ ഗവർണറുടെ നീക്കം വരും ദിവസങ്ങളിൽ വിവാദങ്ങൾക്ക് തിരികൊളുത്തിയേക്കാം. കേസിൽ ഇതുവരെ സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങൾ ഗവർണർ ആരാഞ്ഞു.
പി.എസ്.സി. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് പരാതികളോ ആരോപണങ്ങളോ ഉയർന്നാൽ ആഭ്യന്തര വിജിലൻസ് പരിശോധിക്കുന്നതാണ് നിലവിലെ രീതി. ഇതിന് വിരുദ്ധമാണ് ഗവർണറുടെ നടപടി. കഴിഞ്ഞ ദിവസം ഗവർണർ ഡി.ജി.പിയെ വിളിച്ചുവരുത്തിയ നടപടിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഗവർണർ പി.എസ്.സി. സെക്രട്ടറിയെയും വിളിച്ചുവരുത്തിയത്. തനിക്ക് അതിനുള്ള അധികാരമുണ്ടെന്നാണ് ഗവർണറുടെ നിലപാട്.
സംസ്ഥാനത്ത് ഇതുവരെ 90-ലധികം പരീക്ഷകളിലാണ് അട്ടിമറിയും ക്രമക്കേടും നടന്നതായി ഉദ്യോഗാർഥികളിൽ നിന്ന് പരാതികൾ ലഭിച്ചിരിക്കുന്നത്. ആസൂത്രണ ബോർഡ് ചീഫ്, കെ.എ.എസ്. തുടങ്ങിയ ചുരുക്കം ചില പരീക്ഷകളിലെ ക്രമക്കേടുകൾക്കപ്പുറം 90 വ്യത്യസ്ത പരീക്ഷകളിൽ ക്രമക്കേട് നടന്നുവെന്ന ഗൗരവതരമായ പരാതികളാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ളത്.
അതേസമയം ആരോപണങ്ങൾ ഉയർന്ന 15 പരീക്ഷകളിൽ ക്രമക്കേട് നടന്നിട്ടില്ലെന്നാണ് പി.എസ്.സി. നൽകുന്ന വിശദീകരണം. കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്, കയർഫെഡ്, ഖാദി ബോർഡ് തുടങ്ങിയ പരീക്ഷകളിലാണ് പി.എസ്.സി. വിശദീകരണം നൽകിയത്. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് സാജു ജോർജ് ഗവർണറെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.