ഡോ. സുനില കൃഷ്ണപുരത്തെ ആർട്ട് ഗ്യാലറിയിൽ
കായംകുളം: മനുഷ്യനും പ്രകൃതിക്കുമിടയിലെ വികാരങ്ങളും അനുഭവങ്ങളും പ്രമേയമാക്കിയുള്ള ചിത്ര പ്രദർശനവുമായി ഡോ. വി. സുനില. കൃഷ്ണപുരം കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലാണ് പ്രദർശനം.
അക്രിലിക്, വാട്ടർകളർ, ഓയിൽ പെയിന്റിങ്, മിക്‌സഡ് മീഡിയ സൃഷ്ടികളാണ് പ്രദർശനത്തിൽ ഇടംപിടിച്ചിട്ടുള്ളത്. പാലറ്റ് നൈഫ് ഉപയോഗിച്ചുള്ള ശക്തമായ ടെക്‌സ്ചറുകളും വികാരസാന്ദ്രമായ വർണവിന്യാസങ്ങളുമാണ് ചിത്രങ്ങളുടെ പ്രധാന സവിശേഷത. സ്വയം പരിശീലനത്തിലൂടെ ചിത്രകലയിൽ സ്വന്തമായ ശൈലി രൂപപ്പെടുത്തിയ ഡോ. സുനിലയുടെ ചിത്രങ്ങൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ബഹ്റൈൻ ആർട്സ് സൊസൈറ്റി, ഇന്ത്യൻ എംബസി ബഹ്റൈൻ, അൽ ഫറജ് ഗാലറി എന്നിവയുടെ പ്രദർശനങ്ങളിലും പ്രശസ്തമായ 'അർബൻ സ്കെച്ചേർസ് ഇന്റർനാഷണൽ മാഗസീനിലും’ ഇവരുടെ സൃഷ്ടികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബഹ്റൈൻ ശൂറാ കൗൺസിൽ അംഗം റെദാ ഫറാജിന്റെ സ്വകാര്യ ശേഖരത്തിൽ എം.എഫ് ഹുസൈൻ, രാജാ രവിവർമ തുടങ്ങിയ മഹാരഥന്മാരുടെ ചിത്രങ്ങൾക്കൊപ്പം ഡോ. സുനിലയുടെ മുപ്പത്തിയഞ്ചിലധികം സൃഷ്ടികളും ഉൾപ്പെടുന്നു. കഴിഞ്ഞ 20 വർഷമായി ആയുർവേദ ചികിത്സാരംഗത്ത് പ്രവർത്തിക്കുന്ന ഡോ. സുനില, ഭർത്താവ് ഡോ. അജ്‌മലിനൊപ്പം ഇന്ത്യയിലും ബഹ്റൈനിലും ആരോഗ്യസ്ഥാപനങ്ങൾ നടത്തിവരികയാണ്. 25 വരെ തുടരുന്ന പ്രദർശനം കാണാൻ നിരവധി കലാസ്നേഹികളാണ് ആർട്ട് ഗാലറിയിലേക്ക് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.