‘പീഡിപ്പിച്ച ഡേറ്റും സമയവും ആ കുഞ്ഞ് ഓർത്തുവെക്കണമെന്ന് പറയുന്നത് എത്ര ബാലിശമാണ്? ആ കുഞ്ഞ് മോളെ ഇനിയും അതിലേക്ക് തള്ളിയിടരുത്...’ പാലത്തായി കേസ് പ്രതിയുടെ ശിക്ഷ മരവിപ്പിച്ചതിനെതി​രെ ജബീന ഇർഷാദ്

കണ്ണൂർ: പാലത്തായി പീഡനക്കേസിൽ പ്രതിയായ സ്കൂൾ അധ്യാപകനും ബി.ജെ.പി നേതാവുമായ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ച ഹൈകോടതി വിധിയിൽ പ്രതികരണവുമായി വെൽഫെയർ പാർട്ടി ജന. സെക്രട്ടറി ജബീന ഇർഷാദ്. ആറു വർഷം കൊണ്ട് ഒരായുസ്സിന്റെ വ്യഥ ആ കുഞ്ഞ് അനുഭവിച്ചതാണെന്നും ആ കുഞ്ഞ് മോളെ ഇനിയും അതിലേക്ക് തള്ളിയിടരുതെന്നും ഇവർ ആവശ്യപ്പെട്ടു.

‘രണ്ട് വർഷത്തിലധികം നീണ്ട വിചാരണക്കൊടുവിലാണ് പ്രതി കുറ്റക്കാരനെന്ന് തലശ്ശേരി കോടതി വിധിച്ചത്. അത് കേരളത്തിന് തന്നെ പ്രതീക്ഷ പകർന്ന വിധിയായിരുന്നു. ഒരു കൊടുംപാതകിയുടെ ശിക്ഷ മരവിപ്പിച്ച് പ്രതിക്ക് ജാമ്യം കൊടുത്തതിലൂടെ ആ പ്രതീക്ഷയാണ് കോടതി തകർത്തത്.

പീഡിപ്പിച്ച ഡേറ്റും സമയവുമൊക്കെ ആ കുഞ്ഞ് ഓർത്തു വെക്കണമെന്ന് പറയുന്നത് തന്നെ എത്ര ബാലിശമാണ്? രക്ഷിതാവിനെ പോലെ സംരക്ഷിക്കാൻ ബാധ്യതയുള്ള സ്വന്തം അധ്യാപകന്റെ ലൈംഗിക വൈകൃതങ്ങൾക്കിരയാക്കപ്പെട്ട് പകച്ച് പോയ ഒരു നാലാം ക്ലാസുകാരിയുടെ മൊഴികളിൽ എത്ര കൃത്യതവേണം? അതും ആ മോൾ ആവർത്തിച്ചുള്ള എല്ലാ ചോദ്യം ചെയ്യലിലും മജിസ്‌ട്രേറ്റിന് മുന്നിലും പല വട്ടം അധ്യാപകൻ തന്നെ പീഡിപ്പിച്ചെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കെ’ -ജബീന ഫേസ്ബുക് പോസ്റ്റിൽ​ ചോദിച്ചു.

അതിനിടെ, ശിക്ഷ മരവിപ്പിച്ചതിനെ തുടർന്ന് പ്രതി പത്മരാജൻ ഇന്ന് ജയിലിൽനിന്ന് പുറത്തിറങ്ങും. തലശ്ശേരി ഫാസ്റ്റ്​ ട്രാക്ക്​ കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ജസ്റ്റിസ്​ വി. വിജയരാഘവൻ, ജസ്റ്റിസ്​ എം.വി. ജയകുമാർ എന്നിവരടങ്ങുന്ന ഹൈകോടതി ഡിവിഷൻബെഞ്ചാണ് മരവിപ്പിച്ചത്. തുടർന്ന് ഉപാധികളോടെ ജാമ്യവും അനുവദിക്കുകയായിരുന്നു. 2025 നവംബർ 14ലെ വിധി ചോദ്യം ചെയ്ത്​ പത്​മരാജൻ നൽകിയ അപ്പീലിനൊപ്പം സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ്​ ഹൈകോടതി വിധി. അതേസമയം, പ്രതി കുറ്റക്കാരനാണോ അല്ലയോ എന്ന നിഗമനത്തിൽ ഇപ്പോൾ എത്തിച്ചേരുന്നത്​ അപക്വമാണെന്ന്​ വ്യക്​തമാക്കിയ കോടതി, അപ്പീൽ വാദത്തിന്​ മാറ്റി. ഇരയായ പെൺകുട്ടി താമസിക്കുന്ന ജില്ലയിൽ പ്രവേശിക്കരുത്​, ​കേസ്​ അട്ടിമറിക്കാനോ സ്വാധീനിക്കാനോ ശ്രമിക്കരുത്​, കോടതി അനുമതിയില്ലാതെ രാജ്യംവിടരുത്​, മറ്റു​ കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്​ തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. ഒരുലക്ഷം രൂപ ബോണ്ട്, രണ്ടാൾ ജാമ്യവുമാണ്​ പ്രധാന വ്യവസ്ഥ.

