തൃശൂർ: മൂന്നുനാൾ കഴിഞ്ഞാൽ വരാനിരിക്കുന്ന തൃശുർ പൂരത്തിന്റെ ഒരുക്കത്തിലായിരുന്നു മുണ്ടത്തിക്കോട്ടുകാർ. ഇതിനുള്ള തയ്യാറെടുപ്പിലായിരുന്നു പടക്ക നിർമാണ തൊഴിലാളികൾ. എന്നാൽ വൈകീട്ട് മൂന്നരയോടെ എല്ലാം തകിടം മറിഞ്ഞു. കാതടിപ്പിക്കുന്ന തരത്തിലുള്ള സ്ഫോടന ശബ്ദം കേട്ട് പലർക്കും ആദ്യം എന്താണെന്നുപോലും മനസിലാക്കാനായില്ല. ചിലർ ഭൂകമ്പമാണെന്നായിരുന്നു വിചാരിച്ചിരുന്നത്.
അഞ്ച് കിലോമീറ്റർ ദൂരത്തേക്കുവരെ സ്ഫോടനത്തിന്റെ പ്രകമ്പനം ഉണ്ടായതായി നാട്ടുകാർ പറഞ്ഞു. വിവരമറിഞ്ഞ് മറ്റും എത്തിയവർ കത്തിയെരിയുന്ന വെടിപ്പുരകളെയാണ് ആദ്യം കണ്ടത്. പ്രദേശത്താകെ പുക പടലവും നിറഞ്ഞിരുന്നു. ശരീര ഭാഗങ്ങൾ ചിന്നി ചിതറിയ നിലയിലായിരുന്നു. പുക ഉയരുന്നതുകണ്ട് തൊഴിലാളികളിൽ പലരും വെടിപ്പുരയിൽനിന്ന് ഇറങ്ങിയോടിയിരുന്നു.
തങ്ങളുടെ കൂടെയുള്ളവരെ സഹായിക്കാനും ആശുപത്രിയിലേക്ക് കൊണ്ടുപേകാനും ഇവർ പതിയെ മുൻപന്തിയിലേക്ക് നിങ്ങി. എന്നാൽ, ഇടക്കിടെയുണ്ടായ തുടർ സ്ഫോടനങ്ങൾ രക്ഷാപ്രവർത്തനങ്ങൾക്ക് ആദ്യ ഘട്ടത്തിൽ വിഘാതമായി. ഇതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്.നാടിനെ നടുക്കിയ വൻ സ്ഫോടനത്തിൽ 13പേരുടെ ജീവനാണ് പൊലിഞ്ഞതെന്നാണ് പ്രാഥമിക വിവരം. ഇതിൽ ഒമ്പതുപേരുടെ മൃതദേഹങ്ങൾ മാത്രമാണ് ലഭിച്ചിരിക്കുന്നത്.
മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് നിർമാണ കേന്ദ്രത്തിലാണ് സ്ഫോടനമുണ്ടായത്. തൃശൂർ പൂരത്തിലെ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ നിർമിച്ചിരുന്ന പുരയിലായിരുന്നു അപകടം. 40 പേരാണ് വെടിപ്പുരകളിൽ ഉണ്ടായിരുന്നത്. 23 പേരെ തൃശ്ശൂർ മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റു ചിലരെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ആശുപത്രികളിൽ എത്തിച്ച പലരുടെയും ശരീര ഭാഗങ്ങൾ അറ്റ നിലയിലാണ്. സമീപത്തെ വീടുകൾക്കും കാര്യമായ നാശനഷ്ടം നേരിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.