തിരുവനന്തപുരം: മ്യൂസിയം വളപ്പിൽ പ്രഭാതസവാരിക്കെത്തിയ വനിത ഡോക്ടർക്കുനേരെ ലൈംഗികാതിക്രമം നടത്തിയതും മന്ത്രി റോഷി അഗസ്റ്റിന്‍റെ പേഴ്സനൽ സ്റ്റാഫ് ഡ്രൈവർ സന്തോഷ് (40) ആണെന്ന് സ്ഥിരീകരണം. പരാതിക്കാരി പ്രതിയെ തിരിച്ചറിഞ്ഞു. സംഭവദിവസം കുറവൻകോണത്തെ വീട്ടിൽ അതിക്രമം നടത്തിയത് ഇയാളാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇറിഗേഷൻ വകുപ്പിൽ താൽക്കാലിക ഡ്രൈവറായ മലയിൻകീഴ് സ്വദേശി സന്തോഷ് നിലവിൽ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ്. അറസ്റ്റിലായതിന് പിന്നാലെ ഇയാളെ പുറത്താക്കാൻ മന്ത്രി നിർദേശം നൽകി.
കുറവൻകോണത്ത് പ്രതി വീട്ടില്‍ കയറിയതിന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് മ്യൂസിയം പരിസരത്ത് വനിത ഡോക്ടർക്ക് നേരെ ആക്രമണം നടന്നത്. ഇതോടെയാണ് രണ്ട് സംഭവങ്ങളിലെയും പ്രതി ഒരാള്‍ തന്നെയാണോയെന്ന സംശയം ഉയര്‍ന്നത്.
ജല അതോറിറ്റിയുടെ ഇന്നോവ കാറിലാണ് സന്തോഷ് സംഭവ ദിവസം സഞ്ചരിച്ചത്. കുറവൻകോണത്തെ വീട്ടിൽ അതിക്രമം നടത്തിയത് ഈ കാറിലെത്തിയാണ്. വനിതാ ഡോക്ടർക്കെതിരെ അതിക്രമം നടത്തിയ സമയത്തും ഈ കാർ മ്യൂസിയം പരിധിയിലെ സി.സി.ടി.വിയിലുണ്ടെന്ന് പൊലീസ് കണ്ടെത്തി. തന്നെ ആക്രമിച്ചയാളും കാറിൽ കയറിയാണ് രക്ഷപ്പെട്ടതെന്ന് ഡോക്ടർ വ്യക്തമാക്കിയിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങളും സന്തോഷിന്റെ ഫോണ്‍ രേഖകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇരുവരും ഒരാള്‍ തന്നെയാണെന്ന കാര്യം വ്യക്തമായത്. ഇയാള്‍ കാര്‍ മ്യൂസിയം വളപ്പില്‍ കൊണ്ടിടുന്നതും ആക്രമണശേഷം വാഹനമെടുത്ത് പോവുന്നതുമായ സി.സി.ടി.വി ദൃശ്യങ്ങളാണ് ഇക്കാര്യത്തില്‍ നിര്‍ണായകമായത്.
കുറവന്‍കോണത്തെ വീട്ടിലെ അതിക്രമ ശേഷം ടെന്നീസ് ക്ലബ്ബിന് പരിസരത്തേക്കെത്തുന്ന സന്തോഷ് തുടര്‍ന്ന് മ്യൂസിയം പരിസരത്തേക്കെത്തുകയും കോര്‍പറേഷന്‍ ഓഫിസിനു മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം വനിത ഡോക്ടർക്ക് നേരെ ആക്രമണം നടത്തുകയുമായിരുന്നു. തുടര്‍ന്ന് ഓടി പുറത്തുകടന്ന ശേഷം വീണ്ടും കാറെടുത്ത് ടെന്നീസ് ക്ലബ്ബിന്റെ ഭാഗത്തേക്കു പോവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.