ജബീന ഇർഷാദിന്റെ കുറിപ്പിന്റെ പൂർണരൂപം:

പാലത്തായിയിലെ നാലാം ക്ലാസുകാരിയായിരുന്ന ആ കുഞ്ഞു മോളെ പത്മരാജൻ എന്ന ബി.ജെ.പി നേതാവ് പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് തന്നെയാണ് ......

ഏറെ പ്രയാസത്തോടെയാണ് ഇന്നലെ രാത്രി ആ വാർത്ത ശ്രവിച്ചത്. ഹൈകോടതി നിരീക്ഷണം ബാലിശമാണെന്ന് പറയാതെ വയ്യ. രക്ഷിതാവിനെ പോലെ സംരക്ഷിക്കാൻ ബാധ്യതയുള്ള സ്വന്തം അധ്യാപകന്റെ ലൈംഗിക വൈകൃതങ്ങൾക്കിരയാക്കപ്പെട്ട് പകച്ച് പോയ ഒരു നാലാം ക്ലാസുകാരിയുടെ മൊഴികളിൽ എത്ര കൃത്യതവേണം? അതും ആ മോൾ ആവർത്തിച്ചുള്ള എല്ലാ ചോദ്യം ചെയ്യലിലും മജിസ്‌ട്രേറ്റിന് മുന്നിലും പല വട്ടം അധ്യാപകൻ തന്നെ പീഡിപ്പിച്ചെന്ന്

ഉറപ്പിച്ച് പറഞ്ഞിരിക്കെ.

പീഡിപ്പിച്ച ഡേറ്റും സമയവുമൊക്കെ ആ കുഞ്ഞ് ഓർത്തു വെക്കണമെന്ന് പറയുന്നത് തന്നെ എത്ര ബാലിശമാണ്! പാനൂർ പോലീസ് ആദ്യം ഈ കേസ് അട്ടിമറിക്കാൻ ശ്രമിച്ചത് ഇതേ വാദങ്ങൾ ഉയർത്തിയായിരുന്നു. കേസിൽ FIR ഇടുന്നത് മുതൽ അട്ടിമറിശ്രമങ്ങളും നടന്നിരുന്നു. അന്ന് ജനകീയ പ്രതിഷേധമുയർന്നത് കൊണ്ട് മാത്രമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പിന്നീട് പലവട്ടം പൊലീസിൻ്റെ ഭാഗത്ത് നിന്നും അന്വേഷണ ഉദ്യോഗസ്ഥൻമാരുടെയും കൗൺസിലിംഗ് ചെയ്യാനെത്തിയവരുടെ ഭാഗത്ത് നിന്നുമൊക്കെ അട്ടിമറി ശ്രമങ്ങൾ നടന്നു. കേരളത്തിൽ വലിയ ജനകീയ പ്രതിഷേധങ്ങൾ നടന്നു. ഒടുവിൽ കുട്ടിയുടെ മാതാവ് ഹൈകോടതിയിൽ നൽകിയ ഹരജിയിൽ നിയോഗിക്കപ്പെട്ട തളിപ്പറമ്പ് ഡി.വൈഎസ്. പി രത്നാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംലം ഫോറൻസിക് പരിശോധന അടക്കം നടത്തി കുറ്റപത്രം സമർപ്പിച്ചു.

രണ്ട് വർഷത്തിലധികം നീണ്ട വിചാരണക്കൊടുവിലാണ് പ്രതി കുറ്റക്കാരനെന്ന് തലശ്ശേരി കോടതി വിധിച്ചത്. അത് കേരളത്തിന് തന്നെ പ്രതീക്ഷ പകർന്ന വിധിയായിരുന്നു. ഒരു കൊടുംപാതകിയുടെ ശിക്ഷ മരവിപ്പിച്ച് പ്രതിക്ക് ജാമ്യം കൊടുത്തതിലൂടെ ആ പ്രതീക്ഷയാണ് കോടതി തകർത്തത്. പരീക്ഷണങ്ങളുടെ തീച്ചൂളയിലൂടെ കടന്ന് പോയ ആ കുഞ്ഞ് മോളെ ഇനിയും അതിലേക്ക് തള്ളിയിടരുത്. ഒരു ആയുസ്സിന്റെ വ്യഥ ആറു വർഷങ്ങളിൽ ആ കുഞ്ഞ് അനുഭവിച്ചിട്ടുണ്ട്.

പ്രോസിക്യൂഷന്റെ ഭാഗത്ത് പിഴവ് വന്നിട്ടുണ്ടോ എന്ന് പരിശോധിക്കണം. സർക്കാർ ഈ വിധിക്കെതിരെ അപ്പീൽ പോകണം. ആ കുഞ്ഞ് മോളെ ചേർത്ത് പിടിക്കണം.അതവൾക്ക് വേണ്ടി മാത്രമല്ല. എല്ലാ പെൺകുഞ്ഞുങ്ങൾക്കും വേണ്ടിയാണ്.

Full View

Tags:    
News Summary - jabeena irshad against palathayi case stay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.