മംഗലാപുരം വെട്ടിമാറ്റൽ; പാലക്കാട് ഡിവിഷനെ തകർക്കാനുള്ള നീക്കം, ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കും: എം.കെ. രാഘവൻ എം.പി

കോഴിക്കോട്: പാലക്കാട് ഡിവിഷനിൽ നിന്ന് മംഗലാപുരം വെട്ടിമാറ്റിയ കേന്ദ്ര റെയിൽവേ ബോർഡിന്റെ നടപടി പാലക്കാട് ഡിവിഷനെ തകർക്കാനുള്ള ബോധപൂർവമായ നീക്കമാണെന്ന് കോഴിക്കോട് എം.പി. എം.കെ. രാഘവൻ. വരുമാനമുള്ള പ്രദേശങ്ങൾ ഒഴിവാക്കി പാലക്കാട് ഡിവിഷനെ തകർക്കാനും വടക്കൻ കേരളത്തിലെ യാത്രക്കാരുടെ വികസന സാധ്യതകൾ ഇല്ലാതാക്കാനുമുള്ള റെയിൽവേയുടെ ഈ നീക്കം മലബാറിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഈ നീക്കത്തിനെതിരെ ശക്തമായ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് ഡിവിഷന്റെ അവിഭാജ്യ ഘടകമായ മംഗലാപുരം മേഖലയെ പാലക്കാട് ഡിവിഷനിൽ നിന്ന് ഒഴിവാക്കി സൗത്ത് വെസ്റ്റേൺ റെയിൽവേയ്ക്ക് കീഴിൽ സ്ഥാപിച്ചുകൊണ്ടുള്ള ഉത്തരവാണ് ഇന്നലെ പുറത്തുവന്നത്. ഈ ഏകപക്ഷീയമായ തീരുമാനം മലബാറിന്റെ റെയിൽവേ വികസനത്തിന് കനത്ത പ്രഹരമാണ്. മംഗലാപുരം തുറമുഖത്തുനിന്നുള്ള ചരക്കുനീക്കത്തിന്റെയും, മംഗലാപുരം സെൻട്രൽ, മംഗലാപുരം ജങ്ഷൻ സ്റ്റേഷനുകളിൽ നിന്നുള്ള പ്രധാന വരുമാനത്തിന്റെയും നഷ്ടം പാലക്കാട് ഡിവിഷനെ സാമ്പത്തികമായി തകർക്കും. ഇത് ഭാവിയിൽ മലബാറിലേക്കുള്ള പുതിയ ട്രെയിൻ സർവീസുകൾക്കും മറ്റ് വികസന പദ്ധതികൾക്കും വലിയ തടസ്സമായി മാറും. നിലവിൽ മലബാറിലേക്കുള്ള പല ട്രെയിനുകളും മംഗലാപുരം കേന്ദ്രീകരിച്ചാണ് സർവീസ് നടത്തുന്നത് എന്നതിനാൽ, ഈ വേർപെടുത്തൽ നിലവിലുള്ള സർവീസുകൾ നീട്ടുന്നതിനും പുതിയവ ആരംഭിക്കുന്നതിനും വലിയ പ്രതിസന്ധി സൃഷ്ടിക്കും.

വടക്കൻ കേരളത്തിന്റെ റെയിൽവേ വികസന സ്വപ്നങ്ങളെ തകർക്കുന്ന ഇത് അത്യന്തം പ്രതിഷേധാർഹവും അംഗീകരിക്കാൻ കഴിയാത്തതുമാണ്. അന്യായമായ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോടും റെയിൽവേ ബോർഡ് ചെയർമാനോടും ആവശ്യപ്പെട്ട് അടിയന്തര സന്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വികസനകാര്യങ്ങളിൽ എന്നും തഴയപ്പെടുന്ന പാലക്കാടും, അതോടൊപ്പം തിരുവനന്തപുരവും ഉൾപ്പെടെയുള്ള ഡിവിഷനുകളെ ഉൾക്കൊള്ളിച്ചുകൊണ്ട് കേരളത്തിന് ഒരു പുതിയ സോൺ അനുവദിക്കണമെന്ന ആവശ്യം കേരളത്തിലെ ജനപ്രതിനിധികൾ നിരന്തരം റെയിൽവേയ്ക്ക് മുൻപാകെ ഉന്നയിക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു തീരുമാനം വന്നിരിക്കുന്നത്.

മംഗലാപുരം വെട്ടിമാറ്റാനുള്ള നീക്കം വർഷങ്ങൾക്കുമുമ്പേ ആരംഭിച്ചിരുന്നു. അതിശക്തമായ പ്രതിഷേധത്തെത്തുടർന്നാണ് ഈ നീക്കത്തിൽനിന്ന് പിറകോട്ട് പോയത്. എന്നാൽ ഇപ്പോൾ വളരെ രഹസ്യമായാണ് ഉത്തരവിറക്കിയത്. മുമ്പ് സേലം പാലക്കാടിന്റെ ഭാഗമായിരുന്നു. പിന്നീട് സേലം വെട്ടിമാറ്റുകയായിരുന്നു. പാലക്കാട് ഡിവിഷനെ തകർക്കാനുള്ള ഈ തീരുമാനത്തിൽ കേരളത്തിലെ ബി.ജെ.പി. നേതൃത്വം ജനങ്ങളോട് മറുപടി പറഞ്ഞേതീരൂ എന്നും എം.പി. പറഞ്ഞു.

Tags:    
News Summary - Cutting off Mangalore is a Move to break Palakkad division says MK Raghavan MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.