തിരുവനന്തപുരം: മുഖ്യമന്ത്രി പദവി ലഭിക്കാത്തതിൽ ഇടഞ്ഞുനിൽക്കുന്ന രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. ഉച്ചക്കാണ് ചെന്നിത്തലയുടെ വീട്ടിൽ സതീശൻ എത്തിയത്. ഇരുനേതാക്കളും അരമണിക്കൂറിലധികം ചർച്ച നടത്തി. പിന്നീട് ഒരുമിച്ച് മാധ്യമങ്ങളെ കണ്ടു. ചെന്നിത്തല ജ്യേഷ്ഠതുല്യനാണെന്നും എല്ലാ പിന്തുണയും അദ്ദേഹത്തിന്റെ ഭാഗത്തുണ്ടാവുമെന്ന് ഉറപ്പുണ്ടെന്നും സതീശൻ പറഞ്ഞു. അതേസമയം സമവായ ചർച്ചക്കാണ് താൻ വന്നതെന്ന വാദം സതീശൻ നിഷേധിച്ചു. താൻ എപ്പോഴും വരുന്ന വീടാണിതെന്നും ചെന്നിത്തല എന്റെ നേതാവാണ് എന്നുമായിരുന്നു പ്രതികരണം. ചെന്നിത്തല മന്ത്രിസ്ഥാനത്തേക്ക് വരുമോ എന്നത് പാർട്ടി തീരുമാനിക്കും. അദ്ദേഹത്തോട് തന്നെ ചർച്ച ചെയ്ത് പാർട്ടി അക്കാര്യം തീരുമാനിക്കുമെന്നും സതീശൻ പറഞ്ഞു.
ഹൈക്കമാൻഡ് തീരുമാനത്തെ സർവാത്മാ സ്വാഗതം ചെയ്യുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ 10 വർഷത്തെ എൽ.ഡി.എഫ് ദുർഭരണത്തിൽ നിന്ന് മോചിപ്പിക്കാനുള്ള ദൗത്യം സതീശനെയാണ് ഹൈക്കമാൻഡ് ഏൽപ്പിച്ചത്. ഞങ്ങൾ എല്ലാവരും ചേർന്ന് അത് നിറവേറ്റും. മന്ത്രിസഭയിൽ ചേരുന്നത് സംബന്ധിച്ച് പാർട്ടി തീരുമാനിക്കുമെന്നും ഒരു ഉപാധികളും ഇല്ലെന്നും ചെന്നിത്തല പറഞ്ഞു.
നേരത്തെ 10 മണിക്ക് ചെന്നിത്തലയെ കാണുമെന്നാണ് സതീശൻ അറിയിച്ചിരുന്നത്. എന്നാൽ ചെന്നിത്തല വീട്ടിൽ നിന്നു പുറത്തുപോയതിനാൽ അത് നീണ്ടു പോവുകയായിരുന്നു.പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ചതിന് പിന്നാലെയാണ് സതീശൻ ചെന്നിത്തലയുടെ വീട്ടിലെത്തിയത്.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ചെന്നിത്തല അതൃപ്തി പ്രകടമാക്കിയിരുന്നു. സീനിയോറിറ്റി പരിഗണിച്ചില്ലെന്നായിരുന്നു ആദ്യം പറഞ്ഞത്. ആഭ്യന്തര വകുപ്പ് വേണമെന്നും ജോസഫ് വാഴയ്ക്കനെ കെപിസിസി പ്രസിഡന്റ് ആക്കണമെന്നുമാണ് ചെന്നിത്തലയുടെ ആവശ്യം. അല്ലെങ്കിൽ മന്ത്രിസഭയിലേക്ക് ഇല്ലെന്നുമാണ് ചെന്നിത്തലയുടെ നിലപാട്. മന്ത്രിസഭയിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് അതൊക്കെ മുഖ്യമന്ത്രി തീരുമാനിക്കുമെന്നായിരുന്നു മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.