കൽപറ്റ: കഴിഞ്ഞ മാർച്ച് ഒന്നിനായിരുന്നു മുണ്ടക്കൈ ഉരുൾ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള കൽപറ്റയിലെ ടൗൺഷിപ്പിന്റെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം. നാട്ടിലെങ്ങും നിറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള ബോർഡുകളിൽ 178 വീടുകളുടെ കൈമാറ്റം എന്നാണ് അവകാശപ്പെട്ടിരുന്നത്. എന്നാൽ, പണി പൂർത്തിയായ മൂന്ന് വീടുകളിൽ വിള്ളലും വെള്ളത്തിന്റെ കിനിവും വന്നതോടെ സർക്കാറും മന്ത്രിയും പാർട്ടിയുമൊക്കെ മലക്കംമറിഞ്ഞു. ഇപ്പോൾ പറയുന്നു അന്ന് നടന്നത് പട്ടയ കൈമാറ്റം മാത്രമായിരുന്നുവെന്ന്.
ഉദ്ഘാടനത്തോടനുബന്ധിച്ച സർക്കാറിന്റെ എല്ലാ അറിയിപ്പുകളിലും വീടുകൾ ഗുണഭോക്താക്കൾക്ക് നൽകുന്നുവെന്നാണുണ്ടായിരുന്നത്. ഉദ്ഘാടനം നടന്ന മാർച്ച് ഒന്നിന് സർക്കാർ ഇറക്കിയ വാർത്തക്കുറിപ്പിലും മുഖ്യമന്ത്രിയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലും സി.പി.എം വയനാട് ജില്ല സെക്രട്ടറി കെ. റഫീഖിന്റെ ഫേസ്ബുക്ക് പോസ്റ്റിലും വീടുകൾ കൈമാറിയെന്നാണ് അറിയിച്ചത്. വീടുകൾ കൈമാറിയെന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വ്യാപകമായി ഉപയോഗിക്കുകയും ചെയ്തു. ജനങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ 773.98 കോടിയിൽ നിന്നുള്ള പണം മാത്രം ചെലവിട്ട് നിർമിക്കുന്ന ടൗൺഷിപ് പദ്ധതി പാർട്ടി പദ്ധതി എന്ന നിലക്കായിരുന്നു പ്രചാരണം. എന്നാൽ, മുഖ്യമന്ത്രി അന്ന് ഉദ്ഘാടനം ചെയ്തവയിലെ എ 8, 7, 87 എന്നീ വീടുകളിലാണ് കഴിഞ്ഞ ദിവസം വിള്ളൽ ഉണ്ടായത്.
ഇതോടെയാണ് വീടുകൾ കൈമാറിയിട്ടില്ലെന്നും പട്ടയമാണ് നൽകിയതെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു മാത്രമേ വീടുകൾ കൈമാറൂവെന്നും നിലപാടു മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.